Kerala

ലൈംഗികാരോപണം: രണ്ട് വൈദികരെ തലശ്ശേരി രൂപത പൗരോഹിത്യത്തില്‍നിന്ന് നീക്കി

തലശ്ശേരി അതിരൂപതയില്‍പ്പെട്ട പൊട്ടന്‍പ്ലാവ് ഇടവകയിലെ വികാരിമാരായിരുന്ന വൈദികരായ ഫാ.ജോസഫ് പൂത്തോട്ടാല്‍, ഫാ. മാത്യു മുല്ലപ്പള്ളി എന്നിവര്‍ക്കെതിരെയാണ് സഭ നടപടിയെടുത്തത്. വിഷയം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെയാണ് രൂപതയുടെ ഇടപെടലുണ്ടായിരിക്കുന്നത്.

ലൈംഗികാരോപണം: രണ്ട് വൈദികരെ തലശ്ശേരി രൂപത പൗരോഹിത്യത്തില്‍നിന്ന് നീക്കി
X

കണ്ണൂര്‍: ലൈംഗികാരോപണം നേരിട്ട ഇടവക വികാരിമാരായിരുന്ന രണ്ട് വൈദികരെ അന്വേഷണവിധേയമായി പൗരോഹിത്യ ശുശ്രൂഷയില്‍നിന്ന് കത്തോലിക്കാ സഭ തലശ്ശേരി രൂപത ഒഴിവാക്കി. തലശ്ശേരി അതിരൂപതയില്‍പ്പെട്ട പൊട്ടന്‍പ്ലാവ് ഇടവകയിലെ വികാരിമാരായിരുന്ന വൈദികരായ ഫാ.ജോസഫ് പൂത്തോട്ടാല്‍, ഫാ. മാത്യു മുല്ലപ്പള്ളി എന്നിവര്‍ക്കെതിരെയാണ് സഭ നടപടിയെടുത്തത്. വിഷയം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെയാണ് രൂപതയുടെ ഇടപെടലുണ്ടായിരിക്കുന്നത്.

അതിരൂപതയിലെ തന്നെ അംഗമായ ഫാ. മാത്യു മുല്ലപ്പള്ളിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആരോപണങ്ങള്‍ ഉള്‍പ്പെട്ട ഫോണ്‍സംഭാഷണം പുറത്തുവന്ന ദിവസംതന്നെ അന്വേഷണ കമ്മീഷനെ നിയമിക്കുകയും അദ്ദേഹത്തെ അജപാലനശുശ്രൂഷയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നതായി അതിരൂപത അറിയിച്ചു. സന്യാസ സഭാംഗമായ ഫാ. ജോസഫ് പൂത്തോട്ടാലിനെതിരേ നടപടി സ്വീകരിക്കാന്‍ പ്രസ്തുത സഭയുടെ മേലധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സദാചാരലംഘനമുണ്ടായതില്‍ വിശ്വാസികളോട് തലശ്ശേരി അതിരൂപത മാപ്പുചോദിച്ചു.

ആലക്കോട് പൊട്ടന്‍പ്ലാവ് ഇടവക വികാരിയായിരുന്നു ഫാ.ജോസഫ് പൂത്തോട്ടാല്‍. തലശ്ശേരി രൂപത സഹായമെത്രാനെ ഫോണില്‍ വിളിച്ച് യുവതി പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. ആരോപണമുയര്‍ന്ന ആദ്യഘട്ടത്തില്‍ അതിരൂപത ഇത് തള്ളുകയാണ് ചെയ്തത്. എന്നാല്‍, മാത്യു മുല്ലപ്പള്ളിയുടേതെന്ന് ആരോപിക്കപ്പെട്ട, തെറ്റ് ഏറ്റുപറയുന്ന ഓഡിയോ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെയാണ് അതിരൂപത മാപ്പുപറഞ്ഞത്. സമൂഹത്തിന് മാതൃക കാട്ടേണ്ട പുരോഹിതരുടെ ഭാഗത്തുനിന്ന് തെറ്റായ പെരുമാറ്റമുണ്ടായിട്ടുണ്ടെന്ന് രൂപത പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it