World

ബ്രസീലില്‍ കൂറ്റന്‍ പാറ ബോട്ടിന് മുകളില്‍ വീണുണ്ടായ ദുരന്തം: മരണം പത്തായി

ബ്രസീലില്‍ കൂറ്റന്‍ പാറ ബോട്ടിന് മുകളില്‍ വീണുണ്ടായ ദുരന്തം: മരണം പത്തായി
X

ബ്രസീലിയ: ബ്രസീലിലെ മിനാസ് ജെറെയ്‌സില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ അടര്‍ന്ന് ബോട്ടുകള്‍ക്ക് മുകളില്‍ വീണുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. 30 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഒമ്പതുപേരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ബെലോ ഹൊറിസോണ്ടയില്‍നിന്ന് 300 കിലോമീറ്റര്‍ അകലെ, കാപ്പിറ്റോലിയോ നഗരത്തിലെ ഫര്‍നസ് തടാകത്തെ ചുറ്റിയുള്ള മലയിടുക്കില്‍നിന്നു പാറകള്‍ അടര്‍ന്നു തടാകത്തിലുണ്ടായിരുന്ന വിനോദയാത്രികര്‍ സഞ്ചരിച്ചിരുന്ന ബോട്ടുകളില്‍ പതിക്കുകയായിരുന്നു.

ബ്രസീലിലെ സുല്‍ മിനാസില്‍ വെള്ളച്ചാട്ടത്തിന് താഴെയായിരുന്നു അപകടം. ഒരു ബോട്ട് പൂര്‍ണമായും മുങ്ങി. രണ്ടു ബോട്ടുകള്‍ മുങ്ങാതെ രക്ഷപ്പെട്ടു. ശനിയാഴ്ച ഈ മേഖലയില്‍ കനത്ത മഴ പെയ്തിരുന്നു. ഇതെത്തുടര്‍ന്നുണ്ടായ ജലപ്രവാഹമാണ് അപകടത്തിന് കാരണമായതെന്നു ഭൂഗര്‍ഭശാസ്ത്രജ്ഞര്‍ സംശയിക്കുന്നു. തടാകത്തിലുണ്ടായിരുന്നവര്‍ക്ക് പാറ ഉരുണ്ടുവരുന്നതിന്റെ മുന്നറിയിപ്പ് നല്‍കാന്‍ അടുത്തുള്ളവര്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പാറക്കെട്ടുകളുടെ ഭിത്തിയില്‍ നിന്ന് ഒരു വലിയ പാറ അടര്‍ന്നുവീഴുന്നതിന്റെയും രണ്ട് ബോട്ടുകളില്‍ പതിക്കുന്നതിന്റെയും ഭായനക ദൃശ്യങ്ങളാണ് പുറത്തുവന്നത്. അഗ്‌നിശമന സേനാംഗങ്ങളും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നാണ് ഞായറാഴ്ച തടാകത്തില്‍നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്. പലരുടെയും എല്ലുകള്‍ ഒടിഞ്ഞു. ഒരാള്‍ തലയ്ക്കും മുഖത്തിനും പരിക്കേറ്റ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. നിസാര പരിക്കുകളോടെ 23 പേര്‍ ചികില്‍സയിലാണെന്ന് അധികൃതര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അപകടത്തിന്റെ സാഹചര്യം അന്വേഷിക്കാന്‍ അന്വേഷണം ആരംഭിക്കുമെന്ന് ബ്രസീലിയന്‍ നാവികസേന അറിയിച്ചു.

Next Story

RELATED STORIES

Share it