Kerala

ഉദയകുമാര്‍ ഉരുട്ടിക്കൊല; പോലിസുകാരെ വിട്ടയച്ചതിനെതിരേ സുപ്രിംകോടതിയില്‍ സിബിഐ അപ്പീല്‍

ഉദയകുമാര്‍ ഉരുട്ടിക്കൊല; പോലിസുകാരെ വിട്ടയച്ചതിനെതിരേ സുപ്രിംകോടതിയില്‍ സിബിഐ അപ്പീല്‍
X

ന്യൂഡല്‍ഹി: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലിസുകാരെ വിട്ടയച്ചതിനെതിരെ സുപ്രിംകോടതിയില്‍ സിബിഐ അപ്പീല്‍ സമര്‍പ്പിച്ചു. ഫോര്‍ട്ട് പോലിസ് സ്റ്റേഷനില്‍ വച്ച് ക്രൂരമായ കസ്റ്റഡി പീഡനം ഉണ്ടായതിനെ തുടര്‍ന്നാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടതെന്നാണ് സിബിഐ വാദം. പ്രതികള്‍ പോലിസുകാരായതിനാല്‍ ശിക്ഷ അനിവാര്യമാണെന്നും സിബിഐയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. സിബിഐ അപ്പീലില്‍ പ്രതികളായ പോലിസുകാര്‍ക്ക് സുപ്രിംകോടതി നോട്ടിസ് അയച്ചു.

സ്റ്റേഷനില്‍ ഉദയകുമാറിനെ പോലിസുകാര്‍ ഉരുട്ടിക്കൊന്ന കേസില്‍ എല്ലാ പ്രതികളെയും ഹൈക്കോടതിയാണ് വെറുതെ വിട്ടത്. അന്വേഷണത്തില്‍ സിബിഐ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയായിരുന്നു കോടതി വിധി. ഏറെ കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ സിബിഐ പ്രത്യേക കോടതി വിധിച്ച വധശിക്ഷ ഉള്‍പ്പെടെയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഒന്നാം പ്രതി കെ ജിതകുമാറിന്റെ വധശിക്ഷയാണ് റദ്ദാക്കിയത്. രണ്ടാം പ്രതി എസ് വി ശ്രീകുമാറിനും 2018 ല്‍ വധശിക്ഷ വിധിച്ചെങ്കിലും അര്‍ബുദബാധയെ തുടര്‍ന്ന് 2020 ല്‍ മരിച്ചു. കൊലക്കുറ്റം, ക്രൂരമര്‍ദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു വധശിക്ഷ. ഉരുട്ടിക്കൊലയ്ക്ക് ശേഷം തെളിവ് നശിപ്പിക്കുകയും വ്യാജരേഖ ചമച്ച് ഉദയകുമാറിനെതിരെ കള്ളക്കേസുണ്ടാക്കുകയും ചെയ്തതിന് സിബിഐ പ്രത്യകേ കോടതി മൂന്നു വര്‍ഷം തടവും പിഴയും വിധിച്ച മുന്‍ എസ്പിമാരായ ഇകെ സാബു, ടികെ ഹരിദാസ്, അന്ന് എസ്‌ഐയിയായിരുന്ന ടി അജിത്കുമാര്‍ എന്നിവരെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു.

2005 സെപ്തംബര്‍ 27ന് രാത്രിയിലാണ് പോലിസുകാരുടെ മൂന്നാം മുറ പ്രയോഗത്തില്‍ ഉദയകുമാര്‍ ഫോര്‍ട്ട് സ്റ്റേഷനില്‍ കൊല്ലപ്പെട്ടത്. വഴിയരികില്‍ പരിക്കേറ്റ് കിടന്നുവെന്ന് പറഞ്ഞാണ് പോലിസുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തില്‍ നടന്ന പോസ്റ്റ് മോര്‍ട്ടത്തില്‍ ഉരുട്ടിക്കൊലയുടെ ഭീകരത പുറത്തുവന്നു. ഉദയകുമാറിന്റെ ശരീരത്തില്‍ ഇരുമ്പ് പൈപ്പ് കൊണ്ട് ഉരുട്ടിയതിന്റെയും അടിച്ചതിന്റേയും 22 ഗുരുതര പരിക്കുകള്‍ കണ്ടെത്തി. ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നീ പോലിസുകാര്‍ ചേര്‍ന്ന് ഉരുട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം. സോമന്‍ വിചാരണക്കിടെ മരിച്ചു.

ആക്രിക്കട തൊഴിലാളിയായിരുന്ന ഉദയകുമാറിന്റെ കൈവശമുണ്ടായിരുന്ന നാലായിരം രൂപ മോഷ്ടിച്ചതെന്ന് വരുത്താനായിരുന്നു പോലിസ് ക്രൂരത. ഉച്ചയോടെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് സുഹൃത്ത് സുരേഷ് കുമാറിനൊപ്പമാണ് ഉദകുമാറിനെ കസ്റ്റഡിയിലെടുത്തത്. തുടക്കം മുതല്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കങ്ങള്‍ പോലിസ് നടത്തി. പോലിസുകാരായ സാക്ഷികളും മാപ്പുസാക്ഷികളും കൂറുമാറി. പ്രധാന സാക്ഷിയായ സുരേഷ് കുമാര്‍ വിചാരണയില്‍ നിസ്സഹകരിച്ചു. ഉദയകുമാര്‍ കൊല്ലപ്പെട്ട് ഇരുപതാം വര്‍ഷത്തിലാണ് പ്രതികളെ വെറുതെ വിട്ടു കൊണ്ടുള്ള ഹൈക്കോടതി വിധി വന്നത്.



Next Story

RELATED STORIES

Share it