World

മൂന്നരമാസം വരെ പ്രായമുള്ള ഭ്രൂണം നശിപ്പിക്കാം; ഗര്‍ഭഛിദ്രം നിയമവിധേയമാക്കി അര്‍ജന്റീന

14 ആഴ്ച വരെ പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കുന്നതിന് നിയമപരമായ അനുമതി നല്‍കുന്ന ബില്ലാണ് അര്‍ജന്റീന കോണ്‍ഗ്രസ് പാസാക്കിയത്. ബില്ലിന്‍മേല്‍ സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 38 പേര്‍ അനുകൂലമായി വോട്ടുചെയ്തപ്പോള്‍ 29 സെനറ്റര്‍മാര്‍ ശക്തമായി എതിര്‍ത്തു.

മൂന്നരമാസം വരെ പ്രായമുള്ള ഭ്രൂണം നശിപ്പിക്കാം; ഗര്‍ഭഛിദ്രം നിയമവിധേയമാക്കി അര്‍ജന്റീന
X

ബുവാനോസ് ആരീസ്: മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കി ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീന. 14 ആഴ്ച വരെ പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കുന്നതിന് നിയമപരമായ അനുമതി നല്‍കുന്ന ബില്ലാണ് അര്‍ജന്റീന കോണ്‍ഗ്രസ് പാസാക്കിയത്. ബില്ലിന്‍മേല്‍ സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 38 പേര്‍ അനുകൂലമായി വോട്ടുചെയ്തപ്പോള്‍ 29 സെനറ്റര്‍മാര്‍ ശക്തമായി എതിര്‍ത്തു. ഒരാള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ബില്ലിനെ അനുകൂലിച്ചും എതിര്‍ത്തും കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ പുറത്ത് വലിയതോതില്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു.

നേരത്തെ ബലാല്‍സംഗം മൂലമുള്ള ഗര്‍ഭധാരണവും അമ്മയുടെ ജീവന് ഭീഷണയുണ്ടെങ്കിലും മാത്രമേ ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതിയുണ്ടായിരുന്നുള്ളൂ. ഈ മാസം ആദ്യം ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. ലാറ്റിനമേരിക്കയില്‍ വളരെയധികം സ്വാധീനമുള്ള കത്തോലിക്കാ സഭ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തിരുന്നു. പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് പിന്തുണയ്ക്കുന്ന ബില്‍ നിരസിക്കാന്‍ സെനറ്റര്‍മാരോട് സഭ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അര്‍ജന്റീനയില്‍ നിയമം പാസാക്കുന്നത് മറ്റ് രാജ്യങ്ങളെയും ഇത് പിന്തുടരാന്‍ പ്രേരിപ്പിക്കുമെന്ന് ബില്ലിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്ന ബില്‍ 2018 ല്‍ കൊണ്ടുവന്നെങ്കിലും സെനറ്റ് തള്ളുകയായിരുന്നു. അതേസമയം, ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. സുരക്ഷിതവും സൗജന്യവുമായി ഗര്‍ഭഛിദ്രം അനുവദിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. അര്‍ജന്റീനയില്‍ ഓരോ വര്‍ഷവും നിയമവിരുദ്ധമായി മൂന്നരലക്ഷത്തിലധികം ഗര്‍ഭഛിദ്രം നടക്കുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. കഴിഞ്ഞ മാര്‍ച്ചില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്ന ബില്‍ പാസാക്കുമെന്ന് പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, ഇതിന് പിന്നാലെ കൊവിഡ് വ്യാപിച്ചതോടെ രാജ്യത്ത് ലോക്ക് ഡൗണും പ്രഖ്യാപിച്ചു. ഇതോടെ ബില്ലില്‍ തുടര്‍നടപടികളുണ്ടായില്ല. ഇതെത്തുടര്‍ന്നാണ് അടിയന്തരനടപടി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. ഞാന്‍ കത്തോലിക്കനാണ്, പക്ഷേ എല്ലാവര്‍ക്കുമായി ഞാന്‍ നിയമനിര്‍മാണം നടത്തുമെന്നായിരുന്നു ബില്ലിനെ അനുകൂലിച്ചുകൊണ്ട് പ്രസിഡന്റ് ഫെര്‍ണാണ്ടസിന്റെ പ്രതികരണം. ബില്‍ വീണ്ടും അവതരിപ്പിക്കുന്നത് തന്റെ പ്രചാരണ വാഗ്ദാനങ്ങളിലൊന്നാണ്. ഞങ്ങള്‍ ഇന്ന് ഒരു മികച്ച സമൂഹമാണ്. ഞങ്ങള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ വിപുലമാക്കുകയും പൊതുജനാരോഗ്യത്തിന് ഉറപ്പുനല്‍കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it