Kerala

ശബരിമല തന്ത്രിക്കെതിരേ നിലപാട് കടുപ്പിച്ച് സര്‍ക്കാരും ദേവസ്വം ബോര്‍ഡും

ശബരിമല തന്ത്രിക്കെതിരേ നിലപാട് കടുപ്പിച്ച് സര്‍ക്കാരും ദേവസ്വം ബോര്‍ഡും
X

തിരുവനന്തപുരം: രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നടയടച്ച സംഭവത്തില്‍ ശബരിമല തന്ത്രി കണ്ഠര് രാജീവരോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം തേടും. ബോര്‍ഡ് അധികൃതരുമായി കൂടിയാലോചിക്കാതെ നടയടച്ചത് ഗുരുതര പിഴവാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ തന്ത്രി സ്ഥാനമൊഴിഞ്ഞ് മാറിനില്‍ക്കുകയാണ് വേണ്ടതെന്ന് അല്‍പസമയം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ആചാരലംഘനത്തിന്റെ പേരില്‍ ക്ഷേത്രം അടച്ച തന്ത്രിയുടെ നിലപാട് വിചിത്രമാണ്. തന്ത്രിയുടെ ഭാഗം കൂടി കേട്ടാണ് കോടതി വിധി ഉണ്ടായത്. വിധി നടപ്പാക്കാനാവില്ലെങ്കില്‍ തന്ത്രി സ്ഥാനമൊഴിയണം. ക്ഷേത്രം അടക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ദേവസ്വം ബോര്‍ഡാണ്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡാണ് പരിശോധിക്കേണ്ടതെന്നും പിണറായി വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി വിധിക്കെതിരായ സമീപനമാണ് തന്ത്രി സ്വീകരിച്ചതെന്ന് ദേവസ്വം ബോര്‍ഡും ആരോപിക്കുന്നു. വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് നിശ്ചിതസമയം നല്‍കിയേക്കും. ഈ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കര്‍ശന നടപടികളിലേക്ക് നീങ്ങാനാണ് ബോര്‍ഡിന്റെ തീരുമാനമെന്നാണ് സൂചന. അതേസമയം, ശുദ്ധിക്രിയ അടക്കമുള്ള പരിഹാര ക്രിയകള്‍ ചെയ്യാന്‍ തന്ത്രിക്ക് അവകാശമുണ്ടെന്നാണ് ബോര്‍ഡ് നിലപാട്. കൂടിയാലോചന നടത്താതിരുന്നതാണ് ബോര്‍ഡിനെ ചൊടിപ്പിച്ചിട്ടുള്ളത്.

യുവതി പ്രവേശനം മുഖ്യമന്ത്രി സ്ഥിരീകരിച്ചതിന് പിന്നാലെ തന്ത്രിയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ഫോണില്‍ വിളിച്ചിരുന്നു. നടയടക്കാന്‍ പോവുകയാണെന്ന വിവരം സംഭാഷണത്തിനിടെ പത്മകുമാറിനോട് തന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ബോര്‍ഡ് അംഗങ്ങളുമായി ആലോചിച്ച ശേഷം തീരൂമാനിക്കാമെന്ന് പത്മകുമാര്‍ അറിയിച്ചെങ്കിലും അതിനു കാത്തുനില്‍ക്കാതെ തന്ത്രി നട അടയ്ക്കുകയായിരുന്നു.


Next Story

RELATED STORIES

Share it