Kerala

മുസ്‌ലിം പൗരത്വ പ്രക്ഷോഭങ്ങളെ തീവ്രവാദമാക്കുന്ന മുഖ്യമന്ത്രി മാപ്പു പറയണം: ഉലമ സംയുക്ത സമിതി

പൗരത്വത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച സംഘപരിവാറിന്റെ അതേ രീതിയില്‍ അതിനെതിരേയുള്ള സമരത്തെയും മുഖ്യമന്ത്രി മതം പറഞ്ഞ് ഭിന്നിപ്പിക്കുകയാണ് ചെയ്തത്.

മുസ്‌ലിം പൗരത്വ പ്രക്ഷോഭങ്ങളെ തീവ്രവാദമാക്കുന്ന മുഖ്യമന്ത്രി മാപ്പു പറയണം: ഉലമ സംയുക്ത സമിതി
X

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം സംഘടനകളും പാര്‍ട്ടികളും മഹല്ലുകളും നടത്തുന്ന പ്രക്ഷോഭങ്ങളെ തീവ്രവാദ മുദ്രചാര്‍ത്തുന്ന മുഖ്യമന്ത്രി മാപ്പു പറയണമെന്ന് ഉലമ സംയുക്ത സമിതി. എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി, പിഡിപി പോലുള്ള മുസ്‌ലിം മുന്‍കൈയിലുള്ള രാഷട്രീയ പാര്‍ട്ടികളും മഹല്ലുകളും മുസ്‌ലിം സംഘടനകളും നടത്തുന്ന വമ്പിച്ച ജനകീയ പ്രക്ഷോഭങ്ങള്‍ തീവ്രവാദമാണെന്നും തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തില്‍ നിന്നുണ്ടാവുന്നതാണെന്നും നിയമസഭയില്‍ പ്രസ്താവിച്ചുകൊണ്ട് സമരത്തെ ഭിന്നിപ്പിക്കുകയും സംഘപരിവാറിനെ സഹായിക്കുകയും ചെയ്ത മുഖ്യമന്ത്രി തന്റെ പദവിക്ക് നിരക്കാത്ത ദുഷ്‌ചെയ്തിയാണ് ചെയ്തിരിക്കുന്നത്. പ്രസ്താവന പിന്‍വലിച്ച് മതേതര ഇന്ത്യയോട് മാപ്പ് പറയണമെന്നും നാല്പതിലേറെ പണ്ഡിത സംഘടനകളുടെ സംയുക്ത വേദിയായ ഉലമ സംയുക്ത സമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പൗരത്വത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച സംഘപരിവാറിന്റെ അതേ രീതിയില്‍ അതിനെതിരേയുള്ള സമരത്തെയും മുഖ്യമന്ത്രി മതം പറഞ്ഞ് ഭിന്നിപ്പിക്കുകയാണ് ചെയ്തത്. സ്വന്തം രക്തത്തെ തിരിച്ചറിഞ്ഞതുപോലെയാണ് ഉടനെ ആ പ്രസ്താവനയെ ഉദ്ധരിച്ചു കൊണ്ട് നരേന്ദ്രമോദി രാജ്യസഭയില്‍ ആവേശഭരിതനായത്. മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ ആര്‍ക്കൊപ്പമാണെന്ന് വിളിച്ചു പറയുന്ന സന്ദര്‍ഭമായിരുന്നു അത്.

വര്‍ഷങ്ങളായി ഇന്ത്യയില്‍ ഹിന്ദുത്വ ഭീകരതയുടെ ഏറ്റവും വലിയ ഇരകളായി കഴിയുന്ന മുസ്‌ലിംകളുടെ അതിജീവന സമരങ്ങളെയും സ്വത്വപരമായ പോരാട്ട രാഷ്ട്രീയത്തെയും അവരുടെ മതം പറഞ്ഞും ചിഹ്നം പറഞ്ഞും അവമതിക്കുകയും വര്‍ഗീയമായി ചിത്രീകരിക്കുകയും ചെയ്യുന്ന തരത്തിലുള്ള മുസ്‌ലിം വിരോധ നിലപാട് മുഖ്യമന്ത്രിയില്‍ നിന്നും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളില്‍ നിന്നും അടിക്കടിയുണ്ടാവുന്നത് അതീവ ഗൗരവത്തോടെയാണ് പണ്ഡിതന്മാര്‍ വിലയിരുത്തുന്നത്.

