Kerala

യൂനിവേഴ്സിറ്റി കോളജ് നാളെ തുറക്കും; അധ്യയനം സുഗമമാവുമെന്ന പ്രതീക്ഷയിൽ അധികൃതർ

യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസില്‍ തിരിച്ചറിഞ്ഞവരിൽ ഇനിയും പിടിയിലാവാനുള്ള 10 പ്രതികള്‍ക്കായി പോലിസ് ഉടൻ ലുക്കൗട്ട് നോട്ടീസ് ഇറക്കും. പ്രതികളുടെ വീടുകളില്‍ പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

യൂനിവേഴ്സിറ്റി കോളജ് നാളെ തുറക്കും; അധ്യയനം സുഗമമാവുമെന്ന പ്രതീക്ഷയിൽ അധികൃതർ
X

തിരുവനന്തപുരം: ബിരുദ വിദ്യാർഥിക്കെതിരെ എസ്എഫ്ഐ നേതാക്കൾ നടത്തിയ വധശ്രമത്തെ തുടർന്ന് അടച്ചിട്ട തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് നാളെ തുറക്കും. അക്രമരാഷ്ട്രീയത്തെ പടിയിറക്കി മികച്ച കലാലയമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. അതേസമയം, യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസില്‍ തിരിച്ചറിഞ്ഞവരിൽ ഇനിയും പിടിയിലാവാനുള്ള 10 പ്രതികള്‍ക്കായി പോലിസ് ഉടൻ ലുക്കൗട്ട് നോട്ടീസ് ഇറക്കും. പ്രതികളുടെ വീടുകളില്‍ പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

പത്തു ദിവസത്തിന് ശേഷമാണ് നാളെ കോളജ് തുറക്കുന്നത്. മുമ്പുണ്ടായിരുന്ന കലാലയ അന്തരീക്ഷത്തിനു മാറ്റം വന്നതോടെ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പൂർവ വിദ്യാർഥികളും അഭ്യുദയകാംക്ഷികളും ശുഭപ്രതീക്ഷയിലാണ്. കോളജ് കൗൺസിലും സർക്കാരും നിശ്ചയിച്ചതെല്ലാം നടപ്പാക്കാനായാൽ യൂണിവേഴ്സിറ്റി കോളജിൽ മികച്ച അധ്യയനം പുലരുമെന്നതിൽ ആർക്കും സംശയമില്ല.

കോളജിനെ ഒന്നാകെ അലങ്കോലപ്പെടുത്തിയിരുന്ന രാഷ്ട്രീയ ചിഹ്നങ്ങളെല്ലാം മാറ്റി. ബാനറുകളും പോസ്റ്ററുകളുമെല്ലാം നീക്കി. സംഘടനാ പ്രവർത്തനങ്ങൾ അതിരുവിടാതിരിക്കുന്നതിനുള്ള നിയന്ത്രണം അധ്യയനം സുഗമമാക്കാൻ ഉപകരിക്കും. കാമ്പസിനുള്ളിലെ രാഷ്ട്രീയപ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പലിന്റെ അനുമതി വേണമെന്നുള്ളതാണ് കോളജ് കൗൺസിലിന്റെ തീരുമാനം. ഇത് നടപ്പാക്കിയാൽ അധ്യയനം തടസ്സപ്പെടില്ല. പി.എസ്.സിയുടേത് ഉൾപ്പടെയുള്ള മറ്റ് പരീക്ഷകൾ കോളജിൽ നടത്തില്ല. പഠനം പാതിവഴിയിൽ നിർത്തിയ ശേഷം റീ അഡ്മിഷൻ അനുവദിക്കില്ല.

സംഘടനയുടെ പ്രതിച്ഛായ തകർന്നതോടെ കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചിട്ടുണ്ട്. കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അഖിൽ ചന്ദ്രനും ഭാരവാഹിയാണ്. നിലവിലുണ്ടായിരുന്ന യൂണിറ്റ് കമ്മിറ്റിക്കെതിരേ വിമതസ്വരം ഉയർത്തിയവരും വിദ്യാർഥികളും അടക്കമുള്ളവർ കമ്മിറ്റിയിൽ അംഗങ്ങളാണ്. എസ്എഫ്ഐക്കെതിരേ ഇടഞ്ഞു നിൽക്കുന്ന വിദ്യാർഥികൾക്കിടയിലെ അസ്വാരസ്യം ഇതുവഴി ഇല്ലാതാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

ഡോ.സി സി ബാബുവാണ് പുതിയ പ്രിൻസിപ്പൽ. മികച്ച അധ്യാപകനും പ്രിൻസിപ്പലുമെന്ന് പേരുകേട്ട അദ്ദേഹം ആദ്യമായിട്ടാണ് യൂണിവേഴ്സിറ്റി കോളേജിൽ എത്തുന്നത്. മുൻവിധിയില്ലാതെ എല്ലാവരെയും സഹകരിപ്പിച്ച് നീങ്ങാനും മികച്ച വിദ്യാലയമെന്ന പേര് തിരിച്ചെടുക്കാനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അക്രമരാഷ്ട്രീയത്തിനു കടിഞ്ഞാണിടുമെന്നും സ്വതന്ത്രമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും സര്‍ക്കാരും കോളജ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വധശ്രമവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ലാത്തതിനാൽ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.

ജൂലൈ 12നാണ് യൂണിവേഴ്സിറ്റി കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഖില്‍ ചന്ദ്രനെ സഹപാഠികളായ എസ്എഫ്ഐ നേതാക്കളുടെ സംഘം കുത്തിവീഴ്ത്തിയത്.

Next Story

RELATED STORIES

Share it