Kerala

പെണ്‍കുട്ടികളെ വലയിലാക്കി സ്വര്‍ണം തട്ടിയെടുക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍

മയ്യനാട് സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

പെണ്‍കുട്ടികളെ വലയിലാക്കി സ്വര്‍ണം തട്ടിയെടുക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍
X

കൊല്ലം: പെണ്‍കുട്ടികളെ ഓണ്‍ലൈനില്‍ പരിചയപ്പെട്ട് പ്രണയനാടക തട്ടിപ്പുനടത്തി സ്വര്‍ണം തട്ടിയെടുക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാമില്‍ കാണുന്ന പെണ്‍കുട്ടികളെ വശീകരിച്ച് കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടല്‍ പതിവാക്കിയ കുളത്തൂപ്പുഴ തിങ്കള്‍ക്കരിക്കം സാംനഗര്‍ കളയ്ക്കാട് ഹൗസില്‍ സിജിന്‍ ബാബു(20), സാംനഗര്‍ ഷാന്‍ മന്‍സിലില്‍ മുഹമ്മദ് ഷാന്‍(18) എന്നിവരെയാണ് ഇരവിപുരം പോലിസ് അറസ്റ്റ് ചെയ്തത്.

മയ്യനാട് സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. സിജിന്‍ ബാബുവാണ് ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പ്രൊഫൈല്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ച് പെണ്‍കുട്ടിയെ വലയിലാക്കിയത്. ഇയാളോട് പെണ്‍കുട്ടിക്ക് ഇഷ്ടം തോന്നുകയും ഇരുവരും തമ്മില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ചാറ്റിങ് നടത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ കൈവശപ്പെടുത്തുകയും നിരന്തരം ഫോണ്‍സംഭാഷണം തുടരുകയും ചെയ്തു.

ഇതിനിടെ പെണ്‍കുട്ടിയുടെ വീടിന്റെ വിലാസം സിജിന്‍ ചോദിച്ചറിഞ്ഞു. മെയ് 22ന് പുലര്‍ച്ചെ രണ്ടരമണിക്ക് സിജിന്‍ സുഹൃത്തായ മുഹമ്മദ് ഷാന്‍നൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തി. പെണ്‍കുട്ടിയുടെ റൂമിന്റെ ജനാലയ്ക്കടുത്തുനിന്ന് പെണ്‍കുട്ടിയുമായി സംസാരിച്ചു. ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോയില്‍ കാണുന്ന ആളല്ലെന്ന് പെണ്‍കുട്ടിക്ക് അപ്പോള്‍ മനസിലായി. താന്‍ ഇത്രദൂരം വന്നത് സ്‌നേഹമുള്ളതുകൊണ്ടല്ലേ എന്നുപറഞ്ഞ് ഒരു സ്വര്‍ണലോക്കറ്റ് പെണ്‍കുട്ടിക്ക് മുന്നില്‍ കാണിച്ചു. ലോക്കറ്റ് തരാന്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടപ്പോള്‍ താന്‍തന്നെ ഇട്ടുതരാമെന്നുപറഞ്ഞ് പെണ്‍കുട്ടിയുടെ മാല ഇയാള്‍ വാങ്ങി. മാല കൈയില്‍ കിട്ടിയപാടെ ഇരുവരും ഓടിക്കളഞ്ഞു. പെണ്‍കുട്ടി ഇക്കാര്യം വീട്ടിലറിയിച്ചതോടെയാണ് പോലിസില്‍ പരാതി എത്തിയത്.

പെണ്‍കുട്ടി നല്‍കിയ നമ്പരില്‍ വിളിച്ചുനോക്കിയപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷന്‍ കണ്ടെത്തുകയും സിജിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ മുഹമ്മദ് ഷാനെയും കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യംചെയ്യലില്‍ പെണ്‍കുട്ടിയുടെ മാല 32,000 രൂപയ്ക്ക് കുളത്തൂപ്പുഴയില്‍ തന്നെയുള്ള ഒരു സ്വര്‍ണക്കടയില്‍ വിറ്റതായി പ്രതികള്‍ സമ്മതിച്ചു. സ്വര്‍ണമാല ജ്വല്ലറിയില്‍നിന്ന് വീണ്ടെടുത്തു. നിരവധി പെണ്‍കുട്ടികള്‍ ഇവരുടെ തട്ടിപ്പിനു വിധേയമായിട്ടുണ്ടെന്ന് ചോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊവിഡ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it