World

യുഎസ്സിലെ മുസ്‌ലിം കുടിയേറ്റ നിയന്ത്രണം അവസാനിപ്പിക്കും; പാരിസ് ഉടമ്പടിയില്‍നിന്നുള്ള പിന്‍മാറ്റം റദ്ദാക്കും: ബൈഡന്‍ ആദ്യദിനം ഒപ്പിടുന്ന ഉത്തരവുകള്‍ ഇങ്ങനെ

കൊവിഡ് മഹാമാരിയില്‍ സാമ്പത്തികമായി തകര്‍ന്ന രാജ്യത്തെ കരകയറ്റുന്നതിനായി ജോ ബൈഡന്‍ പുതിയ സാമ്പത്തിക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകളും ബിസിനസ് മേഖലകളും വീണ്ടും തുറക്കുന്നതിനും പരിശോധന വിപുലീകരിക്കുന്നതിനും പൊതുജനങ്ങള്‍ക്കുള്ള ആരോഗ്യമാനദണ്ഡങ്ങള്‍, കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനുള്ള നടപടികള്‍ എന്നിവ സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവയ്ക്കും.

യുഎസ്സിലെ മുസ്‌ലിം കുടിയേറ്റ നിയന്ത്രണം അവസാനിപ്പിക്കും; പാരിസ് ഉടമ്പടിയില്‍നിന്നുള്ള പിന്‍മാറ്റം റദ്ദാക്കും: ബൈഡന്‍ ആദ്യദിനം ഒപ്പിടുന്ന ഉത്തരവുകള്‍ ഇങ്ങനെ
X

വാഷിങ്ടണ്‍: ബുധനാഴ്ച അമേരിക്കയുടെ പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ദിവസംതന്നെ ട്രംപ് ഭരണകൂടം രാജ്യത്ത് നടപ്പാക്കിയ വിവാദ ഉത്തരവുകള്‍ പിന്‍വലിക്കാനൊരുങ്ങി ജോ ബൈഡന്‍. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോണ്‍ ക്ലെയിന്‍ ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ചില ഭൂരിപക്ഷ മുസ്‌ലിം രാഷ്ട്രങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അവസാനിപ്പിക്കുമെന്നതാണ് പ്രധാന തീരുമനം. ഇറാന്‍, ഇറാഖ്, സൊമാലിയ, സുദാന്‍, ലിബിയ, യമന്‍ തുടങ്ങിയ ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്കാണ് അമേരിക്കയില്‍ ട്രംപ് ഭരണകൂടം താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്.

ട്രംപിന്റെ നടപടി കോടതി തടഞ്ഞെങ്കിലും വിലക്ക് പൂര്‍ണമായും പിന്‍വലിച്ചിരുന്നില്ല. ഇതുസംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ബൈഡന്‍ ബുധനാഴ്ച ഒപ്പുവയ്ക്കുമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരിക്കുന്നത്. ബൈഡന്‍ ഭരണകൂടം നടപ്പാക്കാന്‍ പോവുന്ന 10 ദിവസത്തെ കര്‍മപദ്ധതി സംബന്ധിച്ച് ചീഫ് ഓഫ് സ്റ്റാഫ് ജീവനക്കാര്‍ക്ക് പ്രത്യേക മെമ്മോ നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള പാരിസ് ഉടമ്പടിയുടെ ഭാഗമാവുന്നതിനുള്ള നടപടികള്‍ തുടങ്ങുമെന്നതാണ് മറ്റൊരു തീരുമാനം. നേരത്തെ ട്രംപ് ഭരണകൂടം പാരിസ് ഉടമ്പടിയില്‍നിന്ന് പിന്‍മാറിയിരുന്നു. ഈ നടപടി റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍തന്നെ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.

ട്രംപ് ഭരണകൂടം പാരിസ് കാലാവസ്ഥ കരാറില്‍നിന്നും ഔദ്യോഗികമായി പിന്‍മാറിയതിന്റെ 77ാം ദിവസമായിരുന്നു ബൈഡന്റെ പ്രഖ്യാപനം. 2017 ജൂണിലാണ് പാരീസ് കരാറില്‍ നിന്ന് യുഎസ് പ്രസിഡന്റായിരുന്ന ട്രംപ് പിന്‍മാറുമെന്ന് പ്രഖ്യാപിച്ചത്. 2020ലാണ് കരാര്‍ പ്രാബല്യത്തില്‍ വന്നത്. കരാര്‍ രാജ്യത്തെ ദോഷകരമായി ബാധിച്ചുവെന്നും ഇന്ത്യയെയും ചൈനയെയും അനുകൂലിക്കുന്നതാണെന്നുമായിരുന്നു വാദം. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ആഗോളശ്രമങ്ങളുടെ പരിണിത ഫലമാണ് പാരിസ് ഉടമ്പടി. 2050 ഓടെ ആഗോള താപനവര്‍ധന തോത് രണ്ട് ഡിഗ്രി സെല്‍ഷ്യസിലും താഴെയാക്കാനുള്ള തീരുമാനമാണ് കരാറിലെ മുഖ്യസവിശേഷത. ഇതിനായി 2020 മുതല്‍ 10,000 കോടി രൂപയാണ് സമ്പന്നരാജ്യങ്ങള്‍ വികസ്വരരാജ്യങ്ങള്‍ക്ക് നല്‍കുമെന്നാണ് ഉടമ്പടിയിലുള്ളത്.

2025ഓടെ ഈ തുക വര്‍ധിപ്പിക്കുമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്. കൊവിഡ് മഹാമാരിയില്‍ സാമ്പത്തികമായി തകര്‍ന്ന രാജ്യത്തെ കരകയറ്റുന്നതിനായി ജോ ബൈഡന്‍ പുതിയ സാമ്പത്തിക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകളും ബിസിനസ് മേഖലകളും വീണ്ടും തുറക്കുന്നതിനും പരിശോധന വിപുലീകരിക്കുന്നതിനും പൊതുജനങ്ങള്‍ക്കുള്ള ആരോഗ്യമാനദണ്ഡങ്ങള്‍, കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനുള്ള നടപടികള്‍ എന്നിവ സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവയ്ക്കും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 100 മാസ്‌കിങ് ചലഞ്ച് പദ്ധഝതി നടപ്പാക്കും. അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കും.

കൊവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള ചെലവുകളിലേക്കും മറ്റു പ്രവര്‍ത്തനങ്ങളിലേക്കും തുക മാറ്റിവച്ചിട്ടുണ്ട്. കൊവിഡ് ബാധിക്കുകയും ജീവിതം തകരുകയും ചെയ്തവര്‍ക്കും പ്രതിസന്ധിയിലായ വ്യവസായങ്ങള്‍ക്കും സഹായ പാക്കേജില്‍ തുക വകയിരുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ആരോഗ്യമേഖല വളരെ പരിതാപകരമാണെന്ന് റോണ്‍ ക്ലെയ്ന്‍ ചൂണ്ടികാട്ടി. അതില്‍ മാറ്റം വരുത്താന്‍ ഇടപെടലുണ്ടാവും. വിദ്യാഭ്യാസ വായ്പകളുടെ തിരിച്ചടവ് കാലാവധി നീട്ടിക്കൊടുക്കും. സാമ്പത്തിക ദുരിതം അനുഭവിക്കുന്നവരെ കുടിയൊഴിപ്പിക്കല്‍ നടപടികളില്‍നിന്ന് സംരക്ഷിക്കും. പാര്‍ശ്വവല്‍കൃത സമുദായങ്ങള്‍ക്ക് സഹായകരമായ നടപടികള്‍ സ്വീകരിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it