Kerala

ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ പരിപാടിയില്‍ പങ്കെടുക്കും; പ്രതിഷേധം ശക്തമാക്കാന്‍ എസ്എഫ്‌ഐ

ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ പരിപാടിയില്‍ പങ്കെടുക്കും; പ്രതിഷേധം ശക്തമാക്കാന്‍ എസ്എഫ്‌ഐ
X
കോഴിക്കോട്: പ്രതിഷേധങ്ങള്‍ക്കിടെ കാലിക്കറ്റ് സര്‍വകലാശാലയിലെ പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കും. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് എസ്എഫ്‌ഐ തീരുമാനം. ഗവര്‍ണര്‍ക്കെതിരെ വീണ്ടും ഉയര്‍ത്തിയ ബാനറുകള്‍ ക്യാമ്പസില്‍ നിന്ന് നീക്കില്ലെന്നാണ് പ്രവര്‍ത്തകരുടെ നിലപാട്. ക്യാമ്പസില്‍ കനത്ത പോലിസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ രാത്രി വൈകിയും പ്രതിഷേധം തുടര്‍ന്നിരുന്നു. ഗവര്‍ണര്‍ക്കെതിരെ തലസ്ഥാനത്തും കറുത്ത ബാനര്‍ കെട്ടി. സംസ്‌കൃത സര്‍വകലാശാലയ്ക്ക് മുന്‍പിലാണ് കറുത്ത ബാനര്‍ ഉയര്‍ത്തിയത്.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രധാന കവാടത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമില്ല. വിദ്യാര്‍ത്ഥികള്‍ മറ്റ് വഴികളിലൂടെ വേണം ക്യാംപസില്‍ എത്താന്‍. ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാറില്‍ പങ്കെടുക്കാനാവുക മുന്‍കൂട്ടി പാസ് ലഭിച്ചവര്‍ക്ക് മാത്രമാണ്.

ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ ഉയര്‍ത്തിയ ബാനറുകള്‍ ഗവര്‍ണന്‍ ആരിഫ് മുഹമ്മദ് ഖാന്‍ പോലിസിനെ ഉപയോഗിച്ച് ഇന്നലെ നീക്കം ചെയ്തിരുന്നു. ബാനറുകള്‍ നീക്കം ചെയ്യാത്തത്തില്‍ ക്ഷുഭിതനായ ഗവര്‍ണര്‍ മലപ്പുറം എസ്പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് രൂക്ഷമായി പ്രതികരിച്ചതിന് പിന്നാലെയാണ് എസ്പി തന്നെ നേരിട്ട് ബാനറുകള്‍ നീക്കം ചെയ്തത്.

എന്നാല്‍ ക്യാമ്പസില്‍ പ്രകടനവുമായെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വീണ്ടും ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍ ഉയര്‍ത്തി. ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാറിന്റെ ഭാഗമായി ക്യാമ്പസില്‍ സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡില്‍ നിന്ന് കീറിയെടുത്ത ആരിഫ് മുഹമ്മദ് ഖാന്റെ ചിത്രവും കോലവും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കത്തിച്ചു. വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിസിക്ക് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

അതിനിടെ തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്കെതിരെ നടന്ന എസ്എഫ്‌ഐ പ്രതിഷേധത്തില്‍ തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ വിശദീകരണം തേടി. കന്റോണ്‍മെന്റ് എസിപി, സിഐ, എസ്‌ഐ എന്നിവരോടാണ് സുരക്ഷാ വീഴ്ചയില്‍ വിശദീകരണം തേടിയത്. പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനം ആക്രമിക്കാന്‍ ശ്രമിച്ചതിലാണ് നടപടി.






Next Story

RELATED STORIES

Share it