Kerala

കടം തീര്‍ക്കാന്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ 50,000 രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമം; അസം സ്വദേശിയായ പിതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കടം തീര്‍ക്കാന്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ 50,000 രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമം; അസം സ്വദേശിയായ പിതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
X

കുമരകം: കുമരകത്ത് രണ്ടു മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ വില്‍ക്കാനുള്ള പിതാവിന്റെ രഹസ്യ നീക്കം അധികൃതര്‍ പരാജയപ്പെടുത്തി. 50,000 രൂപയ്ക്ക് കുഞ്ഞിനെ കൈമാറാന്‍ ശ്രമിച്ച അസം സ്വദേശിയായ പിതാവിനെയും, കുഞ്ഞിനെ വാങ്ങാനെത്തിയ ഉത്തര്‍പ്രദേശ് സ്വദേശി അര്‍മാന്‍ (31), ഇടനിലക്കാരനായ മോഹ്ദ് ദാനിഷ് ഖാന്‍ (32) എന്നിവരെയും പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ കുമ്മനത്താണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. അര്‍മാനും ദാനിഷ് ഖാനും സഹോദരിമാരുടെ ഭര്‍ത്താക്കന്മാരാണ്. മൂന്ന് പെണ്‍കുട്ടികളുടെ പിതാവായ അര്‍മാന്‍, തനിക്ക് ഒരു ആണ്‍കുഞ്ഞിനെ വേണമെന്ന ആഗ്രഹം ദാനിഷുമായി പങ്കുവെച്ചിരുന്നു.

കുമ്മനത്തെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന ദാനിഷിന് കുഞ്ഞിന്റെ പിതാവിനെ നേരത്തെ പരിചയമുണ്ടായിരുന്നു. ഈ ബന്ധം മുതലെടുത്താണ് ദാനിഷ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. പണം നല്‍കി കുഞ്ഞിനെ സ്വന്തമാക്കാന്‍ അര്‍മാന്‍ തയ്യാറാണെന്ന് അറിഞ്ഞതോടെ, കടബാധ്യത തീര്‍ക്കാന്‍ കുഞ്ഞിനെ വില്‍ക്കാന്‍ പിതാവ് തീരുമാനിക്കുകയായിരുന്നു. മുന്‍കൂറായി 1000 രൂപ കൈപ്പറ്റുകയും ചെയ്തു. എന്നാല്‍, ഈ വില്‍പ്പന നീക്കത്തെക്കുറിച്ച് കുഞ്ഞിന്റെ അമ്മ അറിഞ്ഞിരുന്നില്ല. ശനിയാഴ്ചയാണ് ഭര്‍ത്താവിന്റെ ഈ ആലോചന അമ്മയുടെ ശ്രദ്ധയില്‍പ്പെടുന്നത്. അവര്‍ ഈ ആവശ്യത്തെ ശക്തമായി എതിര്‍ത്തതോടെ വീട്ടില്‍ വഴക്കുണ്ടായി.



വീട്ടിലെ ബഹളം കേട്ട് അന്വേഷിച്ചെത്തിയ സമീപവാസികളായ അസം സ്വദേശികളോടാണ് അമ്മ വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അവര്‍ ജോലി നല്‍കിയിരുന്ന അന്‍സില്‍ എന്നയാളെ വിവരം ധരിപ്പിച്ചു. ഇദ്ദേഹം ഉടന്‍ തന്നെ ജനപ്രതിനിധികളെയും പോലിസിനെയും അറിയിച്ചതോടെയാണ് കുട്ടിയെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ സജീവമായത്. വിവരമറിഞ്ഞ പോലിസ് സംഘം സ്ഥലത്തെത്തി കുഞ്ഞിന്റെ പിതാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദാനിഷിനെയും അര്‍മാനെയും പോലിസ് പിടികൂടി. ആണ്‍കുഞ്ഞിനെ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോകുന്നതിനായി അര്‍മാന്റെ ഭാര്യയും സ്ഥലത്തെത്തിയിരുന്നു.



ജോലിക്കൊന്നും പോകാതെ ചീട്ടുകളിയും ലോട്ടറിയുമായി കഴിഞ്ഞിരുന്ന ഇയാള്‍ പലരില്‍ നിന്നും കടം വാങ്ങിയിരുന്നു. ഈ കടം വീട്ടാനാണ് ഇയാള്‍ കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി കുമ്മനം മടക്കണ്ടയിലെ ഒരു വാടകവീട്ടിലാണ് ഇയാളും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ മറ്റു 12 നിര്‍മ്മാണത്തൊഴിലാളികളും ഒപ്പമുണ്ടായിരുന്നു. ഇന്നലെ രാവിലെ തന്നെ കുഞ്ഞിനെ വാങ്ങാനായി അര്‍മാന്‍ എത്തി. രഹസ്യമായി ഈ ഇടപാട് നടത്താന്‍ രണ്ട് തവണ ശ്രമിച്ചിരുന്നെങ്കിലും അവസാന നിമിഷം പരാജയപ്പെട്ടിരുന്നു.




Next Story

RELATED STORIES

Share it