Kerala

തുടര്‍ ഭരണമല്ല, തുടര്‍ച്ചയായ ഇടതുഭരണമാണ് വരാന്‍ പോവുന്നതെന്ന് തോമസ് ഐസക്ക്

തുടര്‍ ഭരണമല്ല, തുടര്‍ച്ചയായ ഇടതുഭരണമാണ് വരാന്‍ പോവുന്നതെന്ന് തോമസ് ഐസക്ക്
X
അരൂര്‍: സംസ്ഥാനത്ത് വരാന്‍ പോവുന്നത് തുടര്‍ ഭരണമല്ല, തുടര്‍ച്ചയായുള്ള ഇടതുപക്ഷ ഭരണമാണെന്ന് മന്ത്രി ടി എം തോമസ് ഐസക്ക്. എല്‍ഡിഎഫ് അരൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ പൂച്ചാക്കല്‍ കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇടത് ഭരണം ജനങ്ങളുടെ ഹൃദയാംഗീകാരം കൈവരിച്ചു. കൊവിഡ് മഹാമാരിയുടെ ദുരിത കാലത്തും ഒരാളും പട്ടിണി കിടക്കരുത് എന്ന് സര്‍ക്കാര്‍ഉറപ്പുവരുത്തി. 2006ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 110 രൂപയായിരുന്നു പെന്‍ഷന്‍. അതും രണ്ടുവര്‍ഷം കുടിശ്ശിക വരുത്തി. വി എസ് സര്‍ക്കാരാണ് കുടിശ്ശിക തീര്‍ത്ത് പെന്‍ഷന്‍ വര്‍ധിപ്പിച്ചത്. 2016ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണ കാലയളവ് അവസാനിച്ചപ്പോള്‍ ഒരു വര്‍ഷം കുടിശ്ശിക വരുത്തി. പിണറായി സര്‍ക്കാര്‍ ഭരണം അവസാനിക്കുന്ന വേളയില്‍ കുടിശ്ശിക മുഴുവന്‍ തീര്‍ത്ത്, തുക പതിന്മടങ്ങ് വര്‍ധിപ്പിച്ച് മുന്‍കൂര്‍ നല്‍കുന്ന സ്ഥിതി വരുത്തി. കിഫ്ബി എന്ന ആശയം ഉയര്‍ത്തിയപ്പോള്‍ പ്രതിപക്ഷവും ഇടത് വിരുദ്ധരും പരിഹസിച്ചു. എന്നാല്‍ സമാനതകളില്ലാത്ത വികസന പദ്ധതികള്‍ കിഫ്ബി വഴി സാക്ഷാല്‍ക്കരിച്ചു.

അധികാരത്തിലേറുന്ന ഇടതുപക്ഷ സര്‍ക്കാര്‍ സംസ്ഥാനത്തെ തൊഴിലില്ലായ്മ പൂര്‍ണമായും പരിഹരിക്കും. 20 ലക്ഷം അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കും. 18 ലക്ഷം പേര്‍ക്ക് വീട്ടിലിരുന്ന് തൊഴില്‍ ചെയ്യാനുള്ള ആധുനിക തൊഴില്‍ സംവിധാനങ്ങള്‍ രൂപപ്പെടുത്തും. ഈ തിരഞ്ഞെടുപ്പോടെ യുഡിഎഫ് മെലിയും. ജയിച്ചാലും തോറ്റാലും ബിജെപിയിലേക്ക് പോകുന്ന ദുരവസ്ഥയിലാണ് കോണ്‍ഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എം കെ ഉത്തമന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ദെലീമാ ജോജോ, സി ബി ചന്ദ്രബാബു, എ എം ആരിഫ് എംപി, മനു സി പുളിക്കല്‍, ഡി സുരേഷ് ബാബു, എന്‍ ആര്‍ ബാബുരാജ്, വി ടി ജോസഫ്, പി ക രിദാസ്, ബി.അന്‍ഷാദ്, ടി രഘുനാഥന്‍ നായര്‍, കെ എസ് പ്രദീപ് കുമാര്‍, നസീര്‍ പുന്നയ്ക്കല്‍, ഹക്കീം ഇടക്കേരി സെബാസ്റ്റ്യന്‍ കല്ലുതറ സംസാരിച്ചു.

Thomas Isaacs says continuous left rule is coming



Next Story

RELATED STORIES

Share it