Kerala

പി സി ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനം: കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പ് തര്‍ക്കം മുറുകി; ബഹിഷ്‌കരണം തുടരുമെന്ന് ഈരാറ്റുപേട്ടയിലെ യുഡിഎഫ് നേതൃത്വം

രമേശ് ചെന്നിത്തലയുടെ ദൂതനായാണ് ജോസഫ് വാഴയ്ക്കന്‍ പങ്കെടുത്തതെന്നാണ് എ ഗ്രൂപ്പ് ആരോപിക്കുന്നത്. പി സി ജോര്‍ജിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് ഐ ഗ്രൂപ്പ് രഹസ്യയോഗം ചേര്‍ന്നതെന്നാരോപിച്ച് എ ഗ്രൂപ്പ് അനുഭാവികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോസഫ് വാഴയ്ക്കനെ ഈരാറ്റുപേട്ടയില്‍ തടയുകയും ചെയ്തു.

പി സി ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനം: കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പ് തര്‍ക്കം മുറുകി; ബഹിഷ്‌കരണം തുടരുമെന്ന് ഈരാറ്റുപേട്ടയിലെ യുഡിഎഫ് നേതൃത്വം
X

കോട്ടയം: കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി ഉടലെടുക്കുന്നു. പിസി ജോര്‍ജിനെച്ചൊല്ലി കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലാണ് തര്‍ക്കം മുറുകിയിരിക്കുന്നത്. ഈരാറ്റുപേട്ടയില്‍ നടന്ന ഐ ഗ്രൂപ്പിന്റെ രഹസ്യയോഗത്തില്‍ കോണ്‍ഗ്രസ് വക്താവും കെപിസിസി വൈസ് പ്രസിഡന്റുമായ മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍ പങ്കെടുക്കാനെത്തിയതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് പി സി ജോര്‍ജ് യുഡിഎഫില്‍ തിരികെയെത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിയത്.


ജോസഫ് പക്ഷത്ത് കയറാന്‍ പലരുടെയും വിസമ്മതമുള്ളതുകൊണ്ട് ചെന്നിത്തലയുടെ പരിപൂര്‍ണ സഹകരണത്തോടെ ജോസഫിന്റെ പിന്തുണയില്‍ യുഡിഎഫ് സ്വാതന്ത്രനായി കടന്നുകൂടാനാണ് പിസിയുടെ നീക്കം. ജോണി നെല്ലൂരും ഫ്രാന്‍സിസ് ജോര്‍ജും ടിയു കുരുവിളയും, ജോണി നെല്ലൂരും മോന്‍സ് ജോസഫും ഉള്‍പ്പെടെയുള്ള നേതാക്കളുടെ നീണ്ടനിരയാണ് പിസിയുടെ ജോസഫ് പക്ഷത്തേക്കുള്ള പ്രവേശനത്തെ എതിര്‍ക്കുന്നത്. എന്നാല്‍, ഉമ്മന്‍ചാണ്ടിയുടെ സമ്മതത്തോടെ യുഡിഎഫില്‍ കയറിപ്പറ്റാന്‍ പിസിയ്ക്ക് വിയര്‍പ്പൊഴുക്കേണ്ടിവരും.

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയത് പിസി

മുഖ്യമന്ത്രിയായിരിക്കെ സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ഏറ്റവുമധികം വെല്ലുവിളി ഉയര്‍ത്തിയവരില്‍ ഒരാളാണ് പിസി. സോളാര്‍ കേസിന്റെ തുടക്കം മുതല്‍ പി സി ജോര്‍ജ് യുഡിഎഫിന് തലവേദന സൃഷ്ടിച്ചു. ഒരു സിഡി ഉയര്‍ത്തിക്കാട്ടി പിസി കോണ്‍ഗസുകാരെ കുറേക്കാലം മുള്‍മുനയില്‍ നിര്‍ത്തി. കേസിലെ അഴിമതിയുടെ തെളിവുകളെല്ലാം തന്റെ പക്കലുണ്ടെന്നുവരെ പിസി വെല്ലുവിളിച്ചു.

