Kerala

ടി പി കേസ്; പ്രതികള്‍ക്ക് ഇങ്ങനെയുള്ള പരിഗണന ലഭിക്കാന്‍ എന്താണ് പ്രത്യേകതയെന്ന് ഹൈക്കോടതി; പ്രതിക്ക് പരോള്‍ അനുവദിച്ചില്ല

ടി പി കേസ്;  പ്രതികള്‍ക്ക് ഇങ്ങനെയുള്ള പരിഗണന ലഭിക്കാന്‍ എന്താണ് പ്രത്യേകതയെന്ന് ഹൈക്കോടതി; പ്രതിക്ക് പരോള്‍ അനുവദിച്ചില്ല
X

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് തുടര്‍ച്ചയായ പരോളും അടിയന്തര അവധികളും നല്‍കിയത് വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഈ കേസിലെ പ്രതികള്‍ക്ക് ഇങ്ങനെയുള്ള പരിഗണന ലഭിക്കാന്‍ എന്താണ് പ്രത്യേകതയെന്ന് ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ ചോദിച്ചു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ ജ്യോതി ബാബുവിന്റെ ഭാര്യ പി ജി സ്മിത നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് കോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. ബന്ധുവിന്റെ മരണത്തെത്തുടര്‍ന്ന് ആചാരപരമായ ചടങ്ങുകള്‍ക്കായി ഭര്‍ത്താവിന് 10 ദിവസത്തെ പരോള്‍ അനുവദിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

ഹരജിയില്‍, മരണാനന്തര ചടങ്ങുകള്‍ നടത്തേണ്ട കുടുംബത്തിലെ ഏക മുതിര്‍ന്ന പുരുഷ അംഗം തന്റെ ഭര്‍ത്താവാണെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാണെന്നും സ്മിത വാദിച്ചിരുന്നു. എന്നാല്‍, അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മാത്രമാണ് അടിയന്തര അവധിയോ പരോളോ അനുവദിക്കുന്നതെന്നും, ഇതുപ്രകാരം മരിച്ചയാള്‍ പ്രതിയുടെ നേരിട്ടുള്ള ബന്ധുവല്ലെന്നും കോടതി നിരീക്ഷിച്ചു.

നേരത്തെ, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സിനും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും പരോള്‍ ആവശ്യപ്പെട്ട് ജ്യോതി ബാബു നിവേദനം നല്‍കിയിരുന്നു. എന്നാല്‍, നടപടിയൊന്നും ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിക്കാനായി ജയില്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.





Next Story

RELATED STORIES

Share it