World

കൊവിഡ് പടര്‍ത്തി; യുവാവിന് അഞ്ച് വര്‍ഷം തടവും 880 ഡോളര്‍ പിഴയും

രോഗം പരത്തിയ എട്ടുപേരില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നതായി വാര്‍ത്താമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ജൂലൈ ആദ്യം രാജ്യത്തെ ഏറ്റവും വലിയ ഹോ ചിമിന്‍ നഗരത്തില്‍നിന്ന് വിയറ്റ്‌നാമിന്റെ തെക്ക് ഭാഗത്തുള്ള സ്വന്തം നാടായ കാ മൗ പ്രവിശ്യയിലേക്ക് ട്രി ബൈക്കില്‍ യാത്ര ചെയ്തിരുന്നു.

കൊവിഡ് പടര്‍ത്തി; യുവാവിന് അഞ്ച് വര്‍ഷം തടവും 880 ഡോളര്‍ പിഴയും
X

ഹനോയി: വിയറ്റ്‌നാമില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുകയും വൈറസ് പരത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിന് അഞ്ച് വര്‍ഷം തടവും 880 ഡോളര്‍ പിഴയും ശിക്ഷ വിധിച്ചു. എട്ട് പേരിലേക്ക് പകടകരമായ കൊവിഡ്' പരത്തിയ ലെ വാന്‍ട്രിയെയാണ് (28) ശിക്ഷിച്ചത്. രോഗം പരത്തിയ എട്ടുപേരില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നതായി വാര്‍ത്താമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ജൂലൈ ആദ്യം രാജ്യത്തെ ഏറ്റവും വലിയ ഹോ ചിമിന്‍ നഗരത്തില്‍നിന്ന് വിയറ്റ്‌നാമിന്റെ തെക്ക് ഭാഗത്തുള്ള സ്വന്തം നാടായ കാ മൗ പ്രവിശ്യയിലേക്ക് ട്രി ബൈക്കില്‍ യാത്ര ചെയ്തിരുന്നു.

കാ മൗ ലെത്തിയ ട്രി തന്റെ യാത്രാ വിവരങ്ങള്‍ ചെക്ക്‌പോസ്റ്റുകളിലെ ആരോഗ്യപ്രവര്‍ത്തകരില്‍നിന്ന് മറച്ചുവയ്ക്കുകയും ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിക്കുകയും ചെയ്തു. മറ്റൊരു പ്രദേശത്തില്‍നിന്നെത്തുന്നവര്‍ക്ക് അടിയന്തരമായി 21 ദിവസം ക്വാറന്റൈന്‍ കാ മൗ ആരോഗ്യവിഭാഗം നിര്‍ബന്ധമാക്കിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുശേഷം ട്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പിന്നാലെ കുടുംബാംഗങ്ങള്‍ക്കും അദ്ദേഹം സന്ദര്‍ശിച്ച വെല്‍ഫെയര്‍ സെന്ററിലെ ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ചു.

സംഭവത്തില്‍ ട്രിയ്‌ക്കെതിരേ കേസെടുത്തു. പീപ്പിള്‍സ് കോര്‍ട്ട് ഓഫ് കാ മൗയിലെ ഒരുദിവസത്തെ വിചാരണയ്ക്കുശേഷമാണ് അദ്ദേഹത്തിന് അഞ്ച് വര്‍ഷം തടവും 880 ഡോളര്‍ പിഴ ശിക്ഷയും നല്‍കിയത്. വിയറ്റ്‌നാമില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ കൊവിഡ് കേസുകള്‍ കുറവായിരുന്നു. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടര്‍ന്ന് കേസുകള്‍ വീണ്ടും റിപോര്‍ട്ട് ചെയ്യപ്പെട്ടു. ചൊവ്വാഴ്ച വരെ പ്രതിദിനം ശരാശരി 12,471 പുതിയ കേസുകളുണ്ടായിരുന്നു. കൂടാതെ ജനസംഖ്യയുടെ മൂന്നുശതമാനത്തില്‍ താഴെ മാത്രമേ പൂര്‍ണമായി പ്രതിരോധ കുത്തിവയ്പ്പ് നടത്തിയിട്ടുള്ളൂ.

Next Story

RELATED STORIES

Share it