Kerala

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നടന്ന മുഴുവന്‍ നിലംനികത്തല്‍ സംബന്ധിച്ചും വിജിലന്‍സ് അന്വേഷണം വേണം: യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍

കുന്നത്ത് നാട്ടില്‍ 15 ഏക്കര്‍ സ്ഥലം നികത്തല്‍ നീക്കത്തിനു പിന്നില്‍ വ്യവസായി ഫാരിസ് അബുബക്കര്‍.അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫിസടക്കം ഇടപെട്ട്.റവന്യു മന്ത്രിയെ നോക്കുകുത്തിയാക്കിയാണ് അനുമതി നല്‍കിയത്.വി എസ് അച്യുതാനന്ദന് യു.ഡി.എഫ് കത്ത് നല്‍കും.വിജിലന്‍സ് അന്വേഷണം ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നടന്ന മുഴുവന്‍ നിലംനികത്തല്‍ സംബന്ധിച്ചും വിജിലന്‍സ് അന്വേഷണം വേണം:  യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍
X

കൊച്ചി: കുന്നത്ത് നാട്ടിലടക്കം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് നടന്ന മുഴുവന്‍ നിലംനികത്തല്‍ സംബന്ധിച്ചും സമഗ്രമായ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കുന്നത്തുനാട്ടില്‍ 15 ഏക്കര്‍ നിലം നികത്താനാണ് സര്‍ക്കാര്‍ ഭൂമാഫിയക്ക് അനുവാദം നല്‍കിയത്. ഈ ഉത്തരവ് മരവിപ്പിച്ചാല്‍ പോരാ റദ്ദാക്കുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട്‌സിറ്റി, കടമ്പ്രയാര്‍ എന്നിവയോട് ചേര്‍ന്ന് കിടക്കുന്ന കണ്ണായ സ്ഥമാണ് കുന്നത്ത് നാട്ടിലെ 15 ഏക്കര്‍ അടങ്ങുന്ന സ്ഥലം. ഇത് കയ്യടക്കാന്‍ വ്യവസായി ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങളില്‍ പങ്കാളികളായ രാഷ്ട്രീയ, ഉദ്യോഗസ്ഥ മേഖലയിലെ വാന്‍ സ്രാവുകളെ പുറത്തു കൊണ്ടുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 2008 ല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ കരഭൂമി അല്ലാത്തതിനാല്‍ കുന്നത്ത് നാട്ടിലെ 15 ഏക്കര്‍ ഇപ്പോഴും ഡേറ്റ ബാങ്കില്‍ ഉള്ള നിലമാണ്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷമാണ് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്.

ഉദ്യോഗസ്ഥ തലത്തില്‍ നടന്ന സംശയാസ്പദവും അസാധാരണവുമായ തിടുക്കത്തില്‍ നിലം നികത്താന്‍ അനുമതി നല്‍കിയത് ദുരൂഹമാണ്. റവന്യു മന്ത്രിയെ പോലും നോക്കുകുത്തിയാക്കിയാണ് നടപടി. 2018 നവംബര്‍ 24 നു ലഭിച്ച അപേക്ഷ 30 ന് റവന്യു അഡീഷണല്‍ സെക്രട്ടറി പി എച്ച് കുര്യനാണ് നിയമവകുപ്പിന്റെ ഉപദേശം സ്വീകരിക്കാന്‍ നോട്ടെഴുതിയ ശേഷം ഫയല്‍ നിയമവകുപ്പിലേക്ക് അയച്ചത്. എന്നാല്‍ 2019 ജനുവരി ഏഴിന് വാക്കാലുള്ള നീര്‍ദേശത്തെ തുടര്‍ന്ന് ഉപദേശം തേടാതെ തന്നെ നിയമ വകുപ്പില്‍ നിന്ന് ഫയല്‍ തിരികെ വാങ്ങുകയായിരുന്നു. തൊട്ടടുത്ത ദിവസം ഇറങ്ങിയ ഉത്തരവില്‍ ഹിയറിങ് നടത്തി ഒരാഴ്ചക്കുള്ളില്‍ തീരുമാനം എടുക്കാന്‍ ഉത്തരവിട്ടു. 16 നു നടന്ന ഹിയറിങ്ങിനു ശേഷം 29 ന് നിലം നികത്താന്‍ അനുമതി നല്‍കി ഉത്തരവിറക്കി. അന്ന് ഇറങ്ങിയ ഉത്തരവില്‍ ഫാരിസ് അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള സ്പീക് കമ്പനി നിരത്തിയ വാദങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഏകപക്ഷീയമായി ഉത്തരവിറക്കുകയായിരുന്നുവെന്നും ബെന്നി ബെഹനാന്‍ ആരോപിച്ചു. ഹിയറിങ്ങില്‍ സര്‍ക്കാരിന് വേണ്ടി ഡെപ്യുട്ടി കലക്ടര്‍ ബോധിപ്പിച്ച ഒരു കാര്യങ്ങളും ഉത്തരവില്‍ വന്നില്ലെന്ന് മാത്രമല്ല ആദ്യം തയാറാക്കിയ ഉത്തരവ് പിന്‍വലിച്ച ശേഷമാണ് രണ്ടാമത് അനുമതി നല്‍കിയുള്ള ഉത്തരവ് പുറത്തിറങ്ങിയതെന്നും ബെന്നി ബഹനാന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിനടക്കം ഇതില്‍ പങ്കുണ്ട്. ചൂര്‍ണിക്കരയിലെ തണ്ണീര്‍തടം നികത്തല്‍ കേസിലെ അന്വേഷണത്തിലെ തീവ്രത കുന്നത്തുനാട്ടിലെ കേസില്‍ കാണുന്നില്ലെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തിന് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ്, കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗങ്ങള്‍ ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്തു. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ഭേദഗതി ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി തന്നെ കള്ളത്തരമാണ്. ഇതിനെതിരെ യുഡിഎഫ് നിയമസഭയില്‍ അടക്കം പ്രതിഷേധിച്ചിരുന്നു. അനധികൃത നിലം നികത്തലിനു സര്‍ക്കാര്‍ അനുമതി നല്‍കിയ വിഷയത്തില്‍ യുഡിഎഫ് വി എസ് അച്യുതാനന്ദന് കത്ത് നല്‍കുമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.അനധികൃത നിലം നികത്തലിനു അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പരിശോധിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ തയാറാക്കിയ കംപ്യൂട്ടറുകള്‍ പിടിച്ചെടുക്കണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു. ഈ ഫയലുകളുടെയെല്ലാം ഇ മെയിലുകള്‍ വിദേശത്തേക്ക് പോയിട്ടുണ്ടെന്നും ഇത് ആര്‍ക്ക് വേണ്ടി അയച്ചതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഇതും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുന്നത്ത് നാട് എംഎല്‍എ വി പി സജീന്ദ്രനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it