Top

കശ്മീര്‍, അസം, ഭരണകൂട ഭീകരത: പ്രതിരോധ സംഗമം 20ന്

രാജ്യവ്യാപകമായി മനുഷ്യാവകാശ പ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും തുറങ്കലില്‍ അടയ്ക്കുന്നത് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ശബ്ദങ്ങളെ ഏതു മാര്‍ഗം ഉപയോഗിച്ചും അടിച്ചമര്‍ത്തും എന്ന് സൂചനയാണ് നല്‍കുന്നത്.

കശ്മീര്‍, അസം, ഭരണകൂട ഭീകരത:  പ്രതിരോധ സംഗമം 20ന്

കോഴിക്കോട്: കാശ്മീരി ജനതയുടെ ജനാധിപത്യ അവകാശങ്ങളെ സംരക്ഷിക്കുക, പൗരത്വ ഭേദഗതി ബില്ലും അസമില്‍ നടപ്പിലാക്കിയ ദേശീയ പൗരത്വ പട്ടികയും റദ്ദാക്കുക, തുറങ്കലിലടച്ച രാഷ്ട്രീയ പ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും വിട്ടയക്കുക, കാശ്മീരിനു മേല്‍ ഇന്ത്യന്‍ ഭരണകൂടം നടത്തുന്ന സൈനിക അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി തെരുവുകൂട്ടം കോഴിക്കോട് പ്രതിരോധ സംഗമം നടത്തുന്നു. 20ന് വൈകീട്ട് 4.30ന് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ നടക്കുന്ന സംഗമം രാഷ്ട്രീയ പ്രവര്‍ത്തകനും ചിന്തകനുമായ കെ മുരളി ഉദ്ഘാടനം ചെയ്യും.

സി പി റഷീദ് അധ്യക്ഷത വഹിക്കും. എന്‍ പി ചെക്കുട്ടി, പ്രഫ. പി കോയ, എം പി കുഞ്ഞികണാരന്‍, അംബിക, ബിനൂപ്, അബ്ദു നാസര്‍ ടി, വിപിന്‍ ദാസ്, എ എം നദ്‌വി, മുസ്തഫ കൊമ്മേരി, വിഷ്ണു, ശ്വേത എന്നിവര്‍ സംസാരിക്കും.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ എങ്ങും കാണാത്ത വിധം രാഷ്ട്രീയ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാകുകയാണ് ദരിദ്ര ദലിത്-ആദിവാസി-മതന്യൂനപക്ഷ വിഭാഗങ്ങളെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഒരേസമയം ജനാധിപത്യപ്രക്രിയയെ അട്ടിമറിച്ചുകൊണ്ടും കുതിരക്കച്ചവടത്തിലൂടെയും ഭൂരിപക്ഷമുണ്ടാക്കി ഭരിക്കാന്‍ തുടങ്ങിയ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ഇന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ജീവിക്കാനുള്ള മൗലികമായ അവകാശത്തെ പോലും ഇല്ലാതാക്കിക്കഴിഞ്ഞിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയലും അസമിലെ പൗരത്വ പട്ടികയും. പത്തൊന്‍പത് ലക്ഷത്തിലധികം ജനങ്ങള്‍ അവരുടെ പൗരത്വം തെളിയിക്കാന്‍ കഴിയാതെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കെട്ടിപ്പൊക്കുന്ന തടങ്കല്‍പാളയത്തിനകത്തേക്ക് ഊഴം കാത്ത് കിടക്കുകയാണ്. ഇതില്‍ നിലവിലെ എംഎല്‍എയും മുന്‍ സൈനിക ഉദ്യോഗസ്ഥരും വരെ ഉള്‍പെടും. ഇതേ മാതൃകയില്‍ രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഭരണകൂടംപൗരത്വഭേദഗതി ബില്ലിലൂടെമുന്‍പേ തന്നെ വ്യക്തമാക്കിക്കഴിഞ്ഞതാണ്.

യഥാര്‍ത്ഥത്തില്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ലക്ഷ്യം വയ്ക്കുന്ന ഹിന്ദു രാഷ്ട്ര നിര്‍മിതിയിലേക്കുള്ള നിയമസാധൂകരണമുള്ള വംശഹത്യയാണ് ഇത് എന്ന് നാം തിരിച്ചറിഞ്ഞേ മതിയാകൂ. രാജ്യവ്യാപകമായി മനുഷ്യാവകാശ പ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും തുറങ്കലില്‍ അടയ്ക്കുന്നത് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ശബ്ദങ്ങളെ ഏതു മാര്‍ഗം ഉപയോഗിച്ചും അടിച്ചമര്‍ത്തും എന്ന് സൂചനയാണ് നല്‍കുന്നത്. സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഹിന്ദുത്വ അജണ്ടകള്‍ കൂടുതല്‍ വേഗത്തിലാണ് എന്ന് കഴിഞ്ഞ മൂന്ന് മാസം കൊണ്ട് നടപ്പിലാക്കിയ യുഎപിഎ, എന്‍ഐഎ ഭേദഗതികള്‍, വിവരാവകാശ നിയമഭേദഗതി, മുത്വലാഖ് നിരോധന നിയമത്തിലെ വ്യവസ്ഥകള്‍, കാശ്മീരിനെ എല്ലാ അവകാശങ്ങളും റദ്ദ് ചെയ്ത് വിഭജിച്ച നടപടി എന്നിവയെല്ലാം കാണിച്ചു തരുന്നു. ഹിന്ദുത്വ ഫാഷിസത്തിനെതിരായ ജനകീയ പ്രതിരോധം ഇനിയും വൈകുന്നത് അപകടകരമാണ്.

ഫാസിസത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ പ്രാദേശിക അടിസ്ഥാനത്തില്‍ ഉള്ള കൂട്ടായ്മകള്‍ക്ക് മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവില്‍ നിന്നാണ് കോഴിക്കോട് 'തെരുവു കൂട്ടം' എന്ന കൂട്ടായ്മ രൂപീകരിച്ചത്. ഹിന്ദുത്വ ഫാഷിസമാണ് ഇക്കാലഘട്ടത്തില്‍ നമ്മുടെ മുഖ്യശത്രു എന്ന് തിരിച്ചറിഞ്ഞുകൊണ്ട് എല്ലാ ഫാഷിസ്റ്റ് വിരുദ്ധരും ഈ പരിപാടിയില്‍ പങ്കു ചേരുകയും കൂട്ടായ്മയുടെ ഭാഗമാവുകയും ചെയ്യണമെന്ന്തെരുവുകൂട്ടം ആഹ്വാനം ചെയ്തു.
Next Story

RELATED STORIES

Share it