Kerala

പത്തനാപുരത്ത് സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച് രണ്ടുപേര്‍ മരിച്ചു; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

പത്തനാപുരത്ത് സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച് രണ്ടുപേര്‍ മരിച്ചു; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍
X

കൊല്ലം: പത്തനാപുരം പട്ടാഴിയില്‍ സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച് രണ്ടുപേര്‍ മരിച്ചു. കൊവിഡ് ഫസ്റ്റ്‌ലൈന്‍ ചികില്‍സാകേന്ദ്രത്തിലെ ജീവനക്കാരന്‍ മുരുകാനന്ദന്‍, സുഹൃത്ത് പ്രസാദ് എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ രാജീവ്, ഗോപി എന്നിവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. പട്ടാഴിയില്‍ സിഎഫ്എല്‍ടിസിയായി പ്രവര്‍ത്തിക്കുന്ന സ്വകാര്യാശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു മുരുകാനന്ദന്‍.

തിങ്കളാഴ്ച രാത്രിയിലാണ് നാല്‍വര്‍ സംഘം സ്പിരിറ്റ് കഴിച്ചത്. സിഎഫ്എല്‍ടിസിയില്‍നിന്നെടുത്ത സ്പിരിറ്റാണ് ഇവര്‍ കഴിച്ചതെന്നാണ് വിവരം. എന്നാല്‍, പോലിസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കടുവാത്തോട് സ്വദേശി പ്രസാദ് മരിച്ചതോടെയാണ് സ്പിരിറ്റ് കഴിച്ചിരിക്കാമെന്ന നിഗമനത്തിലെത്തിയത്. മുരുകാനന്ദന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നു രാവിലെയാണ് മരിച്ചത്.

രണ്ട് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് മോഷണം പോയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഉപയോഗയോഗ്യമല്ലാത്ത സര്‍ജിക്കല്‍ സ്പിരിറ്റാണ് കന്നാസില്‍ സൂക്ഷിച്ചിരുന്നത്. പഴയ ആശുപത്രി കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സിഎഫ്എല്‍ടിസിയാക്കി മാറ്റുകയായിരുന്നു. ആശുപത്രിയില്‍നിന്ന് കിട്ടിയ സ്പിരിറ്റാണ് കഴിച്ചതെന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പോലിസും എക്‌സൈസും ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്.

Next Story

RELATED STORIES

Share it