Kerala

രാവിനെ പകലാക്കി പണ്ഡിതസമൂഹം; സമരാവേശത്തിൽ അനന്തപുരി

തിരുവനന്തപുരം നഗരത്തെ അക്ഷരാർഥത്തിൽ വെള്ളക്കടലാക്കി മാറ്റിയ റാലിയിൽ ആയിരക്കണക്കിന് പണ്ഡിതൻമാർ ഒഴുകിയെത്തിയതോടെ അനന്തപുരിയുടെ പോരാട്ടമണ്ണിൽ പുതുചരിത്രമാണ് പിറന്നത്.

രാവിനെ പകലാക്കി  പണ്ഡിതസമൂഹം; സമരാവേശത്തിൽ അനന്തപുരി
X

തിരുവനന്തപുരം: അനന്തപുരിയുടെ രാവിനെ പകലാക്കി മാറ്റി പണ്ഡിതന്മാരുടെ രാപ്പകൽ സമരം. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, യുപി സര്‍ക്കാറിന്റെ നരനായാട്ട് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുമായി ഉലമാ സംയുക്ത സമിതിയാണ് രാജ്ഭവന് മുന്നിൽ രാപ്പകൽ സമരം ആരംഭിച്ചത്. ഇന്നു വൈകീട്ട് മൂന്നിന് ആരംഭിച്ച രാപകല്‍ ധര്‍ണയില്‍ കേരളത്തിലെ വിവിധ പണ്ഡിത സംഘടനകളുടെ പ്രതിനിധികളായ 1000 പേരാണ് സംബന്ധിക്കുന്നത്. നാളെ രാവിലെ 11.30ന് ധര്‍ണ സമാപിക്കും.


വി എച്ച് അലിയാർ മൗലവി മുഖ്യപ്രഭാഷണം നടത്തി. കെ എം അഷ്‌റഫ് (ഇത്തിഹാദുൽ ഉലമ സംസ്ഥാന പ്രസിഡന്റ്), ഹസൻ ബസരി മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ), വി എം ഫത്തഹുദ്ധീൻ റഷാദി (ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ്), ഇ എം സുലൈമാൻ മൗലവി (അൽ കൗസർ ഉലമ കൗൺസിൽ സംസ്ഥാന പ്രസിഡന്റ്), ഹാഫിസ് ഇ പി അബൂബക്കർ ഖാസിമി, കേരള സർവകലാശാല മുൻ അറബിക് ഡിപ്പാർട്ട്മെന്റ് മേധാവി നിസാർ, ഡോ.സൈദ് മുഹമ്മദ് ഖാസിമി,


സൂസെപാക്യം (ലത്തീൻ കത്തോലിക്ക ആർച്ച് ബിഷപ്പ്), മാഹീൻ ഹസ്രത് (ബാഖിയാത്ത് സ്വാലിഹാത് മുദരിസ്), പി എച്ച് അബ്ദുൽ ഗഫാർ മൗലവി, വെഞ്ഞാറമൂട് ജമാഅത്ത് പ്രസിഡന്റ് ഷാജഹാൻ, ഖാലിദ് റഷാദി നദ്‌വി (കുല്ലിയ്യത്ത് ഖുർആൻ കോളജ് ലക്ചറർ), മജീദ് നദ്‌വി, മണക്കാട് ജമാഅത്ത് പ്രസിഡന്റ് അലൻ നസീർ, തടിക്കാട് സഈദ് ഫൈസി, തോന്നയ്ക്കൽ മുഹമ്മദ് മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ), പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി (മുസ്‌ലിം ഐക്യവേദി), മുവാറ്റുപുഴ അഷ്‌റഫ് മൗലവി, പാളയം ഇമാം വി പി സുഹൈബ് മൗലവി, അംജദ് (കാംപസ് ഫ്രണ്ട് ) തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ച്‌ സംസാരിച്ചു.


രാപ്പകൽ സമരത്തിന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അഭിവാദ്യം അർപ്പിച്ചു. എസ്ഡിപിഐ, കാംപസ് ഫ്രണ്ട് തുടങ്ങിയ സംഘടനകളും കിള്ളി മുസ്ലീം ജമാഅത്തും സമരത്തിന് ഐക്യദാർഡ്യവുമായി പ്രകടനം നടത്തി. ഡികെഎൽഎം നെടുമങ്ങാട് മേഖല, വിവിധ മുസ്ലിം ജമാഅത്തുകൾ, സംഘടനകൾ അഭിവാദ്യങ്ങൾ അർപ്പിച്ചു. കൾച്ചറൽ പ്രോഗ്രാമുകൾ, പടപ്പാട്ട് എന്നിവയും സമരപ്പന്തലിൽ അരങ്ങേറി. ഇസ്ലാമിക മുന്നേറ്റങ്ങളുടെ ചരിത്രം പറയുന്ന കഥാപ്രസംഗം മാവണ്ടിയൂർ അഹ്‌മദ്‌ കുട്ടി മൗലവി അവതരിപ്പിച്ചു.


ബിജെപി ഭരണകൂടത്തിന്റെ വംശവെറിക്കെതിരേ അനന്തപുരിയുടെ മണ്ണിൽ പകരം വയ്ക്കാനില്ലാത്ത പ്രതിരോധകോട്ടയാണ് പണ്ഡിതസമൂഹം തീർത്തത്. ഇന്നു രാവിലെ രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധറാലി അക്രമി ഭരണകൂടത്തിന് താക്കീതായി മാറി. തിരുവനന്തപുരം നഗരത്തെ അക്ഷരാർഥത്തിൽ വെള്ളക്കടലാക്കി മാറ്റിയ റാലിയിൽ ആയിരക്കണക്കിന് പണ്ഡിതൻമാർ ഒഴുകിയെത്തിയതോടെ അനന്തപുരിയുടെ പോരാട്ടമണ്ണിൽ പുതുചരിത്രമാണ് പിറന്നത്.


മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ പൗരൻമാരെ പകുത്തുമാറ്റി ഇന്ത്യയെ വെട്ടിമുറിക്കാനുള്ള സംഘപരിവാരനീക്കങ്ങളെ ജീവൻ നൽകിയായാലും ചെറുത്തു തോൽപ്പിക്കുമെന്ന സന്ദേശമാണ് റാലിയിൽ മുഴങ്ങിയത്. കെ മുരളീധരൻ എംപിയാണ് രാജ്ഭവന്‍ മാര്‍ച്ചും രാപകല്‍ ധര്‍ണയും ഉദ്ഘാടനം ചെയ്തത്. ബിജെപി ലക്ഷ്യമിടുന്നത് ഹിന്ദു രാഷ്ട്രമല്ല, സവർണ രാഷ്ട്രമാണെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it