Kerala

സംഘപരിവാര്‍ വിരുദ്ധ ഐക്യരാഷ്ട്രീയത്തിന്റെ വിജയം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

സംഘപരിവാര്‍ വിരുദ്ധ ഐക്യരാഷ്ട്രീയത്തിന്റെ വിജയം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
X

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ തുറന്ന അക്കൗണ്ട് പൂട്ടിക്കാനും അവരുടെ പുതിയ പ്രതീക്ഷകള്‍ക്ക് പ്രഹരമേല്‍പിക്കാനും കൈകോര്‍ത്ത എല്ലാ സമ്മതിദായകര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നതായി ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍. എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്തു വിവേചനമില്ലാത്ത കൂടുതല്‍ കാര്യക്ഷമതയോടെയുള്ള ഭരണത്തിന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇടതു സര്‍ക്കാരിന് കഴിയട്ടെ എന്ന് ആശംസിക്കുന്നതായും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ഭാരവാഹികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവാത്തത് ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ വിജയമായല്ല; ഹിംസാത്മക ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ ഇരകളുടെ സ്വത്വപരമായ രാഷ്ട്രീയ ഇഛാശക്തി ജനകീയമായതിന്റെ വിജയമാണ്. മുന്നണികള്‍ക്ക് വിധേയപ്പെടാത്ത ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകള്‍ ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ തൊട്ടടുത്ത ജയസാധ്യതയുള്ള മതേതര സ്ഥാനാര്‍ഥിയിലേക്ക് കേന്ദ്രീകരിപ്പിക്കാന്‍ കഴിഞ്ഞതാണ് ബിജെപിയുടെ കനത്ത പരാജയത്തിന് നിമിത്തമായത്. ഈ സൂക്ഷ്മ രാഷ്ട്രീയം അടിച്ചമര്‍ത്തപ്പെട്ടവരുടെ മുന്നേറ്റത്തിന് കൂടുതല്‍ ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്. ഇടതുപക്ഷ ഭരണം യുഡിഎഫിനേക്കാള്‍ സംഘപരിവാര്‍ ഭീഷണിയെക്കതിരായ ഭേദപ്പെട്ട പ്രതിരോധ മാര്‍ഗമാണെന്ന ന്യൂനപക്ഷങ്ങളുടെയും മതേതര വിശ്വാസികളുടെയും വിശ്വാസം കൂടിയാണ് എല്‍ഡി എഫിനെ വീണ്ടും ഭരണത്തിലെത്തിച്ചിട്ടുള്ളത്. ആ വിശ്വാസത്തിന് കളങ്കമേല്‍ക്കാതിരിക്കാന്‍ പുതിയ കാലത്ത് സര്‍ക്കാരിന് ഉറച്ച നിലപാടുകള്‍ ഉണ്ടാവേണ്ടതുണ്ട്.

യുഡിഎഫിന്റെ രാഷ്ട്രീയ ദൗര്‍ബല്യവും ഇടതുപക്ഷ സര്‍ക്കാരിന്റെ റേഷന്‍, പെന്‍ഷന്‍ പോലുള്ള ഗാര്‍ഹിക ആവശ്യ നിര്‍വഹണത്തിലുണ്ടായ പ്രത്യേക ശ്രദ്ധയും എല്‍ഡിഎഫിന് ജനപിന്തുണ വര്‍ധിക്കാനും രണ്ടാമതും അധികാരത്തിലെത്താനും സഹായകമായിട്ടുണ്ട്. മൃദുഹിന്ദുത്വം പയറ്റിയും സംഘപരിവാര്‍ ഭാഷ സംസാരിച്ചും ലൗ ജിഹാദ് ആരോപിച്ചും വോട്ടു നേടാന്‍ ശ്രമിച്ച ഏതാനും സ്ഥാനാര്‍ഥികളെ പരാജയത്തിന്റെ കയ്പുനീരു കുടിപ്പിക്കാന്‍ സമ്മതിദായകര്‍ കാണിച്ച ഉയര്‍ന്ന വിവേകത്തെ പ്രത്യേകം പ്രശംസിക്കേണ്ടതാണ്. വരും നാളുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദുത്വ ഭരണ സമ്മര്‍ദ്ധങ്ങള്‍ക്ക് വിധേയപ്പെടാതെ ജനങ്ങളര്‍പ്പിച്ച മതേതര പിന്തുണയെ എന്തു വില കൊടുത്തും സംരക്ഷിക്കാനും എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്ത് നീതിപൂര്‍വകവും ക്ഷേമപൂര്‍ണവുമായ ഭരണനിര്‍വഹണത്തിന് മാതൃക കാണിക്കാനും പുതിയ ഇടതുപക്ഷ സര്‍ക്കാരിന് കഴിയട്ടെയെന്നും നേതാക്കള്‍ ആശംസിച്ചു.

പ്രസ്താവനയില്‍ ഭാരവാഹികളായ ടി അബ്ദുറഹ്മാന്‍ ബാഖവി, അര്‍ഷദ് മുഹമ്മദ് നദ്‌വി, വിഎം ഫതഹുദ്ദീന്‍ റഷാദി, കെകെ അബ്ദുല്‍ മജീദ് ഖാസിമി, ഹാഫിസ് അഫ്‌സല്‍ ഖാസിമി, എംഇഎം അശ്‌റഫ് മൗലവി, ഹാഫിസ് നിഷാദ് റഷാദി, അബ്ദുല്‍ ഹാദി മൗലവി, മുഹമ്മദ് സലീം അല്‍ ഖാസിമി എന്നിവര്‍ ഒപ്പുവച്ചു.

Next Story

RELATED STORIES

Share it