Kerala

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണം: കേന്ദ്രത്തിനും അദാനിക്കും ഹൈക്കോടതി നോട്ടീസ്

വിമാനത്താവളത്തിന്റെ നടത്തിപ്പു അദാനി ഗ്രൂപ്പിന് കൈമാറിയതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് കോടതി നോട്ടിസ് പുറപ്പെടുവിച്ചത്. കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണം: കേന്ദ്രത്തിനും അദാനിക്കും ഹൈക്കോടതി നോട്ടീസ്
X

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനൂള്ള നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും അദാനി ഗ്രൂപ്പിനും ഹൈക്കോടതി അടിയന്തിര നോട്ടിസ് അയച്ചു. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് കോടതി നോട്ടിസ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് ഷാജി പി ചാലിയാണ് ഹരജി പരിഗണിച്ചത്. കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

1932ല്‍ തിരുവിതാംകൂര്‍ നല്‍കിയ 258.06 ഏക്കര്‍ ഭൂമിയിലാണ് വിമാനത്താവളം നിര്‍മിച്ചത്. ഈ ഭൂമി ഇപ്പോഴും സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണുള്ളതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. 2003ല്‍ 27 ഏക്കര്‍ ഭൂമി പണം മുടക്കി ഏറ്റെടുത്തു സൗജന്യമായി നല്‍കി. ആകെയുള്ള ഭൂമിയില്‍ 0.5756 ഹെക്ടര്‍ മാത്രമാണ് എയര്‍പോര്‍ട് അതോറിറ്റിക്കു സ്വന്തമായിട്ടുള്ളത്. വിമാനത്താവളത്തിന്റെ നടത്തിപ്പിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രത്യേക കമ്പനിക്ക് രൂപം നല്‍കാമെന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ വില സര്‍ക്കാറിന്റെ ഓഹരിയായി കണക്കാക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നുവെങ്കിലും ഇത് ലംഘിച്ചാണ് സ്വകാര്യവല്‍ക്കരണം നടത്തുന്നതെന്നുമാണ് സര്‍ക്കാരിന്റെ വാദം.കേരളത്തിലെ ജനങ്ങളുടെ ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനാല്‍ വിമാനത്താവള നടത്തിപ്പ് സര്‍ക്കാരിന് തന്നെ നല്‍കുകയാണ് കേന്ദ്രം ചെയ്യേണ്ടത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് ഭരണഘടനാ തത്വങ്ങള്‍ പറയുന്നത്. സംസ്ഥാനസര്‍ക്കാരിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചുള്ള കരാര്‍ നിയമപരമല്ലാത്തതിനാല്‍ റദ്ദാക്കണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഹരജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it