Latest News

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക ഇളവ് നല്‍കി അമേരിക്ക

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക ഇളവ് നല്‍കി അമേരിക്ക
X

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് ആഗോള ഇന്ധന വിതരണത്തില്‍ ഉണ്ടായ പ്രതിസന്ധി മറികടക്കുന്നതിനായി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക താല്‍ക്കാലിക ഇളവ് അനുവദിച്ച് അമേരിക്ക. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന്റെയും വാണിജ്യ സഹകരണത്തിന്റെയും ഭാഗമായി 30 ദിവസത്തേക്കാണ് ഈ അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യയെ 'മികച്ച പങ്കാളി'യെന്ന് വിശേഷിപ്പിച്ചാണ് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിയന്ത്രിക്കണമെന്ന അമേരിക്കയുടെ അഭ്യര്‍ഥന ഇന്ത്യ മുന്‍കാലങ്ങളില്‍ മാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ആഗോള ഊര്‍ജ പ്രതിസന്ധി മറികടക്കാന്‍ ഇത്തരമൊരു തീരുമാനം അനിവാര്യമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന ലെവിറ്റ അറിയിച്ചു. ഇതിനകം കടലില്‍ എത്തിയ റഷ്യന്‍ എണ്ണ ശേഖരം വാങ്ങുന്നതിനായാണ് ഈ അനുമതി നല്‍കിയതെന്നും ഇതിലൂടെ റഷ്യന്‍ ഭരണകൂടത്തിന് വലിയ സാമ്പത്തിക നേട്ടമുണ്ടാകില്ലെന്നും അമേരിക്ക വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴി നടക്കുന്ന ഗതാഗതം സ്തംഭിച്ചതാണ് ആഗോള ഊര്‍ജ വിപണിയെ പ്രതികൂലമായി ബാധിച്ചത്. ലോകത്തെ മൊത്തം എണ്ണവാതക വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന പ്രധാന കടല്‍മാര്‍ഗമാണിത്. ഇതിനിടെ ഖത്തര്‍, ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന ഇന്ധനവിതരണവും ബാധിച്ചു. ഇതോടെ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ധനക്ഷാമം രൂക്ഷമാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. എണ്ണവില കുതിച്ചുയരുന്നത് തടയാനാണ് അമേരിക്ക ഇത്തരം നയതന്ത്ര നീക്കങ്ങള്‍ നടത്തുന്നതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

ഇതിനിടെ ആഭ്യന്തര വിപണിയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. എല്‍പിജി സിലിണ്ടറുകളുടെ ദൗര്‍ലഭ്യം റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും വാണിജ്യ ആവശ്യങ്ങള്‍ പുനപരിശോധിക്കാനും പെട്രോളിയം മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ധനവിതരണത്തിലെ ക്രമക്കേടുകള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ടെന്നും ആഭ്യന്തര വിപണിയില്‍ ഇന്ധനലഭ്യത ഉറപ്പാക്കാന്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it