Kerala

ഐസ്‌ക്രീം പാര്‍ലര്‍ പീഡനക്കേസ്: കുഞ്ഞാലിക്കുട്ടിയെയും റൗഫിനെയും കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വി എസ് ഹൈക്കോടതിയില്‍

ഹൈക്കോടതി നിരീക്ഷണത്തില്‍ നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട നടപടികള്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അവസാനിപ്പിച്ചത് ശരിയായില്ലെന്ന് ഹരജിയില്‍ വി എസ് വാദിക്കുന്നു.

ഐസ്‌ക്രീം പാര്‍ലര്‍ പീഡനക്കേസ്:   കുഞ്ഞാലിക്കുട്ടിയെയും റൗഫിനെയും കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വി എസ് ഹൈക്കോടതിയില്‍
X

കൊച്ചി: വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ പീഡനക്കേസില്‍ കീഴ്‌കോടതി വിധിക്കെതിരെ വി എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്.കേസിന്റെ അന്വേഷണവും വിചാരണയും അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിലെ നടപടികള്‍ അവസാനിപ്പിച്ച കീഴ്‌ക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജിയില്‍ മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയേയും റൗഫിനെയും കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. കോഴിക്കോട് ടൗണ്‍ പോലിസ് 2011ല്‍ റജിസ്റ്റര്‍ ചെയ്യുകയും പ്രത്യേക സംഘം അന്വേഷിക്കുകയും ചെയ്ത കേസിലെ നടപടികള്‍ കഴിഞ്ഞ ഡിസംബര്‍ 23നാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അവസാനിപ്പിച്ചത്. അന്വേഷണം തുടരേണ്ടതില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ട് അംഗീകരിച്ചായിരുന്നു നടപടി. ഇതിനെയാണ് വി എസ് അച്യുതാന്ദന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുന്നത്. ഹൈക്കോടതി നിരീക്ഷണത്തില്‍ നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട നടപടികള്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അവസാനിപ്പിച്ചത് ശരിയായില്ലെന്ന് ഹരജിയില്‍ വി എസ് വാദിക്കുന്നു.പോലിസ് റിപോര്‍ടിലെ ഉള്ളടക്കം എന്താണെന്ന കാര്യം ഹരജിക്കാരന് അറിയില്ല. രാഷ്ട്രീയമായി സ്വാധീനമുള്ളവര്‍ നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ചത് എങ്ങനെയെന്ന കാര്യം പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചില്ല. ഇരകള്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് പി കെ കുഞ്ഞാലിക്കുട്ടിയും കെ എ റൗഫും നല്‍കിയത്. കേസിലെ വിചാരണ കഴിഞ്ഞയുടന്‍ ഇരകളെ ലണ്ടനിലേക്ക് കടത്തുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ച് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് വി എസ് ഹരജിയില്‍ ആവശ്യപ്പെടുന്നത്




Next Story

RELATED STORIES

Share it