Kerala

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം; കോട്ടയത്ത് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഉന്തും തള്ളും, പോലിസുമായി വാക്കേറ്റം

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം; കോട്ടയത്ത് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഉന്തും തള്ളും, പോലിസുമായി വാക്കേറ്റം
X

കോട്ടയം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായതോടെ പലയിടത്തും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ജനങ്ങള്‍ തടിച്ചുകൂടുന്നു. കോട്ടയത്ത് മെഗാ വാക്‌സിനേഷന്‍ ക്യാംപില്‍ ടോക്കണ്‍ വിതരണത്തിനിടെ വാക്ക് തര്‍ക്കവും സംഘര്‍ഷാവസ്ഥയുമുണ്ടായി. ബേക്കര്‍ മെമ്മോറിയല്‍ എല്‍പി സ്‌കൂളിലാണ് ടോക്കണുവേണ്ടി തിക്കും തിരക്കുമുണ്ടായത്. വാക്‌സിനെടുക്കാനെത്തിയവര്‍ കൂടിനില്‍ക്കാന്‍ തുടങ്ങിയതോടെ പോലിസ് ടോക്കണ്‍ നല്‍കാന്‍ തുടങ്ങിയതാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്.

രാവിലെ മുതലെത്തി ക്യൂ നില്‍ക്കുന്നവരെ അവഗണിച്ച് പിന്നീടെത്തിയവര്‍ക്ക് പോലിസ് ടോക്കണ്‍ നല്‍കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇതോടെ സ്ഥലത്ത് വാക്കേറ്റവും ഉന്തും തള്ളും ബഹളവുമായി. സാമൂഹിക അകലം പാലിക്കാതെയാണ് ഇവിടെ ജനങ്ങള്‍ തിങ്ങിക്കൂടിയത്. കഴിഞ്ഞ മൂന്നുദിവസവും ഈ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വലിയ ജനത്തിരക്കക്ക് അഭവപ്പെട്ടിരുന്നു. വരി നിന്നിട്ടും വാക്‌സിന്‍ ലഭിക്കാതെ നിരവധി പേര്‍ മടങ്ങിപ്പോവുകയും ചെയ്തു. ഇന്ന് രാവിലെ ആറു മണി മുതല്‍ വാക്‌സിനു വേണ്ടി ജനങ്ങള്‍ സ്‌കൂളിലെത്തിയിരുന്നു.

കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്തവരും ധാരാളമായി ഇവിടെ എത്തിയിരുന്നു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടോക്കണ്‍ നല്‍കുകയും അല്ലാത്തവരോട് ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇവരെ പരിഗണിച്ചില്ലെന്നാരോപിച്ചാണ് പ്രശ്‌നം തുടങ്ങിയത്. ക്യൂവില്‍ നിന്ന ആളുകള്‍ക്ക് ടോക്കണ്‍ നല്‍കാന്‍ തുടങ്ങിയപ്പോള്‍ ക്യൂവിലില്ലാത്തവരും തള്ളിക്കയറി. തുടര്‍ന്ന് പോലിസ് ഉദ്യോഗസ്ഥരുമായും ജീവനക്കാരുമായും വലിയ വാക്കുതര്‍ക്കത്തിലേക്കും ബഹളത്തിലേക്കും നീങ്ങുകയായിരുന്നു.

മെഗാ വാക്‌സിനേഷന്‍ ക്യാംപെന്ന് അറിയിപ്പ് നല്‍കിയിട്ടും ആരോഗ്യവകുപ്പ് അതിനുള്ള ഒരുക്കങ്ങള്‍ നടത്താതിരുന്നതാണ് ജനങ്ങള്‍ തള്ളിക്കയറാന്‍ കാരണമായതെന്നാണ് വിമര്‍ശനമുയരുന്നത്. സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ ക്യൂവില്‍ തള്ളിക്കയറിയത് കൊവിഡ് വ്യാപന ആശങ്ക പരത്തുന്നതായിരുന്നു. നിശ്ചിത ആളുകളെ ക്യാംപിലേക്ക് വിളിക്കാന്‍ അധികൃതര്‍ ക്രമീകരണമുണ്ടാക്കാത്തതാണ് പ്രതിസന്ധിസൃഷ്ടിച്ചത്. പാലക്കാട്ട് മോയന്‍സ് എല്‍പി സ്‌കൂളില്‍ നടക്കുന്ന മെഗാ വാക്‌സിനേഷന്‍ ക്യാംപിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മുതിര്‍ന്ന പൗരന്‍മാര്‍ അടക്കം ആയിരത്തോളം പേരാണ് രാവിലെ തന്നെ സാമൂഹിക അകലം പാലിക്കാതെ വരിനിന്നത്.

Next Story

RELATED STORIES

Share it