Kerala

പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

സംഭവം നടന്ന് 89ാം ദിവസം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 58 സാക്ഷികളുടെ വിവരങ്ങളും 59 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
X

പത്തനംതിട്ട: തിരുവല്ലയില്‍ വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിക്കൊന്ന കേസില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം നടന്ന് 89ാം ദിവസം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 58 സാക്ഷികളുടെ വിവരങ്ങളും 59 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

മാര്‍ച്ച് 12ന് രാവിലെ 9.15ന് റെയില്‍വേ സ്റ്റേഷന്‍ റോഡിലാണ് കൊലപാതകം നടന്നത്. അയിരൂര്‍ സ്വദേശിനിയായ കവിതാ വിജയകുമാര്‍ ആണ് കൊല്ലപ്പെട്ടത്. തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടി പതിവുപോലെ ക്ലാസിലേക്ക് പോകുന്നതിനിടെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ കുമ്പനാട് കടപ്ര കാരാലില്‍ അജിന്‍ റെജി മാത്യു (18) പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടു കുപ്പികളിലായി കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ മേല്‍ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ തീ കെടുത്തുകയും പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പോലിസിന് കൈമാറിയത്. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു. മാര്‍ച്ച് 20ന് മരണത്തിന് കീഴടങ്ങി.

ഇരുവരും പ്ലസ്ടുവിന് ഒന്നിച്ച് പഠിച്ചവരാണ്. ആ സമയം മുതല്‍ പ്രതി പ്രണയാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയുടെ പിന്നാലെ കൂടിയിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ വീട്ടിലും വിവാഹഭ്യര്‍ത്ഥനയുമായി എത്തിയെങ്കിലും അവരും ഇക്കാര്യം എതിര്‍ത്തതാണ് കൃത്യത്തിന് പ്രേരിപ്പിച്ചത്. പ്രതി അജിന്‍ റെജി മാത്യു മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡിലാണ്.

Next Story

RELATED STORIES

Share it