Kerala

സ്വകാര്യ ആശുപത്രികളെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാക്കും

ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, ഫിസിയോതെറാപ്പിയുടെ യൂണിറ്റുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കേണ്ടതാണ്.

സ്വകാര്യ ആശുപത്രികളെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാക്കും
X

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ ആശുപത്രിയുടെയും സൗകര്യങ്ങള്‍ രണ്ട് ഭാഗമാക്കും. ഒരു ഭാഗം കോവിഡ് ചികിത്സയ്ക്കു മാത്രമായി മാറ്റിവയ്ക്കും. രണ്ടാമത്തെ ഭാഗം മറ്റ് അസുഖങ്ങള്‍ക്കുള്ളവര്‍ക്കായി മാറ്റിവയ്ക്കും. ഇത്തരത്തില്‍ വിഭജനം കഴിഞ്ഞാല്‍ ബാക്കി വരുന്ന ആ സ്ഥാപനത്തിലെ ജീവനക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കണം. ഇതോടൊപ്പം ആയൂര്‍വ്വേദ മേഖലയിലും ഹോമിയോ വിഭാഗത്തിലുമുള്ള ചികിത്സാലയങ്ങളും മരുന്ന് ഷോപ്പുകളും തുറന്നു പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, ഫിസിയോതെറാപ്പിയുടെ യൂണിറ്റുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണാതിര്‍ത്തിയില്‍ ഓരോ വാര്‍ഡിലും ഉള്ള രോഗം വരാന്‍ സാധ്യത കൂടുതലുള്ള (വള്‍നെറബിള്‍) ഗ്രൂപ്പിനെ പ്രത്യേകം അടയാളപ്പെടുത്തണം (60 വയസ്സിനു മുകളിലുള്ളവര്‍, ഹൃദയം, വൃക്ക, കരള്‍, പ്രമേഹം, ബിപി തുടങ്ങിയ അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍). രോഗബാധിതരായ മുതിര്‍ന്ന പൗരډാര്‍ക്ക് ഡോക്ടറുമായി ബന്ധപ്പെടാന്‍ അവസരം വേണം. അതിന് തദ്ദേശസ്വയംഭരണ അതിര്‍ത്തിയില്‍ ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തും.

ആരെയെങ്കിലും ഡോക്ടര്‍ക്ക് കാണേണ്ടതുണ്ടെങ്കില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്‍റെ വാഹനം അതിനായി ഉപയോഗിക്കാം. രോഗിയുടെ വീട്ടില്‍ ഡോക്ടര്‍ എത്തുന്ന ക്രമീകരണമാണ് ഉദ്ദേശിക്കുന്നത്. പ്രദേശത്തിന്‍റെ പ്രത്യേകതയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ രോഗികളെ ഇത്തരത്തില്‍ കാണേണ്ടിവരുമെങ്കില്‍ ഒരു മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഏര്‍പ്പെടുത്താവുന്നതാണ്. ഇക്കാര്യത്തില്‍ സ്വകാര്യമേഖലയുടെ സഹായവും തേടാന്‍ നിശ്ചയിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും ജില്ലാ കലക്ടറും ഡി.എം.ഒയും കൂടി സ്വാകാര്യ മേഖലയിലെ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിക്കും. ടെലിമെഡിസിന്‍റെ കാര്യത്തിലും മൊബൈല്‍ യൂണിറ്റിന്‍റെ കാര്യത്തിലും എത്രത്തോളം സ്വകാര്യമേഖലയ്ക്ക് സഹായിക്കാനും സഹകരിക്കാനും പറ്റുമെന്നത് ആരായും. ഒരു ഡോക്ടര്‍, ഒരു സ്റ്റാഫ് നേഴ്സ്, ഒരു പാരാമെഡിക്കല്‍ സ്റ്റാഫ്, മറ്റ് ആവശ്യമായ സജ്ജീകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് സജ്ജമാക്കേണ്ടതാണ്.

അവശ്യ മരുന്നുകള്‍ വിദേശത്ത് എത്തിക്കുന്നതിന് ഇപ്പോള്‍ സംവിധാനമുണ്ട്. കസ്റ്റംസുമായി യോജിച്ച് നോര്‍ക്ക ഇത് നല്ല നിലയില്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. സേവനം ആവശ്യമുള്ളവര്‍ നോര്‍ക്കയുമായി ബന്ധപ്പെട്ടാല്‍ മതിയാകും. കോവിഡ് പ്രതിരോധ നടപടികള്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും പ്രത്യേകമായ രോഗപ്രതിരോധ പ്ലാന്‍ ഉണ്ടാക്കും. ചില പഞ്ചായത്തുകളും നഗരസഭകളും ഹോട്ട്സ്പോട്ട് മേഖലയില്‍ വരുന്നതായാല്‍ സവിശേഷമായ പ്ലാനിങ് വേണ്ടിവരും. രോഗവിമുക്തരായി ഡിസ്ചാര്‍ജ് ചെയ്യുന്നവരും കുടുംബാംഗങ്ങളും 14 ദിവസം പുറത്തിറങ്ങുകയോ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യരുത്. തദ്ദേശസ്വയംഭരണ തലത്തില്‍ ഈ കുടുംബങ്ങളെ നിരീക്ഷിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും.

Next Story

RELATED STORIES

Share it