Kerala

വിധവാ പെന്‍ഷന്‍: സര്‍ക്കാരിന്റെ പുതിയ മാനദണ്ഡം അപേക്ഷകര്‍ക്ക് ദുരിതമാവുന്നു

ഭര്‍ത്താവ് മരണപ്പെട്ടതോ ഉപേക്ഷിക്കപ്പെട്ടതോ ആയ വിധവകള്‍ക്ക് അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ മാര്‍ച്ച് ആദ്യംവരെ പുതിയ അപേക്ഷ സമര്‍പ്പിക്കണമെന്നാണ് ഗ്രാമപ്പഞ്ചായത്തധികൃതര്‍ അറിയിച്ചിരിക്കുന്നത്.

വിധവാ പെന്‍ഷന്‍: സര്‍ക്കാരിന്റെ പുതിയ മാനദണ്ഡം അപേക്ഷകര്‍ക്ക് ദുരിതമാവുന്നു
X

തൃശ്ശൂര്‍: സാമൂഹ്യസുരക്ഷാ പെന്‍ഷന്റെ ഭാഗമായ വിധവാ പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കുന്നതിന് സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന മാനദണ്ഡങ്ങള്‍ അപേക്ഷകര്‍ക്ക് ദുരിതം സൃഷ്ടിക്കുന്നു. ഭര്‍ത്താവ് മരണപ്പെട്ടതോ ഉപേക്ഷിക്കപ്പെട്ടതോ ആയ വിധവകള്‍ക്ക് അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ മാര്‍ച്ച് ആദ്യംവരെ പുതിയ അപേക്ഷ സമര്‍പ്പിക്കണമെന്നാണ് ഗ്രാമപ്പഞ്ചായത്തധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയും ആധാര്‍ പകര്‍പ്പുമാണ് നല്‍കേണ്ടത്. അതിന് ഗസറ്റഡ് ഉദ്യോഗസ്ഥരെക്കൊണ്ട് സാക്ഷ്യപ്പെടുത്താനായി വിധവകള്‍ നെട്ടോട്ടമോടുകയാണ്. ഇതില്‍ പ്രായവും അസുഖങ്ങളും തളര്‍ത്തിയവരും നിരവധിയാണ്.

ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് അപേക്ഷക വിധവയാണോയെന്ന് സാക്ഷ്യപ്പെടുത്തേണ്ടത്. എന്നാല്‍, പല ഓഫിസുകളിലും കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. അപേക്ഷ സാക്ഷ്യപ്പെടുത്താനായി ചെല്ലുമ്പോള്‍ നിങ്ങളെ അറിയില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. അവശത സഹിച്ച് ഓഫിസുകള്‍ കയറിയിറങ്ങിയിട്ടും ഇതുവരെ അപേക്ഷാഫോമില്‍ സാക്ഷ്യപ്പെടുത്തല്‍ നടക്കാത്ത അനേകം വിധവകളാണ് ഓരോ നാട്ടിലുമുള്ളത്. രോഗവും പ്രായവും തളര്‍ത്തി വീടുകളില്‍ ഒതുങ്ങിക്കഴിയുന്നവര്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ വിനയാവുമെന്നാണ് ഉയരുന്ന ആശങ്ക. അതാത് ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ കുടുംബശ്രീകളിലോ അയല്‍കൂട്ടങ്ങളിലോ അന്വേഷണം നടത്തി അപേക്ഷക വിധവയാണോയെന്ന് ഉറപ്പാക്കിയാല്‍ പോരേയെന്നാണ് സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചോദിക്കുന്നത്. സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മാനദണ്ഡങ്ങളൊഴിവാക്കി തങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാണ് അപേക്ഷകരുടെ ആവശ്യം.

Next Story

RELATED STORIES

Share it