ഒരു പ്രത്യേക മതവിഭാഗത്തിന്റെ പൗരത്വം നിഷേധിക്കാനുള്ള ഗൂഢമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ വിശാലാര്‍ഥത്തില്‍ അത് ഭരണഘടന ലംഘനമാണെങ്കിലും സംഘപരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യമനുസരിച്ച് അത് മുഖ്യ ശത്രുക്കളില്‍ പ്രമുഖരായ മുസ് ലിംകള്‍ക്കെതിരേയുള്ള യുദ്ധപ്രഖ്യാപനമാണ്. ഈ യാഥാര്‍ത്ഥ്യബോധത്തില്‍ നിന്നാണ് ഡല്‍ഹി ജുമാ മസ്ജിദും ജാമിയ മില്ലിയയും ശാഹിന്‍ ബാഗുകളും മുസ് ലിം പാര്‍ട്ടികളും മഹല്ലുകളും സമരത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നത്. ഈ സമരത്തില്‍ സ്വത്വപരമായ അടയാളങ്ങളും പ്രതീകങ്ങളും ഉയര്‍ന്നു കാണുന്നത് അവകാശസമരത്തിലെ സ്വാഭാവികതയാണ്.

സ്വത്വത്തില്‍ ഉറച്ചു നിന്നു കൊണ്ട് ജനാധിപത്യപരമായി പോരാടുമ്പോഴും അവര്‍ ഇതര ജനവിഭാഗങ്ങളെ തങ്ങളിലേക്ക് ചേര്‍ത്തു നിര്‍ത്തി വിശാല ഇന്ത്യക്കു വേണ്ടിയുള്ള എല്ലാവരുടെയും സമരമാക്കി ഉയര്‍ത്തുകയാണ്.

അധിനിവേശ ശക്തികള്‍ക്കെതിരേ സ്വാതന്ത്ര്യം നേടാന്‍ സമരം ചെയ്യുന്നതില്‍ മുന്‍ നിരയിലുണ്ടായിരുന്ന ഒരു സമുദായം ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്കെതിരേ സമരം ചെയ്ത് സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതില്‍ അസ്വാഭാവികതയില്ല.

ഇവിടെ ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ട രാഷ്ട്രീയത്തിനപ്പുറം വോട്ടു ബാങ്കില്‍ കണ്ണുവച്ചുള്ള ഹിന്ദുത്വ വര്‍ഗീയ പ്രീണനതന്ത്രങ്ങളാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പയറ്റുന്നത്. തരം താണ രാഷ്ട്രീയ അടവുനയങ്ങള്‍ കണ്ടു മടുത്തവരാണ് മുസ് ലിം സമുദായം. ഹിന്ദുത്വ ഫാഷിസത്തിനെതിരേ പോരാടി ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള ആത്മാര്‍ഥമായതും ആരെയും അകറ്റി നിര്‍ത്താതെയുള്ളതുമായ യോജിച്ച പോരാട്ടമാണ് ഇനി വേണ്ടത്. അതിനുള്ള രാഷ്ട്രീയ സാക്ഷരത മുസ് ലിംകള്‍ നേടിക്കഴിഞ്ഞിരിക്കുന്നു എന്ന തിരിച്ചറിവാണ് ഭിന്നിപ്പിച്ചു ഭരിക്കാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കും വേണ്ടത് എന്നും പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.

ഉലമ സംയുക്ത സമിതി ചെയര്‍മാന്‍ എസ്. അര്‍ഷദ് മൗലവി അല്‍ഖാസിമി, കല്ലമ്പലം, ആള്‍ ഇന്ത്യ മുസ് ലിം പെഴ്‌സണല്‍ ലോ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍ അബ്ദുശ്ശകൂര്‍ മൗലവി അല്‍ ഖാസിമി, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ വൈസ് പ്രസിഡന്റ് കരമന അശ്‌റഫ് മൗലവി, ജംഇയത്തുല്‍ ഉലമ എ ഹിന്ദ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി എച്ച് അലിയാര്‍ മൗലവി, ഖതീബ് ആന്റ് ഖാസീ ഫോറം സംസ്ഥാന പ്രസിഡന്റ് പാനിപ്ര ഇബ്‌റാഹീം മൗലവി, അല്‍ കൗസര്‍ ഉലമ കൗണ്‍സില്‍ വര്‍കിംഗ് പ്രസിഡന്റ് കട്ടപ്പന അബ്ദുന്നാസര്‍ മൗലവി, മന്നാനീസ് അസോസിയേഷന്‍ ജന:സെക്രട്ടറി ഷഹീറുദ്ദീന്‍ മന്നാനി, അല്‍ ഹാദി അസോസിയേഷന്‍ ജന:സെക്രട്ടറി കെ കെ സൈനുദ്ദീന്‍ മൗലവി, കൈഫ് പ്രസിഡന്റ് വലിയുല്ലാ ഖാസിമി തുടങ്ങിയവര്‍ പ്രമേയത്തില്‍ ഒപ്പുവച്ചു.

Next Story

RELATED STORIES

Share it