Big stories

ഏഴുവയസുകാരന്റെ മരണം: അമ്മയെ ഇന്ന് വീണ്ടും ചോദ്യംചെയ്യും; കേസെടുക്കുന്നതില്‍ നിയമോപദേശം തേടും

പ്രതി അരുണ്‍ ആനന്ദ് കുട്ടിയെ ക്രൂരമായി മര്‍ദനത്തിനിരയാക്കിയത് അമ്മയുടെ സാന്നിധ്യത്തിലാണ്. കൂടാതെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ച കുട്ടിക്ക് വിദഗ്ധചികില്‍സ നല്‍കുന്നതിനായി അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടുനല്‍കാനും ഇവര്‍ തയ്യാറായിരുന്നില്ല. ഇവരുടെ പ്രവൃത്തിയില്‍ പോലിസിന് ആദ്യം മുതല്‍ സംശയംതോന്നിയിരുന്നു.

ഏഴുവയസുകാരന്റെ മരണം: അമ്മയെ ഇന്ന് വീണ്ടും ചോദ്യംചെയ്യും; കേസെടുക്കുന്നതില്‍ നിയമോപദേശം തേടും
X

ഇടുക്കി: തൊടുപുഴയില്‍ ക്രൂരമര്‍ദനത്തെത്തുടര്‍ന്ന് ഏഴുവയസുകാരന്‍ മരണപ്പെട്ട സംഭവത്തില്‍ മാതാവിനെ ഇന്ന് പോലിസ് വീണ്ടും ചോദ്യംചെയ്യും. പ്രതി അരുണ്‍ ആനന്ദ് കുട്ടിയെ ക്രൂരമായി മര്‍ദനത്തിനിരയാക്കിയത് അമ്മയുടെ സാന്നിധ്യത്തിലാണ്. കൂടാതെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ച കുട്ടിക്ക് വിദഗ്ധചികില്‍സ നല്‍കുന്നതിനായി അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടുനല്‍കാനും ഇവര്‍ തയ്യാറായിരുന്നില്ല. ഇവരുടെ പ്രവൃത്തിയില്‍ പോലിസിന് ആദ്യം മുതല്‍ സംശയംതോന്നിയിരുന്നു. അതുകൊണ്ടുതന്നെ അമ്മയുടെ അറിവോടെയാണോ കുട്ടിയെ പ്രതി നിരന്തരം മര്‍ദനത്തിനിരയാക്കിയതെന്ന് കണ്ടെത്തുന്നതിനുവേണ്ടിയാണ് പോലിസ് വീണ്ടും ചോദ്യംചെയ്യുന്നത്.

കേസില്‍ അമ്മയെ പോലിസ് പ്രധാന സാക്ഷിയാക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരേ കേസെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടാനാണ് തീരുമാനം. ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലിസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ യുവതിയെ കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യമുണ്ടോയെന്ന് തീരുമാനിക്കും. ഉടുമ്പന്നൂരിലെ വീട്ടില്‍ മുത്തശ്ശിയുടെയൊപ്പമുള്ള ഇളയകുട്ടിയുടെ സംരക്ഷണച്ചുമതല വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അച്ഛന്റെ പിതാവ് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് അപേക്ഷ നല്‍കി. കുട്ടിയുടെ ആരോഗ്യസ്ഥിതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി റിപോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം, കുട്ടി മരണപ്പെട്ട സാഹചര്യത്തില്‍ പ്രതി അരുണ്‍ ആനന്ദിനെതിരേ പോലിസ് കൊലക്കുറ്റവും ചുമത്തി.

വധശ്രമം, ആക്രമണം, ഭീഷണിപ്പെടുത്തല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75ാം വകുപ്പ്, കഠിനമായ ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്. കുട്ടിയുടെ അനുജനായ നാലുവയസുകരനെ ലൈംഗികമായി ആക്രമിച്ചതില്‍ പോക്‌സോ കേസുമെടുത്തിട്ടുണ്ട്. ഇളയ കുട്ടിയെ ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ മുട്ടം ജയിലിലെത്തിച്ച ശേഷം അരുണിന്റെ അറസ്റ്റ് പോലിസ് ഇന്നലെ രേഖപ്പെടുത്തി. ഈ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി മൂന്നുദിവസത്തേക്കു കസ്റ്റഡി അപേക്ഷയും നല്‍കിയിട്ടുണ്ട്. 10 ദിവസം മരണത്തോട് മല്ലിട്ടശേഷം ശനിയാഴ്ച 11.30 ഓടെയാണ് കുട്ടി വിടവാങ്ങിയത്.

കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം തൊടുപുഴ ഉടുമ്പന്നൂരില്‍ അമ്മയുടെ വീട്ടിലെത്തിച്ച മൃതദേഹം രാത്രി വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്‌കരിച്ചത്. നിറകണ്ണുകളുമായി നൂറുകണക്കിനാളുകള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയപ്പോഴുണ്ടായ തിക്കും തിരക്കും പോലിസ് ഇടപെട്ടാണ് നിയന്ത്രിച്ചത്. കുട്ടിയുടെ മൃതദേഹമെത്തുന്നതിന് വളരെ മുമ്പേ തന്നെ വീടും പരിസരവും ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. വീടിന് മുന്നിലൂടെയുള്ള വഴിയിലൂടെ വാഹനങ്ങള്‍ കടത്തിവിടാന്‍ പോലിസ് പാടുപെട്ടു. മൃതദേഹം സംസ്‌കാരത്തിനായി എടുത്തതോടെ കൂടിനിന്നവരുടെ തേങ്ങലുകള്‍ നിലവിളികളായി. കുരുന്നിന്റെ ജീവനെടുത്ത കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് ഒറ്റസ്വരത്തില്‍ ആവശ്യപ്പെട്ടാണ് സംസ്‌കാരത്തിനെത്തിയവര്‍ മടങ്ങിയത്.

Next Story

RELATED STORIES

Share it