ഉമ്മന്‍ചാണ്ടിയുടെ രാജിക്കുവേണ്ടിയും മുറവിളികൂട്ടി. അങ്ങനെ പ്രതിപക്ഷത്തിന് വഴിമരുന്നിട്ടുകൊടുത്ത് യുഡിഎഫിന്റെ തുടര്‍ഭരണം പോലുമില്ലാതാക്കിയതില്‍ നല്ലപങ്കുവഹിച്ച ജോര്‍ജിനെ ഒരുതരത്തിലും യുഡിഎഫിലേക്ക് അടുപ്പിക്കേണ്ടതില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെയും എ ഗ്രൂപ്പിന്റെയും നിലപാട്. എന്നാല്‍, ചെന്നിത്തലയുടെ ആശിര്‍വാദത്തോടെ പിസിയെ മുന്നണിയിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഐ ഗ്രൂപ്പ് ആരംഭിച്ചതായാണ് റിപോര്‍ട്ടുകള്‍.

ഈരാറ്റുപേട്ടയില്‍ ജോസഫ് വാഴയ്ക്കന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് രഹസ്യയോഗം

രമേശ് ചെന്നിത്തലയുടെ ദൂതനായാണ് ജോസഫ് വാഴയ്ക്കന്‍ പങ്കെടുത്തതെന്നാണ് എ ഗ്രൂപ്പ് ആരോപിക്കുന്നത്. പി സി ജോര്‍ജിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് ഐ ഗ്രൂപ്പ് രഹസ്യയോഗം ചേര്‍ന്നതെന്നാരോപിച്ച് എ ഗ്രൂപ്പ് അനുഭാവികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോസഫ് വാഴയ്ക്കനെ ഈരാറ്റുപേട്ടയില്‍ തടയുകയും ചെയ്തു. പിസിയെ തിരിച്ചെടുക്കാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനാണ് വാഴയ്ക്കനെത്തിയതെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ആക്ഷേപം. വാഹനം തടഞ്ഞതിനെത്തുടര്‍ന്ന് വാഴയ്ക്കനും പ്രവര്‍ത്തകരുമായി രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. വാഴയ്ക്കനൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ഉന്തുംതള്ളുമുണ്ടായി.

കൂടുതല്‍ പ്രവര്‍ത്തകരെത്തിയതോടെ ജോസഫ് വാഴയ്ക്കന്‍ സ്ഥലത്തുനിന്ന് മടങ്ങുകയായിരുന്നു. പി സി ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനം ചര്‍ച്ചയിലിരിക്കെ ഐ ഗ്രൂപ്പ് രഹസ്യയോഗം ചേര്‍ന്നത് ജോര്‍ജിന് പ്രദേശിക പിന്തുണ ഉറപ്പാക്കാനാണെന്നാണ് എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. അതേസമയം, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നും പി സി ജോര്‍ജിനെ മുന്നണിയിലെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഡിസിസി അംഗവും ഐ ഗ്രൂപ്പ് യോഗ അധ്യക്ഷനുമായിരുന്ന പി എച്ച് നൗഷാദ് പറഞ്ഞു. യുഡിഎഫില്‍ ജോര്‍ജ് വേണ്ടെന്നുള്ളതാണ് തങ്ങളുടെ നിലപാടെന്നും നൗഷാദ് പറയുന്നു.

കഴിഞ്ഞ ദിവസം എ ഗ്രൂപ്പുകാരനായ മണ്ഡലം പ്രസിഡന്റിനെ മാറ്റി ഐ ഗ്രൂപ്പുകാരനെ നിയമിച്ചനടപടി വിവാദവുമായതോടെ കെപിസിസി തീരുമാനം പിന്‍വലിച്ചിരുന്നു. ഇതിനിടെയാണ് ജോസഫ് വാഴയ്ക്കന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് രഹസ്യയോഗം വിളിച്ചത്. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ഈരാറ്റുപേട്ടയില്‍ പ്രാദേശിക ഐ ഗ്രൂപ്പ് നേതാവ് നിയാസ് വെള്ളുപറമ്പിലിന്റെ വീട്ടില്‍ യോഗം ചേര്‍ന്നത്. ജോസഫ് വാഴയ്ക്കന്‍, ഫിലിപ്പ് ജോസഫ്, ബിജു പുന്നത്താനം എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.

