Kerala

ഓര്‍ത്തഡോക്സ് സഭ വിശ്വാസികള്‍ക്കു നേരെ ആക്രമണമെന്ന്; 17 ന് പ്രതിഷേധ സംഗമം

വൈകൂന്നേരം മൂന്നിന് കോലഞ്ചേരി സെ. പീറ്റേഴ്‌സ് & സെ. പോള്‍സ് പള്ളി അങ്കണത്തിലാണ് പ്രതിഷേധ സംഗവവും റാലിയും നടക്കുന്നത്. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും

ഓര്‍ത്തഡോക്സ് സഭ  വിശ്വാസികള്‍ക്കു നേരെ ആക്രമണമെന്ന്; 17 ന്  പ്രതിഷേധ സംഗമം
X

കൊച്ചി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആരാധനാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെയുളള ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്നും ഇതിനെതിരെ സംഘടിപ്പിക്കുന്ന പ്രതിഷേധം സംഗമം ഈ മാസം 17 ന് കോലഞ്ചേരിയില്‍ നടക്കുമെന്നും ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് എന്നിവര്‍ പറഞ്ഞു. ഞായറാഴ്ച വടവുകോട് പളളിയില്‍ ആരാധനയ്ക്ക് എത്തിയ വിശ്വാസികള്‍ക്ക് നേരെ അതിക്രൂരമായ അക്രമമുണ്ടായി. ഗുരുതരമായ പരുക്കുകളോടെ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളായ രണ്ട് പേര്‍ ആശുപത്രിയിലാണ്. എല്ലാ അക്രമികളെയും പോലിസ് ഇതുവരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചകളില്‍ ആരാധന മുടക്കുന്നുതിനുവേണ്ടി പളളിയ്ക്കകത്ത് മുളകുപൊടി വിതറുകയും, ചോരക്കുഴി പളളിയില്‍ കോടതി വിധി നടപ്പാക്കുവാന്‍ പോലീസ് സംരക്ഷണം ഉണ്ടായിട്ട് പോലും പോലിസിന്റെ മുന്നില്‍ വെച്ച് ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ക്ക് നേരെ മുളകുവെളളം ഒഴിക്കുകയും ചെയ്തുവെന്നും ഇവര്‍ പറഞ്ഞു.ദേവലോകം അരമന ചാപ്പലിന്റെ മുന്നിലുളള കുരിശടിയുടെയും തുത്തൂട്ടി മാര്‍ ഗ്രീഗോറിയോസ് ചാപ്പലിന്റെയും നേരെ അക്രമം ഉണ്ടായി. മണര്‍കാട് പളളിയിലെ ഓര്‍ത്തഡോക്‌സ് സഭയുടെ ട്രസ്റ്റി സന്തോഷിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. വരിക്കോലിപള്ളി വികാരി ഫാ.വിജു ഏലിയാസിനും മര്‍ദ്ദനമേറ്റു.

മലങ്കര സഭയുടെ ആരാധനാലയങ്ങളില്‍ നിന്ന് വ്യാപകമായി മോഷണം നടത്തുന്നു; പള്ളികള്‍ തകര്‍ക്കണമെന്ന് പാത്രിയര്‍ക്കീസ് വിഭാഗത്തിലെ മെത്രാപ്പോലീത്താമാര്‍ ആഹ്വാനം ചെയ്യുന്നു. ഇത്തരം അക്രമപരമ്പരകള്‍ അവസാനിപ്പിച്ച് സമാധാനം പുലരുവാന്‍ വേണ്ട നടപടികള്‍ സര്‍ക്കാരും അധികാരികളും കൈക്കൊളളണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.അനുകൂല കോടതി വിധി ലഭിക്കുന്ന എല്ലാ പളളികളിലും പളളി സംരക്ഷിക്കുവാന്‍ എന്ന പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ ശ്രമിക്കുകയാണ് പാത്രിയര്‍ക്കീസ് വിഭാഗം. ഈ അക്രമങ്ങളെല്ലാം സര്‍ക്കാരിന്റെയും നിയമം നടപ്പാക്കുവാന്‍ ബാധ്യതയുളള ഉന്നതഅധികാരികളുടെയും ഒത്താശയോടെയാണ് നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അക്രമ സംഭവങ്ങള്‍ അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.

അയോധ്യ തര്‍ക്കവിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രിയും മറ്റ് രാഷ്ട്രീയ മത-സാമുദായിക നേതാക്കന്മാരും ഒരേ സ്വരത്തില്‍ ആഹ്വാനം ചെയ്യുമ്പോള്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി ലഭിച്ച വിധിയുടെ കാര്യത്തില്‍ എല്ലാവരും മൗനം പാലിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. അക്രമങ്ങള്‍ നടത്തി ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ് പാത്രിയര്‍ക്കീസ് വിഭാഗമെന്നും ഇവര്‍ പറഞ്ഞു. അക്രമങ്ങള്‍ക്കെതിരേ നവംമ്പര്‍ 17 ന് വൈകൂന്നേരം മൂന്നിന് കോലഞ്ചേരി സെ. പീറ്റേഴ്‌സ് & സെ. പോള്‍സ് പള്ളി അങ്കണത്തിലാണ് പ്രതിഷേധ സംഗവവും റാലിയും നടക്കുന്നത്. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. കാലടി സംസ്‌കൃത സര്‍വ്വകലാശായിലെ മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.

Next Story

RELATED STORIES

Share it