Kerala

സ്വര്‍ണക്കടത്ത്: സ്വന്തം മൂക്കിനു താഴെ നടന്ന വഴിവിട്ട നടപടി അറിയാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല: കെ മുരളീധരന്‍ എം പി

സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം മുന്നോട്ട് പോകും. മുഖ്യമന്ത്രിയും സ്പീക്കറും രാജി വെക്കുന്നത് വരെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് യുഡിഎഫ് സമരം തുടരും.മുഖ്യമന്ത്രിയെ ന്യായീകരിച്ച് ഒരു ഘടകകക്ഷിയും ഇതുവരെ രംഗത്തെത്തിയിട്ടില്ല. സിപിഐയുടെ മുഖപത്രം സ്പ്രിംഗ്ലര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് ചെയ്തത്

സ്വര്‍ണക്കടത്ത്: സ്വന്തം മൂക്കിനു താഴെ നടന്ന വഴിവിട്ട നടപടി അറിയാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല: കെ മുരളീധരന്‍ എം പി
X

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോഴും മുഖ്യമന്ത്രിക്ക് എല്‍ഡിഎഫിലെ തന്നെ ഘടകകക്ഷികളുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് കെ മുരളീധരന്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് ഒരു ഘടകകക്ഷിയും ഇതുവരെ രംഗത്തെത്തിയിട്ടില്ല. പകരം സിപിഐയുടെ മുഖപത്രം സ്പ്രിംഗ്ലര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പങ്ക് ഒരോ ദിവസവും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. കേസിലെ പ്രതികള്‍ക്ക് ഫ്ളാറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തിലും ശിവശങ്കരന്‍ നേരിട്ട് ഇടപെട്ടതിനും വ്യക്തമായ രേഖകള്‍ പുറത്തു വന്നു കഴിഞ്ഞു. ഈ സാഹചര്യത്തിലും ശിവശങ്കരനെ സസ്പെന്‍ഡ് ചെയ്യാത്തത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നവയാണ്.

ഇത്രയധികം വഴിവിട്ട പ്രവൃത്തികള്‍ തന്റെ മൂക്കിന് താഴെ നടന്നിട്ടും അതൊന്നും അറിയാന്‍ കഴിയാത്ത മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും കെ മുരളീധരന്‍ എംപി പറഞ്ഞു. സ്വപ്‌നയെ പരിചയമുണ്ടെന്ന പേരിലാണ് സ്പീക്കര്‍ അവര്‍ ക്ഷണിച്ച പരിപാടിക്ക് പോയത്. അവര്‍ എപ്രകാരമുള്ളവരാണെന്ന് അന്വേഷിക്കാതെ അത്തരമൊരു ചടങ്ങില്‍ സ്പീക്കര്‍ പങ്കെടുത്തത് തെറ്റാണ്. ഇതുകൊണ്ടാണ് ധാര്‍മികമായി അദ്ദേഹത്തിന് സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷം പറയുന്നത്. അദ്ദേഹത്തിനെതിരായ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രിയും സ്പീക്കറും രാജി വെക്കുന്നത് വരെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.റമദാന്‍ കിറ്റിനെക്കുറിച്ച് സംസാരിക്കാനാണ് ഫോണ്‍ വിളികള്‍ നടത്തിയിട്ടുള്ളതെന്നാണ് മന്ത്രി കെ ടി ജലീല്‍ പ്രതികരിച്ചത്. മേയ് 24ന് ആയിരുന്നു ചെറിയ പെരുന്നാള്‍. കിറ്റിനെക്കുറിച്ച് സംസാരിക്കാന്‍ വിളിച്ചത് ജൂണ്‍ ഒന്നിനാണ്. ഒന്നിലധികം തവണ വിളിച്ചതായും ഫോണ്‍ രേഖകള്‍ പുറത്തു വരുന്നുണ്ട്. ഭരണപരമായ കാര്യങ്ങള്‍ക്ക് താന്‍ പലതവണ വിളിച്ചിട്ട് ഫോണ്‍ എടുക്കാത്ത ജലീലാണ് നിരവധി തവണ കേസിലെ പ്രതിയെ വിളിച്ചിട്ടുള്ളത്.

കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞ പ്രകാരമാണ് ഇവിടെ ബന്ധപ്പെട്ടതെന്ന് മന്ത്രി പറയുമ്പോഴും കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കപ്പെട്ട ഇവരെ ബന്ധപ്പെടാന്‍ പറഞ്ഞത് കോണ്‍സുലേറ്റ് ജനറല്‍ തന്നെയാണോന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.കേസുമായി ബന്ധമുള്ള പ്രതികള്‍ പലരും വിദേശത്താണ് കഴിയുന്നത്. ഇവരെ ഇന്ത്യയിലെത്തിക്കുന്നതിന് സിബിഐയുടെ കൂടെ സഹായം വേണ്ടിവരും. ഇതുകൊണ്ടുതന്നെ ഈ കേസിലെ അഴിമതികള്‍ അന്വേഷിക്കുന്നതിന് സിബിഐ അന്വേഷണവും പ്രഖ്യാപിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.പത്മനാഭ സ്വാമിക്ഷേത്രത്തിലെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് കെ മുരളീധരന്‍ എംപി ആവശ്യപ്പെട്ടു.

ഒന്നരലക്ഷം കോടി രൂപയോളം വിലവരുന്ന സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. നിലവില്‍ ക്ഷേത്രകാര്യങ്ങളുമായി ബന്ധപ്പെട്ട നടത്തിപ്പിന് ചുമതലപ്പെട്ട സമിതി ഈ ചെലവ് വഹിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. കുറഞ്ഞത് 25 കോടി രൂപയോളം ഇതിന് ചെലവ് വരും. ഈ തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളും രാജകുടുംബത്തിന്റെ പ്രതിനിധിയും ഉള്‍പ്പെട്ട സമിതിക്ക് താങ്ങാനാവുന്നതിനപ്പുറമാണ്. ഈ സാഹചര്യത്തില്‍ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സമിതിയെ നിയോഗിച്ചത് സ്വാഗതം ചെയ്യുന്നു. ആചാരനുഷ്ഠാനങ്ങള്‍ പരിപാലിക്കുന്നതിന് രാജകുടുംബത്തിന് അവകാശമുണ്ട്. അതില്‍ അനാവശ്യമായി സര്‍ക്കാരുകള്‍ കൈ കടത്തുന്നത് ശരിയായ നിലപാടല്ല. സുപ്രീകോടതി വിധി യുഡിഎഫ് നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്നും മുരളീധരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it