World

യുഎസില്‍ വെടിവയ്പ്പ്: മൂന്നുപേര്‍ കൊല്ലപ്പെട്ടു; അക്രമിയെ പോലിസ് വധിച്ചു

യുഎസില്‍ വെടിവയ്പ്പ്: മൂന്നുപേര്‍ കൊല്ലപ്പെട്ടു; അക്രമിയെ പോലിസ് വധിച്ചു
X

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോ നഗരത്തില്‍ വിവിധയിടങ്ങളില്‍ നടന്ന വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 32കാരനായ ജേസണ്‍ നൈറ്റിംഗേലാണ് ഒരുമണിക്കൂര്‍ നീണ്ടുനിന്ന ആക്രമണം നടത്തിയതെന്നാണ് റിപോര്‍ട്ടുകള്‍. ശനിയാഴ്ച ഉച്ചയ്ക്ക് 1.50 ഓടെയാണ് ആക്രമണം ആരംഭിച്ചത്. അക്രമയെ പോലിസ് വെടിവച്ചുകൊന്നു. അക്രമത്തിനു പിന്നിലുള്ള ഉദ്ദേശമെന്താണെന്ന് പോലിസ് അന്വേഷിച്ചുവരികയാണ്. 30കാരനായ ഷിക്കാഗോ സര്‍വകലാശാല വിദ്യാര്‍ഥിയെയാണ് ആദ്യം കൊലപ്പെടുത്തിയത്.

ഷിക്കാഗോയിലെ സൗത്ത് ഈസ്റ്റ് എന്‍ഡ് അവന്യൂവിലെ ഒരു പാര്‍ക്കിങ് സ്ഥലത്ത് കാറിനുള്ളില്‍ വിശ്രമിക്കുകയായിരുന്നു വിദ്യാര്‍ഥി. സംഭവസ്ഥലത്തുതന്നെ മരണം സ്ഥിരീകരിച്ചതായി ഷിക്കാഗോ പോലിസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ അതേ തെരുവിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ പ്രവേശിച്ച അക്രമി വനിതാ സെക്യൂരിറ്റി ഗാര്‍ഡിനെയും 20 വയസുകാരനെയും കൊലപ്പെടുത്തി. 77 കാരിയായ വയോധികയ്ക്കും വെടിയേറ്റിട്ടുണ്ട്.

ഷിക്കാഗോ യൂനിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ ചികില്‍സയിലുള്ള ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. ഉച്ചകഴിഞ്ഞ് 2:45 ഓടെ സൗത്ത് ഈസ്റ്റ് എന്‍ഡ് അവന്യൂവിലെ മറ്റൊരു കെട്ടിടത്തില്‍ കടന്നാണ് അക്രമി വീണ്ടും വെടിവയ്പ്പ് നടത്തിയത്. വെടിയുതിര്‍ത്തശേഷം കാറിന്റെ താക്കോല്‍ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. ഉച്ചകഴിഞ്ഞ് 3:45 ഓടെ സൗത്ത് ഹാള്‍സ്‌റ്റെഡ് സ്ട്രീറ്റിലെ ഒരു കടയില്‍ പ്രവേശിക്കുകയും കവര്‍ച്ചയ്ക്ക് ശ്രമിക്കുകയും ചെയ്തു. കടയ്ക്കുള്ളിലുണ്ടായിരുന്നവര്‍ക്കുനേരേ വെടിയുതിര്‍ക്കുകയും ചെയ്തു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലെത്തിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it