Kerala

കോട്ടയം ജില്ലയില്‍ ഇനി ആറ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ മാത്രം; ജാഗ്രത തുടരണമെന്ന് കലക്ടര്‍

കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട്, 18 വാര്‍ഡുകള്‍, മണര്‍കാട് പഞ്ചായത്തിലെ 10,16 വാര്‍ഡുകള്‍, പനച്ചിക്കാട് പഞ്ചായത്തിലെ 16ാം വാര്‍ഡ്, വെള്ളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവയാണ് ഇനി കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുക.

കോട്ടയം ജില്ലയില്‍ ഇനി ആറ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ മാത്രം; ജാഗ്രത തുടരണമെന്ന് കലക്ടര്‍
X

കോട്ടയം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിര്‍ണയിച്ച കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇനി കോട്ടയം ജില്ലയില്‍ ശേഷിക്കുന്നത് ആറെണ്ണം മാത്രം. രണ്ടാംഘട്ടത്തിലെ രോഗവ്യാപനത്തെത്തുടര്‍ന്ന് എട്ടുപഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലുമായി 14 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നത്. കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട്, 18 വാര്‍ഡുകള്‍, മണര്‍കാട് പഞ്ചായത്തിലെ 10,16 വാര്‍ഡുകള്‍, പനച്ചിക്കാട് പഞ്ചായത്തിലെ 16ാം വാര്‍ഡ്, വെള്ളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവയാണ് ഇനി കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുക.

വൈറസ് ബാധ റിപോര്‍ട്ട് ചെയ്ത തദ്ദേശഭരണ സ്ഥാപനത്തിന്റെ പരിധിയില്‍ വരുന്ന മേഖലകള്‍ പൂര്‍ണമായും ഹോട്ട്‌സ്‌പോട്ടുകളായി നിര്‍ണയിച്ചിരുന്നത് നേരത്തെ പിന്‍വലിച്ചിരുന്നു. അതേസമയം, കോട്ടയം ജില്ലയില്‍ നിലവില്‍ കൊവിഡ് രോഗികളില്ലെങ്കിലും രോഗപ്രതിരോധനത്തിനായുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബു അറിയിച്ചു. കോട്ടയം ഇപ്പോഴും റെഡ്‌സോണിലാണ്. മുമ്പ് പൂര്‍ണമായും രോഗമുക്തി നേടിയ ജില്ലയില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് 17 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. അതുകൊണ്ടുതന്നെ അതീവ ജാഗ്രത പുലര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ഇപ്പോഴും നിരീക്ഷണത്തില്‍ കഴിയുന്നു.

ആറ് തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി നിലനിര്‍ത്തിയിട്ടുമുണ്ട്. രോഗപ്രതിരോധത്തിനായുള്ള മുന്‍കരുതല്‍ നടപടികള്‍ ഫലപ്രദമാവുന്നതിന് എല്ലാവരും സഹകരിക്കേണ്ടതുണ്ട്. അനാവശ്യയാത്രകള്‍ ഒഴിവാക്കുക, അത്യാവശ്യങ്ങള്‍ക്കല്ലാതെ പൊതുസ്ഥലങ്ങളില്‍ പോവാതിരിക്കുക. മാസ്‌ക് ഉപയോഗം, സാമൂഹിക അകലം, കൈകളുടെ ശുചീകരണം തുടങ്ങി ബ്രേക്ക് ദ ചെയിന്‍ കാമ്പയിനുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കുക. വിദേശരാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും മടങ്ങിയെത്തുന്നവര്‍ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it