Top

മഴക്കാലമെത്തി: കാത്തിരിക്കുന്നത് പകർച്ചവ്യാധികൾ; മറക്കാതിരിക്കാം ഇക്കാര്യങ്ങള്‍

കൊവിഡിന് പുറമെ സംസ്ഥാനം നേരിടാന്‍ പോകുന്ന പ്രധാന പ്രശ്നമാണ് മഴക്കാല രോഗങ്ങള്‍. ഇതു തടയുന്നതിന് ശുചീകരണം പ്രധാനമാണ്.

മഴക്കാലമെത്തി: കാത്തിരിക്കുന്നത് പകർച്ചവ്യാധികൾ; മറക്കാതിരിക്കാം ഇക്കാര്യങ്ങള്‍

തിരുവനന്തപുരം: നാളെ സംസ്ഥാനം ശുചീകരണ ദിനമായി ആചരിക്കും. കൊവിഡിന് പുറമെ സംസ്ഥാനം നേരിടാന്‍ പോകുന്ന പ്രധാന പ്രശ്നമാണ് മഴക്കാല രോഗങ്ങള്‍. ഇതു തടയുന്നതിന് ശുചീകരണം പ്രധാനമാണ്. 31ന് മുഴുവന്‍ ആളുകളും വീടും പരിസരവും വൃത്തിയാക്കണം. പൊതുസ്ഥലങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരിക്കും. മഴക്കാലം ആരംഭിക്കുന്നതോടെ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്കരോഗങ്ങള്‍ എന്നിവ വ്യാപകമാകാനുള്ള സാദ്ധ്യതകള്‍ ഏറെയാണ്. ചെറിയ ചെറിയ മുന്‍കരുതലുകള്‍ പാലിച്ചാല്‍ ഈ രോഗങ്ങളെയെല്ലാം നമുക്ക് ചെറുക്കാന്‍ സാധിക്കും.

ഡെങ്കിപ്പനി : പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകള്‍ വഴിയാണ് രോഗം പകരുന്നത്. വീടുകളുടെയും, കെട്ടിടങ്ങളുടെയും അകത്തും പരിസരങ്ങളിലുമുള്ള വെള്ളക്കെട്ടില്‍ മുട്ടയിട്ടു പെരുകുന്നവയാണിവ. വീടിന്റെ ഉള്ളില്‍ പൂച്ചെട്ടികളുടെ അടിയിലുള്ള പാത്രം, ഫ്രിഡ്ജുകളുടെ ഡീഫ്രോസ്റ്റ് ട്രേ, സണ്‍ഷേയ്ഡ്, മേല്‍ക്കൂര, ഉപയോഗിക്കാതെ കിടക്കുന്ന ടാങ്കുകള്‍, കൂളറുകള്‍, മേയാനുപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഷീറ്റുകള്‍, തുടങ്ങിയവയില്‍ കെട്ടി നില്‍ക്കുന്ന വെള്ളം ആഴ്ച്ചയിലൊരിക്കല്‍ നിര്‍ബന്ധമായും മാറ്റണം.

എലിപ്പനി : എലിപ്പനി രോഗാണു വാഹകരില്‍ എലികള്‍ മാത്രമല്ല, പട്ടികളും മറ്റു വളര്‍ത്തുമൃഗങ്ങളും, കന്നുകാലികളും ഉള്‍പ്പെടും. അവയുടെ മൂത്രത്താല്‍ മലിനമായ വെള്ളവുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ ആണ് രോഗം പകരുന്നത്. കൈകാലുകളില്‍ മുറിവ് ഉള്ളപ്പോള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നത് രോഗം പകരുവാനിടയാക്കുമെന്നതിനാല്‍ അത് കര്‍ശനമായി ഒഴിവാക്കണം.

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, കൃഷിസംബന്ധമായി ചേറിലും ചെളിയിലും ജോലി ചെയ്യുന്നവര്‍, മലിനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍, എന്നിവര്‍ എലിപ്പനിക്കെതിരെ മുന്‍ കരുതല്‍ എന്ന നിലയില്‍ സമീപമുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ഡോക്സി സൈക്ലിന്‍ 200 മില്ലിഗ്രാം ഗുളിക വാങ്ങി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴിക്കണം. ആഹാരത്തിന് ശേഷം ആണ് കഴിക്കേണ്ടത്. ജോലി ആരംഭിക്കുന്നതിന് തലേന്ന് കഴിക്കണം. ആഴ്ചയിലൊരിക്കല്‍ എന്ന തോതില്‍, പരമാവധി 6 ആഴ്ച്ച വരെ ഡോക്സിസൈക്ലിന്‍ കഴിക്കാം.

വയറിളക്കരോഗങ്ങള്‍, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) :

മഴക്കാലത്ത് ഏറ്റവും സാധാരണയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വെള്ളത്തില്‍ കൂടി പകരുന്ന വയറിളക്കരോഗങ്ങളും മഞ്ഞപ്പിത്തവുമാണ്. ഇതൊഴിവാക്കുവാന്‍ ശുചിത്വം കര്‍ശനമായി പാലിക്കണം. കൊറോണ പ്രതിരോധത്തിനു വേണ്ടി ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കഴുകുന്നത് ഒരു പരിധി വരെ വയറിളക്ക രോഗങ്ങള്‍ പകരുന്നത് തടയും. ആഹാരത്തിന് മുന്‍പും, ശുചി മുറി ഉപയോഗിച്ച ശേഷവും നിര്‍ബന്ധമായും സോപ്പുപയോഗിച്ചു കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുവാന്‍ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി ഉപയോഗിക്കരുത്.കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണര്‍ ആഴ്ചയിലൊരിക്കല്‍ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് ശുദ്ധീകരിക്കണം. ഹോട്ടലുകളിലും സോഡ നിര്‍മാണ യൂണിറ്റുകളിലും കുടിവെള്ള സ്രോതസ്സ് ആയി ഉപയോഗിക്കുന്ന കിണറുകളിലെ വെള്ളത്തിന്റെ ഗുണ നിലവാരം മാസത്തിലൊരിക്കല്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം. പനി, തലവേദന, ഛര്‍ദ്ദി, ക്ഷീണം, മനംപിരട്ടല്‍ എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ രോഗലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം ബാധിച്ച രോഗികള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുകയും വീട്ടില്‍ വിശ്രമിക്കുകയും ചെയ്യേണ്ടതാണ്.

Next Story

RELATED STORIES

Share it