Kerala

യുവാവിനെയും ഭാര്യയെയും വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച പ്രതികള്‍ മുംബൈയില്‍ പിടിയിലായി

യുവാവിനെയും ഭാര്യയെയും വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച പ്രതികള്‍ മുംബൈയില്‍ പിടിയിലായി
X

തിരുവനന്തപുരം: തുമ്പയില്‍ യുവാവിനെയും ഭാര്യയെയും വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച പ്രതികള്‍ മുംബൈയില്‍ പിടിയിലായി. പള്ളിത്തുറ സ്വദേശികളായ ബിനോയ് ആല്‍ബര്‍ട്ട് (21), പരുന്ത് സാജന്‍ (27) എന്നിവരെയാണ് മുംബൈയില്‍ വച്ച് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 13ന് രാത്രി 11 മണിക്കാണ് പ്രതികള്‍ തുമ്പ നെഹ്‌റു ജങ്ഷനിലുള്ള സുരേഷ് കുമാറിന്റെ വീട്ടിലെത്തി അക്രമം നടത്തിയത്.

സുരേഷ് കുമാറിനെ വീടിനു പുറത്തേക്ക് വിളിച്ചിറക്കി ബിനോയ് കമ്പി കൊണ്ടടിച്ചു വീഴ്ത്തിയപ്പോള്‍ സാജന്‍ കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് തലക്ക് വെട്ടുകയായിരുന്നു. തലക്കും ചെവിക്കും ആഴത്തില്‍ മുറിവേറ്റ സുരേഷിന്റെ നിലവിളി കേട്ടെത്തിയ ഭാര്യയെയും സംഘം അക്രമിച്ചു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇവര്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിമാനത്താവളങ്ങളിലും ലുക്കൗട്ട് നോട്ടീസ് നല്‍കിയിരുന്നു.കഴിഞ്ഞ ബുധനാഴ്ച വിദേശത്തേക്ക് കടക്കാനായി മുംബെയിലെത്തിയെ പ്രതികളെ എമിഗ്രേഷനില്‍ തടഞ്ഞു വച്ചാണ് തുമ്പ പൊലീസിനു കൈമാറിയത്. ഒന്നാം പ്രതിയായ ബിനോയ് ആല്‍ബര്‍ട്ട് ബുള്ളറ്റിലെത്തി സുരേഷിനെ ഇടിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമിക്കാന്‍ കാരണമെന്ന് പൊലീസ് പറയുന്നു. രണ്ടാം പ്രതിയായ പരുന്ത് സാജന്‍ അടിപിടി, മോഷണ കേസുകളിലും പ്രതിയാണ്. തുമ്പ എസ്.എച്ച്.ഒ ചന്ദ്രകുമാര്‍, എസ്.ഐ മാരായ ഷാജി, ബാബു, കുമാരന്‍ നായര്‍, ബിജു സീനിയര്‍ സിവില്‍ പൊലീസുകാരായ പ്രസാദ്, ഷാജിമോന്‍, ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it