Kerala

മാനസിക പീഡനവും വധഭീഷണിയും; പിന്‍വാങ്ങുന്നുവെന്ന് വേങ്ങരയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി

പാര്‍ട്ടി നേതാക്കളുടെ നിലപാടിനെ എതിര്‍ത്തപ്പോള്‍ തന്നെ ഇല്ലാതാക്കി കളയുമെന്ന് പറഞ്ഞു. അഭിസാരികയായും മറ്റു മോശം രീതിയിലും ചിത്രീകരിച്ചു.

മാനസിക പീഡനവും വധഭീഷണിയും; പിന്‍വാങ്ങുന്നുവെന്ന് വേങ്ങരയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി
X

കോഴിക്കോട്: സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് താന്‍ പിന്‍വാങ്ങുന്നുവെന്ന് വേങ്ങരയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അനന്യ കുമാരി അലക്‌സ്. തന്നെ സ്ഥാനാര്‍ഥിയാക്കിയ ജനാധിപത്യ സോഷ്യല്‍ ജസ്റ്റിസ് എന്ന പാര്‍ട്ടി നേതാക്കളില്‍ നിന്ന് കടുത്ത മാനസിക പീഡനവും വധഭീഷണിയും ഉണ്ടായെന്ന് അനന്യകുമാരി പറഞ്ഞു. സാങ്കേതികമായി പത്രിക പിന്‍വലിക്കാന്‍ സാധിക്കാത്തതിനാല്‍ താനിപ്പോള്‍ പ്രചാരണം നിര്‍ത്തിയെന്നും അവര്‍ വ്യക്തമാക്കി.

പാര്‍ട്ടി നേതാക്കളുടെ നിലപാടിനെ എതിര്‍ത്തപ്പോള്‍ തന്നെ ഇല്ലാതാക്കി കളയുമെന്ന് പറഞ്ഞു. അഭിസാരികയായും മറ്റു മോശം രീതിയിലും ചിത്രീകരിച്ചു. അസഭ്യം പറയുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തുവെന്നും അനന്യ കുമാരി പറഞ്ഞു.

ബുക്ക് മൈ ഡേ എന്ന ഇവന്റ് കമ്പനി ഉടമയാണ്‌ എന്നെ ജനാധിപത്യ സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുമായി ബന്ധപ്പെടുത്തിയത്. ഔദ്യോഗിക പദവി വഹിക്കുന്നില്ലെങ്കിലും പാര്‍ട്ടിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ദല്ലാള്‍ നന്ദകുമാറെന്ന ടി.ജി.നന്ദകുമാറാണെന്ന് അവര്‍ ആരോപിച്ചു. ഞാന്‍ പിന്‍മാറുകയാണെന്ന് പറഞ്ഞപ്പോള്‍ വെറുതെ വിടില്ലെന്നും തീര്‍ക്കുമെന്നും പറഞ്ഞതായി അനന്യ ആരോപിച്ചു.

കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചത്. വേങ്ങര മൽസരത്തിനായി തിരഞ്ഞെടുത്തത് ഞാനല്ല. പാര്‍ട്ടിയാണ് അവിടെ മൽസരിക്കണമെന്ന് പറഞ്ഞത്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് എന്ത് ചെയ്യും, പാവപ്പെട്ടവര്‍ക്ക് എന്ത് ചെയ്യുന്ന എന്നതടക്കമുള്ള എന്റെ ചോദ്യങ്ങള്‍ വളരെ പോസിറ്റീവായ മറുപടിയാണ് എന്നെ സ്ഥാനാര്‍ഥിയാക്കാന്‍ സമീപിച്ചവരില്‍ നിന്ന് ലഭിച്ചിരുന്നത്.

കുഞ്ഞാലിക്കുട്ടിക്കെതിരെ മോശം രീതിയില്‍ സംസാരിക്കണമെന്ന് പറഞ്ഞു. സര്‍ക്കാരിനെ കുറ്റം പറയണം. പര്‍ദ്ദയിട്ട് ഇറങ്ങണം എന്നും പറഞ്ഞു. ഇതൊന്നും ചെയ്യില്ലെന്നറിയിച്ചു. എന്റെ വ്യക്തിത്വം അടിയറവ് വെച്ച് ഒന്നും ചെയ്യില്ലെന്ന് പറഞ്ഞു. തുടര്‍ന്നാണ് പീഡനങ്ങളുണ്ടായത്. എന്നെ അവര്‍ ഉപയോഗിക്കുകയായിരുന്നു. എന്നെ മുന്നില്‍ നിര്‍ത്തി അവര്‍ക്ക് ചില പദ്ധതികളുണ്ടായിരുന്നു. അത് എനിക്ക് മനസ്സിലായിട്ടില്ല. എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്. എന്റേതായ നിലപാടുണ്ട്. അത് അടിയറവ് വച്ച് പ്രവര്‍ത്തിക്കാന്‍ എനിക്കാകുമായിരുന്നില്ലെന്ന് അനന്യ കുമാരി പ്രതികരിച്ചു.

Next Story

RELATED STORIES

Share it