Kerala

വെറ്റിലപ്പാറ വില്ലേജില്‍ വ്യാജ പട്ടയം വ്യാപകം; പിന്നില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടെന്ന് ആരോപണം

ഏക്കര്‍ കണക്കിന് ഭൂമിക്ക് വ്യാജ പട്ടയം ഉണ്ടാക്കി പലരുംഭൂമി സ്വന്തമാക്കിയതായി ആദിവാസികള്‍ പറഞ്ഞു. 25000 രൂപ നല്‍കിയാല്‍ പട്ടയം സംഘടിപ്പിച്ചു നല്‍കുന്ന സംഘത്തിന് സഹായം നല്‍കുന്നതിന് ഉദ്യോഗസ്ഥരുണ്ടെന്നാണ് വിവരം.

വെറ്റിലപ്പാറ വില്ലേജില്‍ വ്യാജ പട്ടയം വ്യാപകം;  പിന്നില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടെന്ന് ആരോപണം
X

മലപ്പുറം: അരീക്കോട് ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറ വില്ലേജില്‍ ഓടക്കയം ആദിവാസി മേഖലയില്‍ വന്‍ ഭൂമിതട്ടിപ്പ്. ആദിവാസികളുടെ ഭൂമി പേരുമാറ്റി മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്യുന്നതിന് പിന്നില്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടെന്നാണ് ആരോപണം. ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ചെക്കുന്ന് മലയിലെ വേഴക്കോട് ഭാഗത്ത് ആദിവാസി ഭൂമി പ്രമുഖ രാഷ്ട്രീയ നേതാവിന്റെയും ബന്ധുവിന്റെയും പേരില്‍ മാറ്റിയത് വിവാദമായതിന് പിറകെയാണ് ചെക്കുന്ന് മലയില്‍ ഉള്‍പ്പെട്ട ഓടക്കയത്ത് ആദിവാസി ഭൂമിക്ക് വ്യാജ പട്ടയം ഉണ്ടാക്കി ഭൂമി തട്ടാനുള്ള ശ്രമം വിവാദമായത്. വെറ്റിലപ്പാറ വില്ലേജ് ഓഫിസര്‍ ആയിരുന്ന ആദിവാസി കൂടിയായ ഗോപാലകൃഷ്ണന്‍ എന്നയാള്‍ ഓടക്കയത്തെ ആദിവാസി ഭൂമി ഈ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത അദ്ദേഹത്തിന്റെ ഭാര്യ മാതാവിന്റെ പേരില്‍ മാറ്റം ചെയ്തു നികുതി അടച്ചതിനെതിരെയാണ് മലപ്പുറം ജില്ലാ കലക്ടര്‍ക്ക് പരാതി ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ നടത്തിയ അന്വേഷണത്തില്‍ 8/2 സര്‍വ്വേയില്‍ എസ് എം 979/2014 നമ്പറില്‍ 1.0 118 ഹെക്ടര്‍ ഭൂമിയാണ് ആദിവാസി വിഭാഗത്തില്‍പ്പെടാത്ത വത്സല എന്നയാളുടെ പേരില്‍ മാറ്റിയതായി കണ്ടെത്തി.

വെറ്റിലപ്പാറ വില്ലേജ് അസിസ്റ്റന്റ് ആയിരുന്ന ഗോപാലകൃഷണന്റെ ഭാര്യാമാതാവാണ് ഇവരെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത് വിവരവകാശ രേഖയിലുണ്ട്. 1962 ല്‍ അടച്ച നികുതിയില്‍ മാറ്റം വരുത്തിയാണ് ഭൂമിക്ക് പട്ടയം ലഭ്യമാക്കിയത്. 25 വര്‍ഷം മുന്‍പ് മരണപ്പെട്ട ആദിവാസിയായ രാമന്‍ മുത്തന്‍ എന്നയാളുടെ പേരിലുള്ള ഭൂമിക്കാണ് വ്യാജ പട്ടയം ഉണ്ടാക്കിത്. ഇതിന് ഒത്താശ ചെയ്ത വില്ലേജ് ഓഫിസര്‍, വില്ലേജ് അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നാണ് വിവരം.

വെറ്റിലപ്പാറ വില്ലേജ് സര്‍വ്വേ നമ്പര്‍ 8/2 ഉള്‍പ്പെടെയുള്ള ഭാഗത്ത് 5210 . 96 ഏക്കര്‍ ഭൂമി ഉണ്ടെന്നാണ് ഔദ്യോഗിക രേഖകളില്‍ ഉള്ളത്. ഈ പ്രദേശങ്ങളില്‍ റീസര്‍വ്വേ നടത്താന്‍ ബന്ധപ്പെട്ട് റവന്യൂ വകുപ്പ് തയ്യാറാകാത്തതാണ് ഭൂമാഫിയ സംഘംങ്ങള്‍ക്ക് അനുകൂലമായത് ' വെറ്റിലപ്പാറ വില്ലേജില്‍പ്പെട്ട ഓടക്കയം ചെക്കുന്ന് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വനഭൂമിയുള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ സര്‍വ്വേ നടക്കാത്തതു കാരണം ഇവിടെ ഭുമി സ്വന്തമാക്കാന്‍ വ്യാജ പട്ടയം ഉണ്ടാക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായാണ് വിവരം.

ആദിവാസി ഭൂമി കൈമാറ്റം ചെയ്തതുള്‍പ്പെടെ ഏക്കര്‍ കണക്കിന് ഭൂമിക്ക് വ്യാജ പട്ടയം ഉണ്ടാക്കി പലരുംഭൂമി സ്വന്തമാക്കിയതായി ആദിവാസികള്‍ പറഞ്ഞു. 25000 രൂപ നല്‍കിയാല്‍ നികുതി അടച്ച രസീതിയുള്‍പ്പെടെ പട്ടയം സംഘടിപ്പിച്ചു നല്‍കുന്ന സംഘത്തിന് സഹായം നല്‍കുന്നതിന് റവന്യു വകുപ്പില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുണ്ടെന്നാണ് വിവരം. രവിന്ദ്രന്‍ പട്ടയത്തിന് തുല്യമായ വ്യാജ പട്ടയമാണ് ഇവിടെയുള്ളതെന്ന് ആദിവാസികള്‍ ആരോപിച്ചു. ഇത്തരത്തില്‍ സംഘടിപ്പിക്കുന്ന രേഖകള്‍ ഉപയോഗിച്ച് കാര്‍ഷിക ലോണ്‍, മറ്റ് വായ്പകളും തരപ്പെടുത്തുന്നുണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്.

Next Story

RELATED STORIES

Share it