Kerala

പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി വിധി ഇന്ന്

ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറയുക

പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി വിധി ഇന്ന്
X

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി വിധി ഇന്ന്. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറയുക. ജസ്റ്റിസ് യു. യു. ലളിതും ഇന്ദു മല്‍ഹോത്രയുമടങ്ങുന്ന ബെഞ്ചാണ് വിധി പറയുന്നത്.തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നുമാണ് 2011 ജനുവരിയില്‍ ഹൈക്കോടതി പുറപ്പടിവിച്ച വിധി. ക്ഷേത്രത്തിലെ വിവിധ നിലവറകളില്‍ ഉള്ള അമൂല്യനിധികളുടെ കണക്ക് എടുക്കാനും ജസ്റ്റിസുമാരായ സി.എന്‍.രാമചന്ദ്രനും കെ.സുരേന്ദ്ര മോഹനും അടങ്ങുന്ന ഹൈക്കോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശമില്ല എന്ന കേരള ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ക്ഷേത്രത്തിന്റെ സ്വത്തില്‍ ഒരു അവകാശവും തിരുവിതാംകൂര്‍ രാജകുടുംബം ഉന്നയിക്കുന്നില്ല. എന്നാല്‍ പ്രത്യേകതകള്‍ ഉള്ള ക്ഷേത്രമാണ്. ക്ഷേത്രത്തിന്റെ ആസ്തിയും സ്വത്തും പ്രതിഷ്ഠക്ക് (വിഗ്രഹത്തിന്) അവകാശ പെട്ടതാണ്. അത് നോക്കിനടത്താനുള്ള ഭരണപരമായ അവകാശമാണ് രാജകുടുംബം കോടതിയില്‍ ആവശ്യപ്പെട്ടത്.പദ്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണ് എന്ന നിലപാടാണ് രാജകുടുംബം കേരള ഹൈക്കോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമ്പോള്‍ രാജകുടുംബം ഈ നിലപാട് തിരുത്തി. പൊതുക്ഷേത്രം ആണെന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സുപ്രീം കോടതി രാജകുടുംബത്തിന്റെ ഹര്‍ജികള്‍ കേള്‍ക്കാന്‍ തീരുമാനിച്ചത്. അതേസമയം ഇന്ത്യന്‍ യൂണിയനില്‍ തിരുവിതാംകൂര്‍ ഭാഗം ആകുന്നതും ആയി ബന്ധപ്പെട്ട ഉടമ്പടിയില്‍ പദ്മനാഭസ്വാമിക്ഷേത്രവും രാജകുടുംബവും തമ്മിലുള്ള ബന്ധം വിശദീകരിച്ചിട്ടുണ്ടെന്ന് കോടതിയില്‍ രാജകുടുംബം ചൂണ്ടിക്കാട്ടി. കവനന്റിന്റെ അടിസ്ഥാനത്തില്‍ ആണ് 1950 ലെ ട്രാവന്‍കൂര്‍ കൊച്ചി ഹിന്ദു ആരാധനാലയ നിയമം നിലവില്‍ വരുന്നത്. ഒരു ദേവസ്വം ബോര്‍ഡിന്റെയും അധികാര നിയന്ത്രണത്തില്‍ പദ്മനാഭസ്വാമി ക്ഷേത്രത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. പദ്മനാഭസ്വാമിയുടെ ദാസന്മാരാണ് തങ്ങള്‍ എന്നും തിരുവിതാംകൂര്‍ രാജകുടുംബം കോടതിയില്‍ വാദിച്ചു.

Next Story

RELATED STORIES

Share it