Kerala

ആലുവയിലെ നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ആരോപണ വിധേയനായ സി ഐയെ സംരക്ഷിച്ചത് സിപിഎം നേതാവെന്ന് വി ഡി സതീശന്‍

സി ഐ സുധീറിനെ സ്‌റ്റേഷന്‍ ചുമതലില്‍ നിന്നും മാറ്റിയെന്ന് പറഞ്ഞ് ആദ്യം ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു.താന്‍ ഡിജിപിയെയും ഡി ഐ ജിയെയും എസ്പിയെയുമൊക്കെ ബന്ധപ്പെട്ടപ്പോള്‍ സി ഐ സുധീറിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ ആരോ ഇവരെ പിന്നില്‍ നിന്നും വലിക്കുന്നുണ്ടെന്നാണ് തനിക്ക് തോന്നിയതെന്നും വി ഡി സതീശന്‍

ആലുവയിലെ നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ആരോപണ വിധേയനായ സി ഐയെ സംരക്ഷിച്ചത് സിപിഎം നേതാവെന്ന് വി ഡി സതീശന്‍
X

കൊച്ചി: ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വ്വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സി ഐയെ സംരക്ഷിച്ചത് സിപിഎം നേതാവാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.മോഫിയ പര്‍വ്വീണിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി ഐ സുധീറിനെ സ്‌റ്റേഷന്‍ ചുമതലില്‍ നിന്നും മാറ്റിയെന്ന് പറഞ്ഞ് ആദ്യം ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു.താന്‍ ഡിജിപിയെയും ഡി ഐ ജിയെയും എസ്പിയെയുമൊക്കെ ബന്ധപ്പെട്ടപ്പോള്‍ സി ഐ സുധീറിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ ആരോ ഇവരെ പിന്നില്‍ നിന്നും വലിക്കുന്നുണ്ടെന്നാണ് തനിക്ക് തോന്നിയത്.ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ എന്തിനാണ് ഇത്രയും വലിയ ശ്രമം നടത്തിയതെന്നും വി ഡി സതീശന്‍ ചോദിച്ചു.

സി ഐ സുധീര്‍ ഇതിനേക്കള്‍ കുഴപ്പം പിടിച്ച സംഭവങ്ങളില്‍ മുമ്പ് പെട്ടിട്ടുണ്ടെന്നാണ് തനിക്ക് അന്വേഷിച്ചപ്പോള്‍ വ്യക്തമായത്. അന്ന് സിപിഎമ്മിന്റെ ഒരു ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ ചില പ്രധാനപ്പെട്ടവര്‍ ഈ ഉദ്യോഗസ്ഥനെ സംരക്ഷിച്ചിരുന്നുവെന്നാണ് വ്യക്തമായതെന്നും വി ഡി സതീശന്‍ ആരോപിച്ചു.ഇത്തരത്തില്‍ സംരക്ഷണം കിട്ടുന്നതാണ് സ്വന്തം മകളെ പോലെ കാണേണ്ട പെണ്‍കുട്ടിയോടും അവരുടെ പിതാവിനോടുമൊക്കെ ഇത്തരത്തില്‍ പെരുമാറാന്‍ ഇവര്‍ക്ക് ധൈര്യം കിട്ടുന്നതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.കേരളത്തിലെ പോലിസ് സ്‌റ്റേഷനുകളില്‍ ഇനിയെങ്കിലും ഒരു പെണ്‍കുട്ടി പോലും പോലിസ് സ്‌റ്റേഷനുകളില്‍ അപമാനിക്കപ്പെടരുതെന്നും മുഖ്യമന്ത്രി ഇതിനാവാശ്യമായ നടപടി സ്വീകരിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

പാരാതി കൊടുക്കുമ്പോള്‍ മുന്‍വിധിയോടെ പെരുമാറുന്ന രീതിയാണ് പോലിസ് സ്‌റ്റേഷനുകളില്‍ വ്യാപകമായി ഉണ്ടാകുന്നത്.അപൂര്‍വ്വം ഉദ്യോഗസ്ഥര്‍ മാത്രമാണ് ഗൗരവമായി കാണുന്നത്.ഒരു പെണ്‍കുട്ടി പരാതിയുമായി പോലിസ് സ്‌റ്റേഷനില്‍ എത്തുമ്പോള്‍ സ്വന്തം മകളാണ് വരുന്നതെന്ന് കരുതി അവരോട് പെരുമാറേണ്ട ബാധ്യത പോലിസിനുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന മകള്‍ക്കൊപ്പം എന്ന കാംപയനില്‍ നിരവധി ഫോണ്‍കോളുകളാണ് എത്തുന്നത്.അവര്‍ക്ക് സൗജ്യനമായ നിയമോപദേശം നല്‍കുന്നതിനൊപ്പം പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി കേസും നടത്തിക്കൊടുക്കുന്നുണ്ടെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

മകള്‍ക്കൊപ്പം എന്ന കാംപയിന്റെ മൂന്നാഘട്ടത്തിന്റെ ഭാഗമായി കാംപസുകളില്‍ കാംപയിന്‍ തുടങ്ങുകയാണ്.സ്ത്രീധനത്തിനെതിരായും കുട്ടികളില്‍ ആത്മവിശ്വാസം നല്‍കുന്നതിന്റെയും ഭാഗമായിട്ടാണ് കാംപയിന്‍ തുടങ്ങുന്നതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.മോഫിയ പര്‍വീണ്‍ പഠിച്ചിരുന്ന തൊടുപുഴ അല്‍ അസര്‍ കോളജില്‍ നിന്നും ഡിസംബര്‍ മൂന്നിന് കാംപയിന്‍ ആരംഭിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.മോഫിയയുടെ കുടുബത്തിന് നീതി ലഭിക്കുന്നതിനായി കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കും.കേസിന്റെ നടത്തിപ്പ് ഉള്‍പ്പെടെ ആവശ്യമായ എല്ലാ സഹായവും കോണ്‍ഗ്രസ് നല്‍കും.ഇതിനായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ ആവശ്യമായ സംവിധാനം ചെയ്തിട്ടുണ്ടെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it