Kerala

ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നത് കൊല്ലത്ത്

സാക്ഷരതയിലും ജീവിത നിലവാരത്തിലും മുന്നിലെന്ന് അഭിമാനിക്കുന്ന മലയാളിയുടെ മാനസിക നിലവാരം എത്രത്തോളം ഉയര്‍ന്നുവെന്ന ചോദ്യമാണ് ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഉയരുന്നത്.

ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നത് കൊല്ലത്ത്
X

ന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം. ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് കേരളത്തിന് ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ പങ്കുവെയ്ക്കാനുള്ളത്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2019ലെ കണക്ക് പ്രകാരം സംസ്ഥാനത്തെ ആത്മഹത്യാ നിരക്ക് 24.3 ആണ്. ദേശീയ തലത്തില്‍ ഇത് 10.4 മാത്രമാണെന്ന് അറിയുമ്പോഴാണ് ഗൗരവം മനസിലാകുക. കണക്ക് പ്രകാരം കേരളം അഞ്ചാം സ്ഥാനത്താണെങ്കിലും നമ്മുടെ മികച്ച സാമൂഹിക അന്തരീക്ഷത്തില്‍ ഇത് എന്തുകൊണ്ടെന്ന് പരിശോധിക്കണം. 2018ല്‍ ദേശീയ ശരാശരി 10.2 ഉം കേരളത്തിലെ ശരാശരി 23.5 ഉം ആണ്. ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍.

സാക്ഷരതയിലും ജീവിത നിലവാരത്തിലും മുന്നിലെന്ന് അഭിമാനിക്കുന്ന മലയാളിയുടെ മാനസിക നിലവാരം എത്രത്തോളം ഉയര്‍ന്നുവെന്ന ചോദ്യമാണ് ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഉയരുന്നത്. ജില്ല തിരിച്ചുള്ള കണക്ക് പരിശോധിച്ചാല്‍ കൊല്ലത്താണ് രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നത്. 41.2 ശതമാനമാണ് കൊല്ലത്തെ ആത്മഹത്യ നിരക്ക്. കഴിഞ്ഞ വര്‍ഷം 457 പേര്‍ കൊല്ലത്ത് ആത്മഹത്യ ചെയ്തു. തൃശൂരില്‍ 405, തിരുവനന്തപുരത്ത് 331, കോഴിക്കോട് 258, കൊച്ചിയില്‍ 222 എന്നിങ്ങനെയാണ് കണക്ക്. ആത്മഹത്യയ്ക്കുളള കാരണങ്ങളും നിരവധിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബ പ്രശനങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍, മദ്യാസക്തി, രോഗങ്ങള്‍, കടബാധ്യത, തൊഴിലില്ലായ്മ, പ്രണയ തകര്‍ച്ച തുടങ്ങി രക്ഷിതാക്കള്‍ വഴക്ക് പറയുന്നത് അടക്കം ആത്മഹത്യയ്ക്ക് കാരണമാകുന്നു. കഴിഞ്ഞ വര്‍ഷം 3665 പേര്‍ കുടുംബ പ്രശ്‌നങ്ങള്‍ കൊണ്ടും 974 പേര്‍ മാനസിക പ്രശ്‌നങ്ങള്‍ കൊണ്ടും ആത്മഹത്യ ചെയ്തു. രോഗഭീതി 974, മദ്യാസക്തി 792, കടം 259, പ്രണയം 230, തൊഴിലില്ലായ്മ 81 എന്നിങ്ങനെയാണ് കണക്ക്.

ആത്മഹത്യ പ്രതിരോധത്തിന് സര്‍ക്കാര്‍ തലത്തില്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുള്ള ഒരു സംസ്ഥാനത്തിലാണ് ഇത്തരമൊരു പ്രതിസന്ധി. ജനപങ്കാളിത്തതോടെയുള്ള പദ്ധതിയാണ് ഈ പ്രതിസന്ധി നേരിടാന്‍ ആവശ്യമെന്നാണ് ആത്മഹത്യകള്‍ തടയുന്നതിനുള്ള ദേശീയ സംഘടനയായ ബി ഫ്രണ്ടേഴ്‌സ് ഇന്ത്യ ആവശ്യപ്പെടുന്നത്.

കൗമാരക്കാര്‍ക്കിടയിലെ ആത്മഹത്യ പ്രവണതയാണ് ഏറെ ഗൗരവതരം. വീഡിയോ ഗെയിം കളിക്കുന്നതില്‍ നിന്ന് വിലക്കിയാലോ എന്തിന് ഒന്ന് ഗുണദോഷിച്ചാലോ പോലും കുട്ടികള്‍ ആത്മഹത്യയിലേക്ക് നീങ്ങുന്ന അവസ്ഥ. ചിരിയെന്ന പേരില്‍ ഉള്‍പ്പെടെ നിരവധി കൗണ്‍സിലിങ് പ്രോഗ്രാമുകള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. രക്ഷിതാക്കള്‍ക്ക് കൂടി കൗണ്‍സിലിങ് ആവശ്യമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കൊവിഡ് കാലത്തും ആത്മഹത്യ വാര്‍ത്തകള്‍ നമുക്ക് മുന്നില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പ്രണയ പരാജയം മുതല്‍ വീട് വാടക കൊടുക്കാന്‍ കഴിയാത്തതു വരെയുള്ള കാരണങ്ങള്‍ പലത്. എന്നാല്‍ ഇത്തരത്തില്‍ ജീവിതം അവസാനിപ്പിക്കുന്ന പലരും ചേര്‍ന്ന് നില്‍ക്കുന്നവരെ ഓര്‍ക്കുന്നതേയില്ല എന്നതാണ് യാഥാര്‍ഥ്യം.

Next Story

RELATED STORIES

Share it