Kerala

സിപിഎം കച്ചവടസംഘമായി മാറി; അഭിമന്യുവിന് വേണ്ടി പിരിച്ച പണം എവിടെയെന്ന് മുല്ലപ്പള്ളി

ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി പോലെ സിപിഎം കച്ചവടപ്പാര്‍ട്ടിയായി മാറിയെന്നും അഭിമന്യുവിന് വേണ്ടി സിപിഎം പിരിച്ച പണം എന്തുചെയ്തുവെന്നും മുല്ലപ്പള്ളി ചോദിച്ചു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിരിവിനു പേരുകേട്ട പാര്‍ട്ടിയാണ്. ബക്കറ്റില്‍ കോടികള്‍ നിറയുന്നതിന്റെ രഹസ്യം കോടിയേരി വെളിപ്പെടുത്തണം.

സിപിഎം കച്ചവടസംഘമായി മാറി; അഭിമന്യുവിന് വേണ്ടി പിരിച്ച പണം എവിടെയെന്ന് മുല്ലപ്പള്ളി
X

തൃശൂര്‍: സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി പോലെ സിപിഎം കച്ചവടപ്പാര്‍ട്ടിയായി മാറിയെന്നും അഭിമന്യുവിന് വേണ്ടി സിപിഎം പിരിച്ച പണം എന്തുചെയ്തുവെന്നും മുല്ലപ്പള്ളി ചോദിച്ചു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിരിവിനു പേരുകേട്ട പാര്‍ട്ടിയാണ്. ബക്കറ്റില്‍ കോടികള്‍ നിറയുന്നതിന്റെ രഹസ്യം കോടിയേരി വെളിപ്പെടുത്തണം. സിപിഎം രക്തസാക്ഷികളുടെ പേരിലും കോടികളാണ് പിരിച്ചെടുക്കുന്നത്. മഹാരാജാസ് കോളജിലെ അഭിമന്യൂ കൊല്ലപ്പെട്ടത് സിപിഎം സംസ്ഥാനം മുഴുവന്‍ ആഘോഷമാക്കിയാണ് മാറ്റിയത്. മൂന്നുകോടി രൂപയാണ് പിടിച്ചെടുത്തത്. ഇതില്‍ വീടുവയ്ക്കാനും സഹോദരിക്ക് കൊടുത്തതും ഉള്‍പ്പെടെ 35 ലക്ഷം രൂപയാണ് ചെലവാക്കിയത്. ബാക്കി പണമെവിടെയെന്ന് പാര്‍ട്ടി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് സിപിഎമ്മിന്റെ കേരള സംരക്ഷണ യാത്രയുടെ ഉദ്ഘാടനച്ചടങ്ങില്‍, കോണ്‍ഗ്രസിന്റേത് മഹാനിധി സ്വരൂപണ യാത്രയെന്ന് കോടിയേരി പറഞ്ഞത് തരംതാഴ്ന്ന പ്രസംഗമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി സാമ്പത്തികമായി തകര്‍ന്ന നിലയിലാണ്. എല്ലാകാലത്തും പാര്‍ട്ടി പിരിവ് നടത്താറുണ്ട്. സുതാര്യമായി 12,000 രൂപ വീതമാണ് പിരിക്കുന്നത്. ഇതില്‍ ഒരു വിഹിതം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും കീഴ്ഘടകങ്ങള്‍ക്കും നല്‍കും. കുറച്ചുഭാഗം മാത്രമാണ് കെപിസിസിക്ക് ലഭിക്കുന്നത്. കോണ്‍ഗ്രസിന്റെ ജനമഹായാത്രയുടെ വിജയം സിപിഎമ്മിനെ വിറളിപിടിപ്പിച്ചിരിക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പ്രഭാതഭക്ഷണം കഴിക്കുന്നത് സമ്പന്നന്‍മാര്‍ക്കൊപ്പമല്ല.

സഹസ്രകോടീശ്വരന്‍മാരുമായാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ബന്ധം. മുടങ്ങാതെ പിരിവ് നടത്തുന്ന പാര്‍ട്ടി ആദര്‍ശപ്രസംഗം നടത്തരുത്. പാര്‍ട്ടിയുമായി ബന്ധമില്ലാത്ത സമ്പന്നരെ സിപിഎം നേരത്തെ സ്ഥാനാര്‍ഥിയാക്കിയത് എന്തിനാണ്. കോടിയേരിയില്‍നിന്ന് പ്രതീക്ഷിച്ചത് നിലവാരമുള്ള പ്രസംഗമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ അയോധ്യ മാതൃകയിലാക്കണമെന്ന യോഗിയുടെ പ്രസംഗം അപകടകരമാണ്. ശബരിമലയെ ബിജെപി അയോധ്യയാക്കാനാണ് ശ്രമിക്കുന്നതെന്ന് മുമ്പുതന്നെ താന്‍ പ്രസ്താവന നടത്തിയിരുന്നു. അത് ഏതാണ്ട് സത്യമാണെന്ന് യോഗിയുടെ പ്രസ്താവനയിലൂടെ തെളിഞ്ഞിരിക്കയാണ്. ഇത് കേരളീയരോടുള്ള വെല്ലുവിളിയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.







Next Story

RELATED STORIES

Share it