Kerala

ചങ്ങനാശ്ശേരിയിലെ അഗതിമന്ദിരത്തില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് മരണം; അന്വേഷണമാവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും

മരണം സാക്രമികരോഗം ബാധിച്ചല്ലെന്ന് ജില്ലാ കലക്ടറും അറിയിച്ചു. മരണത്തില്‍ വിശദമായ പരിശോധന ആവശ്യമാണ്. മരിച്ച രോഗികളുടെ സാംപിള്‍ പരിശോധനയ്ക്കായി അമൃത ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു. വി സി ജോസഫ് എന്നയാളുടെ പേരിലാണ് ട്രസ്റ്റ്.

ചങ്ങനാശ്ശേരിയിലെ അഗതിമന്ദിരത്തില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് മരണം; അന്വേഷണമാവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും
X

കോട്ടയം: ചങ്ങനാശ്ശേരിയിലെ അഗതിമന്ദിരത്തില്‍ ഒരാഴ്ചയ്ക്കിടെ മൂന്നു അന്തേവാസികള്‍ മരിച്ചു. മൂന്നുദിവസം മുമ്പാണ് ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുതുജീവന്‍ കേന്ദ്രത്തില്‍നിന്ന് ഒമ്പതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവല്ല മെഡിക്കല്‍ മിഷന്‍, തിരുവല്ല പുഷ്പഗിരി ആശുപത്രി, തിരുവല്ലയിലെ തന്നെ മറ്റൊരു ആശുപത്രിയിലുമായാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇവരില്‍ രണ്ടുപേര്‍ കഴിഞ്ഞ ദിവസങ്ങളിലും ഒരാള്‍ ഇന്ന് രാവിലെ മെഡിക്കല്‍ കോളജിലും മരിച്ചു. ഇതില്‍ ആദ്യം മരിച്ച എരുമേലി സ്വദേശിയായ യുവതിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. മരണകാരണം ന്യൂമോണിയയാണെന്നായിരുന്നു വിശദീകരണം. ഇതിനുപിന്നാലെയായിരുന്നു രണ്ടുപേര്‍കൂടി മരണപ്പെട്ടത്.

മരണങ്ങളില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി. സ്ഥാപനത്തിനെതിരേ പരാതിയുമായി അന്തേവാസികളും രംഗത്തെത്തി. സ്ഥാപനത്തിന്റെ നടത്തിപ്പ് ശരിയല്ലെന്നും അന്തേവാസികളെ ഉപദ്രവിക്കാറുണ്ടെന്നുമായിരുന്നു ഇവരുടെ പരാതി. അടുത്തടുത്ത ദിവസങ്ങളിലായി മൂന്ന് മരണങ്ങള്‍ സംഭവിച്ച സാഹചര്യത്തില്‍ നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധവുമായി സ്ഥാപനത്തിലെത്തിയിട്ടുണ്ട്. ഇവിടെയുള്ള ആറ് അന്തേവാസികള്‍ തിരുവല്ലയിലെ മൂന്ന് ആശുപത്രിയിലായി ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. വിവരമറിഞ്ഞ് പരിഭ്രാന്തരായ നാട്ടുകാര്‍ ഇതെക്കുറിച്ച് അന്വേഷിച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. അതേസമയം, ഉയര്‍ന്ന ഫീസ് വാങ്ങി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിതെന്ന് തൃക്കൊടിത്താനം പഞ്ചായത്തിലെ 13ാം വാര്‍ഡ് അംഗം നിതിന്‍ പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളജില്‍നിന്ന് വിദഗ്ധസംഘമെത്തി പരിശോധന നടത്തി.

അഗതിമന്ദിരത്തില്‍നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇത് കൊവിഡ്- 19, എച്ച്1 എന്‍1 വൈറസുകളല്ലെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മരണം സാക്രമികരോഗം ബാധിച്ചല്ലെന്ന് ജില്ലാ കലക്ടറും അറിയിച്ചു. മരണത്തില്‍ വിശദമായ പരിശോധന ആവശ്യമാണ്. മരിച്ച രോഗികളുടെ സാംപിള്‍ പരിശോധനയ്ക്കായി അമൃത ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു. വി സി ജോസഫ് എന്നയാളുടെ പേരിലാണ് ട്രസ്റ്റ്. ഇവിടെ 60 അന്തേവാസികളാണുള്ളതെന്നും കലക്ടര്‍ വ്യക്തമാക്കി. ശനിയാഴ്ച മരിച്ച അന്തേവാസിയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഉച്ചകഴിഞ്ഞും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആന്തരികാവയവങ്ങള്‍ വിദഗ്ധപരിശോധനയ്ക്ക് അയക്കും.

Next Story

RELATED STORIES

Share it