World

യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി പുറത്തെത്തിക്കാന്‍ ശ്രമം

യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി പുറത്തെത്തിക്കാന്‍ ശ്രമം
X

മോസ്‌കോ: യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യവുമായി സഹകരിക്കാന്‍ റഷ്യ സന്നദ്ധത അറിയിച്ചു. ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ ഡെനീസ് അലിപോവ് ആണ് രക്ഷാദൗത്യത്തില്‍ പങ്കാളിയാവുന്നതിനെക്കുറിച്ച് അറിയിച്ചത്. യുക്രെയ്‌ന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ സഹായിക്കണമെന്ന് ഇന്ത്യ റഷ്യയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനോട് റഷ്യ ഇതുവരെ പ്രതികരിച്ചിരുന്നില്ല. 'ഖാര്‍കീവിലും കിഴക്കന്‍ യുക്രെയ്‌നിലെ മറ്റു പ്രദേശങ്ങളിലും കുടുങ്ങിയ ഇന്ത്യക്കാരെ പുറത്തെത്തിക്കാന്‍ ഞങ്ങള്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവരികയാണ്.

റഷ്യയിലെ റുസൈന്‍ പ്രദേശം വഴി അവിടെ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും അടിയന്തരമായി ഒഴിപ്പിക്കാനുള്ള ഇന്ത്യ ഞങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഞങ്ങള്‍ ഇന്ത്യയുമായി തന്ത്രപരമായ സഖ്യകക്ഷികളാണ്. യുക്രെയ്ന്‍ വിഷയം ഐക്യരാഷ്ട്രസഭയിലെത്തിയപ്പോള്‍ ഇന്ത്യയെടുത്ത നിലപാടിന് ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഇന്ത്യയിലേക്കുള്ള എസ്- 400 പ്രതിരോധസംവിധാനത്തിന്റെ വിതരണത്തെ നിലവിലെ സാഹചര്യം ബാധിക്കില്ല. ഈ ഇടപാട് തടസ്സമില്ലാതെ തുടരാന്‍ വഴികളുണ്ട്- റഷ്യന്‍ അംബാസഡര്‍ വ്യക്തമാക്കി.

റഷ്യന്‍ അംബാസിഡര്‍ അനുകൂലമായി പ്രതികരിച്ചെങ്കിലും എപ്പോള്‍ മുതല്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്ന് വ്യക്തമല്ല. മാനുഷിക പരിഗണന നല്‍കി യുക്രെയ്‌നില്‍ കുടുങ്ങിയവര്‍ക്ക് തിരികെ വരാന്‍ സുരക്ഷിത പാതയൊരുക്കാമെന്നാണ് റഷ്യ പറയുന്നത്. ഖര്‍ഖീവ്, സുമി നഗരങ്ങളിലായി കുടുങ്ങിക്കിടക്കുന്ന നാലായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളെ റഷ്യ വഴി പുറത്തെത്തിക്കാനുള്ള ആലോചനയാണ് നിലവിലുള്ളത്. ഇതിനു സാധിച്ചാല്‍ യുക്രെയ്ന്‍ രക്ഷാദൗത്യത്തിലെ നിര്‍ണായക പ്രതിസന്ധി ഒഴിയുകയും ചെയ്യും.

റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ പേരെ ഇന്ന് രാജ്യത്തെത്തിക്കുമെന്ന് കേന്ദ്രം വിശദീകരിക്കുന്നത്. യുക്രെയ്‌ന്റെ സമീപ്രദേശത്തുള്ള രാജ്യങ്ങളില്‍ കൂടി ആയിരത്തിലധികംപേരെ ഇന്ന് ഡല്‍ഹിയിലെത്തിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. മൂന്ന് വിമാനങ്ങളാണ് ബുധനാഴ്ച രാജ്യത്തെത്തിയത്. ഓപറേഷന്‍ ഗംഗയുടെ ഭാഗമായി പോളണ്ടില്‍ നിന്നുള്ള ആദ്യ വിമാനം രാവിലെ ഡല്‍ഹിയിലെത്തിയിരുന്നു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് യാത്രക്കാരെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്.

ഹംഗറി, ബുഡാപെസ്റ്റ് എന്നിവിടങ്ങളില്‍നിന്നുള്ള രണ്ടു വിമാനങ്ങളും ഇതിനോടകം ഡല്‍ഹിലെത്തിയിട്ടുണ്ട്. റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നുള്ള വിമാനവും ഉച്ചക്ക് മുമ്പ് ഡല്‍ഹിയില്‍ എത്തിച്ചേരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വ്യോമസേനയുടെ ആദ്യ വിമാനം രാത്രി 11 മണിക്ക് ഹിന്ദന്‍ വ്യോമതാവളത്തിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 4 മണിക്കാണ് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം ബുക്കാറസ്റ്റിലേക്ക് പോയത്. 250ലേറെ വരുന്ന ഇന്ത്യക്കാരുമായി വിമാനം തിരിച്ചെത്തും. ഇന്നും നാളെയും മറ്റന്നാളുമായി 26 സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

Next Story

RELATED STORIES

Share it