Kerala

മൂന്നുമാസത്തിനുള്ളില്‍ സര്‍വകലാശാലകള്‍ എല്ലാ സേവനങ്ങളും ഓണ്‍ലൈനാക്കണം: മന്ത്രി കെ ടി ജലീല്‍

വൈസ് ചാന്‍സലര്‍മാരുമായി മന്ത്രിയുടെ ചേംബറില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മൂന്നുമാസത്തിനുള്ളില്‍ സര്‍വകലാശാലകള്‍ എല്ലാ സേവനങ്ങളും ഓണ്‍ലൈനാക്കണം: മന്ത്രി കെ ടി ജലീല്‍
X

തിരുവനന്തപുരം: മൂന്നുമാസത്തിനുള്ളില്‍ സര്‍വകലാശാലകള്‍ എല്ലാ സേവനങ്ങളും/സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനായി നല്‍കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍. വിദ്യാര്‍ഥികള്‍ക്ക് എല്ലാ സേവനവും ഓണ്‍ലൈനായി നല്‍കണമെന്ന തീരുമാനം നടപ്പാക്കാനുള്ള ഉത്തരവാദിത്വം വൈസ് ചാന്‍സലര്‍മാര്‍ ഏറ്റെടുക്കണം. ഇക്കാര്യത്തിലുള്ള തടസ്സങ്ങളെ അതിജീവിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. വൈസ് ചാന്‍സലര്‍മാരുമായി മന്ത്രിയുടെ ചേംബറില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അടുത്ത അധ്യയനവര്‍ഷം യുജി, പിജി ക്ലാസുകള്‍ ജൂണ്‍ ഒന്നിന് ആരംഭിക്കണം. അതനുസരിച്ച് അക്കാദമിക കലണ്ടര്‍ തയ്യാറാക്കണം. ഓരോ സെമസ്റ്ററിന്റെയും ക്ലാസ് തുടങ്ങുന്നതും അവസാനിക്കുന്നതും, പരീക്ഷാതിയ്യതി, ഫലപ്രഖ്യാപനം എന്നിവയെല്ലാം വിശദമാക്കി അക്കാദമിക് കലണ്ടര്‍ തയ്യാറാക്കണം. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് ജൂലൈ 15നകവും കലോല്‍സവങ്ങള്‍ ജനുവരി 15 നകവും പൂര്‍ത്തിയാക്കണം. ഇതനുസരിച്ചായിരിക്കണം അക്കാദമിക കലണ്ടര്‍ തയ്യാറാക്കേണ്ടത്. വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലെ തീരുമാനപ്രകാരം യുജി പരീക്ഷാഫലം ഏപ്രില്‍ 30 നകം പ്രസിദ്ധീകരിക്കാന്‍ എല്ലാ സര്‍വകലാശാലകള്‍ക്കും കഴിഞ്ഞിട്ടില്ല.

യുജി, പിജി ഫലങ്ങള്‍ ഒരുമിച്ച് ഏപ്രില്‍ 30ന് പ്രസിദ്ധീകരിച്ച കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയും യുജി ഫലം ഏപ്രില്‍ 29 ന് പ്രഖ്യാപിച്ച എംജിയും സമയക്രമം പാലിച്ചു. എല്ലാ സര്‍വകലാശാലകളും സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള കോളജുകളും ഉയര്‍ന്ന നാക് അക്രഡിറ്റേഷന്‍ ഗ്രേഡ് ലഭിക്കുന്നതിന് സജ്ജരാവണം. മൂല്യനിര്‍ണയ ക്യാംപുകളില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ക്കെതിരേ കര്‍ശന നടപടികള്‍ കൈക്കൊള്ളും. സര്‍വകലാശാലകളിലെ അധ്യാപകരും ജീവനക്കാരും ഓഫിസ് അച്ചടക്കം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. പഞ്ചിങ് കൃത്യമായി നടപ്പാക്കണം.

ഫലപ്രഖ്യാപനം കഴിഞ്ഞ് രണ്ടുമാസത്തിനകം എല്ലാ വിദ്യാര്‍ഥികളുടെയും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കണം. സര്‍വകലാശാലകള്‍ സിലബസ് റിവിഷന്‍ ഉടന്‍ പൂര്‍ത്തിയാക്കണം. ബോര്‍ഡ് ഓഫ് സ്റ്റഡീസ്/അക്കാദമിക കൗണ്‍സില്‍ എന്നിവയില്‍ പ്രഗത്ഭരായവരെ മാത്രം ഉള്‍പ്പെടുത്തണമെന്നും സര്‍വകലാശാലകളോട് മന്ത്രി നിര്‍ദേശിച്ചു. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍, സംസ്‌കൃത, മലയാളം, കുസാറ്റ്, എപിജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റികളിലെ വൈസ് ചാന്‍സലര്‍മാര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it