മഴക്കെടുതി; അടിയന്തിര സഹായമായി 25000 രൂപ നല്‍കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

മഴക്കെടുതി; അടിയന്തിര സഹായമായി 25000 രൂപ നല്‍കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് അടിയന്തിര സഹായമായി പ്രഖ്യാപിച്ച പതിനായിരം രൂപ അപര്യാപ്തമെന്നും അടിയന്തിര സഹായമായി 25000 രൂപയെങ്കിലും നല്‍കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. സഹായ ധനം ഈ ആഴ്ചതന്നെ വിതരണം ചെയ്യണം. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ അടിയന്തിര സഹായമായി പ്രഖ്യാപിച്ച പതിനായിരം രൂപ മാസങ്ങള്‍ക്ക് ശേഷമാണ് പലര്‍ക്കും ലഭിച്ചത്. നിരവധി പേര്‍ക്ക് ലഭിച്ചതുമില്ല. അത്തരം കെടുകാര്യസ്ഥതകള്‍ ആവര്‍ത്തിക്കാതെ തദ്ദേശ സ്ഥാപനങ്ങളുടേയും ജനപ്രതിനിധികളുടേയും സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ പട്ടിക തയ്യാറാക്കി വേഗത്തില്‍ വിതരണം നടത്തണം.

വീട് നഷ്ടപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച 4 ലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച 10 ലക്ഷവും അപര്യാപ്തമാണ്. ഇവ യഥാക്രമം 10 ലക്ഷവും 25 ലക്ഷവുമായി ഉയര്‍ത്തണം.

വ്യാപാരികളുടെ നഷ്ടം കണ്ടെത്താനും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളേയും സന്നദ്ധ സംഘടനകളേയും ചുമതലപ്പെടുത്തണം. പ്രളയബാധിത പ്രദേശങ്ങളല്ലാത്തിടങ്ങളിലും വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായവര്‍ക്കും സമാന നഷ്ടപരിഹാരം നല്‍കണം. ഈ സാഹചര്യത്തില്‍ കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണന പ്രതിഷേധാര്‍ഹമാണ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിച്ച് പുനര്‍ നിര്‍മാണത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. ഇതിനായി കേരളത്തില്‍ നിന്നുള്ള രാജ്യസഭാ-ലോക്‌സഭാ അംഗങ്ങള്‍ സംയുക്തമായി സമ്മര്‍ദം ചെലുത്തണം. ഈ ആവശ്യത്തിനായി കേരള നിയമസഭ പ്രത്യേക സമ്മേളനം വിളിച്ച് പ്രമേയം പാസാക്കണമെന്നും ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top