Kerala

'ബാബരി മസ്ജിദ് തകര്‍ത്തത് സംഘപരിവാര്‍, എല്ലാ ഒത്താശയും ചെയ്തത് കോണ്‍ഗ്രസ്', വര്‍ഗീയത ശരിയായ രീതിയിലെതിര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

ബാബരി മസ്ജിദ് തകര്‍ത്തത് സംഘപരിവാര്‍,  എല്ലാ ഒത്താശയും ചെയ്തത് കോണ്‍ഗ്രസ്, വര്‍ഗീയത ശരിയായ രീതിയിലെതിര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍
X

കൊല്ലം: നരസിംഹ റാവുവിന്റെ കാലത്താണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്ന് മതനിരപേക്ഷ വാദികളായ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഉള്‍പ്പെടെ നരസിംഹ റാവുവിനെ വിളിച്ചു. പരിധിക്ക് പുറത്തായിരുന്നു. ബാബരി മസ്ജിദ് പൂര്‍ണമായും തകര്‍ക്കപ്പെട്ടതിന് ശേഷമാണ് അദ്ദേഹത്തെ ഫോണില്‍ കിട്ടിയത്. ബാബറി മസ്ജിദ് തകര്‍ത്തത് സംഘപരിവാറാണ്. എന്നാല്‍ അതിന് നിസംഗതയോടെ നിന്ന് എല്ലാ ഒത്താശയും ചെയ്തത് കോണ്‍ഗ്രസ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പുനലൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒരു കാലത്തും ഇവിടെ വര്‍ഗീയത ശരിയായ രീതിയിലെതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ എല്ലാ കാലത്തും ഇടതുപക്ഷം വര്‍ഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം സ്വീകരിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ പലതരത്തില്‍ വേട്ടയാടപ്പെടുകയാണ്. കോണ്‍ഗ്രസ് ഒരുകാലത്തും മതനിരപേക്ഷതയ്ക്ക് വേണ്ടി ശക്തമായി നിലകൊണ്ടിട്ടില്ല. കോണ്‍ഗ്രസ് എപ്പോഴും വര്‍ഗീയതയുമായി സന്ധി ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന് അറിയപ്പെടുന്ന ഒട്ടേറെ നേതാക്കള്‍ ബിജെപിയുടെ നേതാക്കളാണ് ഇപ്പോള്‍. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് വലിയ ഒഴുക്ക് നടക്കുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന സംഘപരിവാര്‍ നേതാക്കള്‍ പോലെ സമാന നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. പലതരത്തിലുള്ള മതവെറികള്‍ വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മതനിരപേക്ഷതയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ മതനിരപേക്ഷത വലിയ ഭീഷണി നേരിടുകയാണ്. ആര്‍എസ്എസിന്റെ നയമാണ് ബിജെപി നടപ്പാക്കുന്നത്. രാഷ്ട്രം മതാധിഷ്ഠിത രാഷ്ട്രമാക്കാനാണ് ശ്രമം. അതിനാവശ്യമായ ഇടപെടലാണ് നടത്തുന്നത്. എല്ലാ കാലത്തും മതനിരപേക്ഷത സംരക്ഷിക്കുന്നതിനായി നിലപാടുകളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചത്. കോണ്‍ഗ്രസ് ഒരുകാലത്തും മതനിരപേക്ഷതയ്ക്ക് വേണ്ടി ശക്തമായി നിലകൊണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിന് രാജ്യത്ത് കൃത്യമായ നിലപാട് സ്വീകരിക്കാനാകുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ സംഘടനകളുമായി കൊടുക്കല്‍ വാങ്ങലുകള്‍ നടത്താന്‍ യുഡിഎഫിന് കഴിഞ്ഞു. രണ്ട് സീറ്റിനു വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കുന്ന നിലയിലേക്ക് കോണ്‍ഗ്രസും യുഡിഎഫും മാറിയെന്നും പിണറായി പറഞ്ഞു.




Next Story

RELATED STORIES

Share it