Kerala

ഇന്ധനവിലവര്‍ധനവ് പിന്‍വലിക്കുക; ജൂലൈ 6ന് എസ്ഡിപിഐ സമരദിനം

'രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കുന്ന ഇന്ധന വിലവര്‍ധനവ് പിന്‍വലിക്കുക, മോദി സര്‍ക്കാരിനെതിരേ എസ്ഡിപിഐ സമരദിനം' എന്ന തലക്കെട്ടില്‍ പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും.

ഇന്ധനവിലവര്‍ധനവ് പിന്‍വലിക്കുക; ജൂലൈ 6ന് എസ്ഡിപിഐ സമരദിനം
X

തിരുവനന്തപുരം: കൊവിഡ് മഹാമാരിയില്‍ ജീവിതം ദുസ്സഹമായ രാജ്യത്തെ ജനങ്ങളെ വീണ്ടും ദിനംപ്രതി ഇന്ധനവിലവര്‍ധനവിലൂടെ പിടിച്ചുപറി തുടരുന്ന മോദി സര്‍ക്കാരിനെതിരേ ജൂലൈ 6ന് സംസ്ഥാനത്ത് ജനകീയസമരദിനമായി ആചരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. 'രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കുന്ന ഇന്ധന വിലവര്‍ധനവ് പിന്‍വലിക്കുക, മോദി സര്‍ക്കാരിനെതിരേ എസ്ഡിപിഐ സമരദിനം' എന്ന തലക്കെട്ടില്‍ പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും.

രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നെന്ന പേരിലാണ് ഇന്ധനവില ദിനംപ്രതി വര്‍ധിപ്പിച്ച് ബിജെപി സര്‍ക്കാര്‍ കൊള്ളയടി തുടരുന്നത്. അതേസമയം, രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞപ്പോഴാവട്ടെ റോഡ് സെസും എക്‌സൈസ് തീരുവയും വര്‍ധിപ്പിച്ച് വിലക്കുറവിന്റെ ആനുകുല്യം ജനങ്ങള്‍ക്കു നല്‍കാതെ കൈവശപ്പെടുത്തുകയാണ് മോദി സര്‍ക്കാര്‍. മൂന്നുമാസത്തിലധികമായി തുടരുന്ന ലോക്ക് ഡൗണില്‍ രാജ്യത്തെ സാമ്പത്തികരംഗം തകര്‍ന്നിരിക്കുകയാണ്. തൊഴിലും ഉപജീവനമാര്‍ഗവും തടസ്സപ്പെട്ട് കോടിക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയിലാണ്. ഇന്ധന വിലവര്‍ധനവ് നിത്യോപയോഗസാധനങ്ങളുടെ ഉള്‍പ്പെടെ വലിയ വിലക്കയറ്റത്തിനിടയാക്കും.

പ്രളയമുള്‍പ്പെടെയുള്ള കാലവര്‍ഷക്കെടുതിയില്‍ പല സംസ്ഥാനങ്ങളും അതീവഗുരുതരസാഹചര്യത്തിലാണുള്ളത്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നതേയുള്ളൂ. ഈ സാഹചര്യത്തില്‍ ഇന്ധനവിലവര്‍ധനവും അതുമൂലമുള്ള വിലക്കയറ്റവും കൊടിയ പട്ടിണിയിലേക്ക് ജനങ്ങളെ തള്ളിവിടും. അനുദിനം ഇന്ധനവില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നത് മോദി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങളെ നേരിടേണ്ടിവരുമെന്നും മജീദ് ഫൈസി മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it