Kerala

ജനമഹായാത്രയ്ക്ക് തുടക്കം; തിരഞ്ഞെടുപ്പ് രണ്ടാമത്തെ കുരുക്ഷേത്രയുദ്ധമെന്ന് എ കെ ആന്റണി

ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ടാമത്തെ കുരുക്ഷേത്ര യുദ്ധമാണെന്നും നരേന്ദ്രമോദി നയിക്കുന്ന കൗരവപ്പടയെ തകര്‍ക്കാനുള്ള ദൗത്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കാണെന്നും യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി അഭിപ്രായപ്പെട്ടു. യുദ്ധത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കല്ല. മതേതരത്വവും ഭരണഘടനാ സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടികളും ഒപ്പമുണ്ട്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോരാട്ടം കേവലം അധികാര കൈമാറ്റത്തിന് വേണ്ടിയുള്ളതല്ല. ഇന്ത്യയെ രക്ഷിക്കാനുള്ളതാണ്.

ജനമഹായാത്രയ്ക്ക് തുടക്കം; തിരഞ്ഞെടുപ്പ് രണ്ടാമത്തെ കുരുക്ഷേത്രയുദ്ധമെന്ന് എ കെ ആന്റണി
X

കാസര്‍കോട്: കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയ്ക്ക് കാസര്‍കോട് തുടക്കമായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ടാമത്തെ കുരുക്ഷേത്ര യുദ്ധമാണെന്നും നരേന്ദ്രമോദി നയിക്കുന്ന കൗരവപ്പടയെ തകര്‍ക്കാനുള്ള ദൗത്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കാണെന്നും യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി അഭിപ്രായപ്പെട്ടു. യുദ്ധത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കല്ല. മതേതരത്വവും ഭരണഘടനാ സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടികളും ഒപ്പമുണ്ട്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോരാട്ടം കേവലം അധികാര കൈമാറ്റത്തിന് വേണ്ടിയുള്ളതല്ല. ഇന്ത്യയെ രക്ഷിക്കാനുള്ളതാണ്.

ജനാധിപത്യമൂല്യങ്ങളെയും ഇന്ത്യന്‍ ഭരണഘടനയെയും രക്ഷിക്കാനുള്ള യുദ്ധമാണ്. ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെല്ലാം തകര്‍ക്കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനും പുതിയ ഭരണഘടന ഉണ്ടാക്കാനും ശ്രമം നടക്കുന്നു. മറുവശത്ത് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും കഷ്ടപ്പെടുന്നു. കര്‍ഷക ആത്മഹത്യകള്‍ സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. അതിരൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യത്തെ ചെറുപ്പക്കാര്‍ നേരിടുന്നത്. തൊഴിലാളികളുടെ കൂലി കുറയുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയേക്കാം. ദേശീയ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മോദി ഭരണത്തിന് അന്ത്യം കുറിക്കാതെ മറ്റുമാര്‍ഗമില്ല. കേരളത്തിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടംകൊയ്യാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാനും തിരഞ്ഞെടുപ്പിലൂടെ കഴിയണം. പ്രളയംമൂലം തകര്‍ന്ന കേരളത്തില്‍കണ്ട ജനങ്ങളുടെ ഐക്യമാണ് തകര്‍ക്കാന്‍ ശ്രമിച്ചത്.

പുതിയ കേരളം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനു പകരം കേരളത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച പിണറായി വിജയന് ചുട്ടമറുപടി നല്‍കണം. കോണ്‍ഗ്രസിനെ തോല്‍പിക്കണമെന്ന ഒരേ ലക്ഷ്യത്തോടെയാണ് കേരളത്തില്‍ പിണറായിയും നരേന്ദ്രമോദിയും നീങ്ങുന്നതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രസംഗത്തിനിടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രി ഏറ്റവും വലിയ അഴിമതിക്കാരനായി മാറിയെന്ന് ചെന്നിത്തല ആരോപിച്ചു. ജനമഹായാത്ര ഈമാസം 28 ന് തിരുവനന്തപുരത്ത് സമാപിക്കും.

Next Story

RELATED STORIES

Share it