ബഹിഷ്‌കരണം തുടരുമെന്ന് ഈരാറ്റുപേട്ടയിലെ യുഡിഎഫ് നേതൃത്വം

പി സി ജോര്‍ജിനെ ബഹിഷ്‌കരിക്കുന്ന നിലപാടില്‍നിന്ന് പിന്നോട്ടുപോവേണ്ടതില്ലെന്നാണ് എ, ഐ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഈരാറ്റുപേട്ടയിലെ യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം. നാടിനെ ഒന്നടങ്കം ആക്ഷേപിക്കുകയും വര്‍ഗീയവാദികളെന്ന് വിളിക്കുകയും ചെയ്ത പി സി ജോര്‍ജുമായി ഒരുതരത്തിലും സഹകരിക്കേണ്ടതില്ലെന്നാണ് യുഡിഎഫ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റിയുടെ തീരുമാനം. നാളെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന തടവനാല്‍ പാലം ഉദ്ഘാടന ചടങ്ങില്‍നിന്ന് ആന്റോ ആന്റണി എംപി, നഗരസഭാ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി, മറ്റ് യുഡിഎഫ് ജനപ്രതിനിധികള്‍, വിവിധ കക്ഷിനേതാക്കള്‍ എന്നിവര്‍ വിട്ടുനില്‍ക്കും.

ഈരാറ്റുപേട്ടയില്‍ പി സി ജോര്‍ജിനെ സമ്പൂര്‍ണമായി ബഹിഷ്‌കരിക്കാനുള്ള നിലപാട് തുടരാനാണ് യുഡിഎഫ് യോഗത്തിലെ തീരുമാനം. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് യുഡിഎഫ് എതിരല്ല. പാലം യാഥാര്‍ഥ്യമാക്കുന്നതിന് വിവിധ സന്ദര്‍ഭങ്ങളില്‍ യുഡിഎഫ് അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍, കൊവിഡ് കാലത്ത് രാഷ്ട്രീയലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി എംഎല്‍എ സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടിയോട് യോജിക്കാനാവില്ലെന്നും നേതാക്കള്‍ പറയുന്നു. യുഡിഎഫ് നേതാക്കളായ ഹാജി കെ എ മുഹമ്മദ് അഷ്‌റഫ്, വി എസ് അബ്ദുല്‍ഖാദര്‍, അഡ്വ.വി എം ഇല്യാസ്, നിസാര്‍ കുര്‍ബാനി, എം പി സലിം, വി എം സിറാജ്, സിറാജ് കണ്ടത്തില്‍, വി പി ലത്തീഫ്, അനസ് നാസര്‍, പീര്‍ മുഹമ്മദ് ഖാന്‍, അനസ് ലത്തീഫ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

പി സി ജോര്‍ജിന്റെ വിജയത്തില്‍ നിര്‍ണായകപങ്ക് വഹിച്ച ഈരാറ്റുപേട്ട നിവാസികളോട് കാണിച്ച വഞ്ചനയില്‍ കടുത്ത അമര്‍ഷത്തിലാണ് ഈരാറ്റുപേട്ടയിലെ പൊതുസമൂഹവും. എന്‍ഡിഎയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ഘട്ടത്തിലാണ് മുസ്‌ലിം സമുദായത്തെയും ഈരാറ്റുപേട്ട നിവാസികളെയും പരസ്യമായി അധിക്ഷേപിച്ച് പിസി രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയകളില്‍ ഇത് വ്യാപകമായി പ്രചരിക്കുകയും പിസിക്കെതിരേ വലിയതോതില്‍ വിമര്‍ശനമുയരുകയും ചെയ്തു. ഇതോടെ ഈരാറ്റുപേട്ടക്കാര്‍ ഒന്നടങ്കം പിസിയെ ബഹിഷ്‌കരിക്കുകയായിരുന്നു. എന്‍ഡിഎയില്‍നിന്നും അവഗണന നേരിട്ടതോടെയാണ് ഏതെങ്കിലും മുന്നണിയില്‍ കയറിപ്പറ്റാനുള്ള ശ്രമങ്ങള്‍ പിസി ജോര്‍ജ് പയറ്റിത്തുടങ്ങിയത്.

Next Story

RELATED STORIES

Share it