Kerala

മൂവാറ്റുപുഴ കേസ്: വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് എന്‍ഐഎയോട് സുപ്രിംകോടതി

മുന്നൂറു പേരെ വിചാരണ നടത്തുമ്പോള്‍ നടപടികള്‍ അനന്തമായി വൈകുമെന്നും അതുവരെ നജീബ് ജയിലില്‍ കഴിയണമെന്നാണോ എന്‍ഐഎയുടെ ആവശ്യമെന്ന് കോടതി ആരാഞ്ഞു.

മൂവാറ്റുപുഴ കേസ്: വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് എന്‍ഐഎയോട് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: മൂവാറ്റുപുഴ അധ്യാപകൻ ആക്രമിക്കപ്പെട്ട കേസില്‍ പിന്നീട് കണ്ടെത്തിയ കുറ്റാരോപിതരുടെ വിചാരണ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എന്‍ഐഎയോട് സുപ്രിംകോടതി നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്.

കേസിലെ അഞ്ചാം പ്രതിയായ നജീബിന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹരജിയില്‍ കഴിഞ്ഞ ദിവസം എന്‍ഐഎ ഹെഡ് ക്വാട്ടേഴ്സ് ഐജി അനില്‍ ശുക്ല സുപ്രിംകോടതിയില്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തിരുന്നു. കേസില്‍ ഒളിവിലായിരുന്ന ആറ് പ്രതികള്‍ക്കെതിരേ 2017 ജൂണ്‍ ഒന്നിന് ഫയല്‍ ചെയ്ത മൂന്നാം സപ്ലിമെന്ററി റിപോര്‍ട്ടില്‍ വിചാരണ ഉടന്‍ ആരംഭിക്കുമെന്ന് എന്‍ഐഎയ്ക്ക് വേണ്ടി ഇന്ന് കോടതിയില്‍ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.

വിചാരണ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം വേണമെന്ന് എന്‍ഐഎ സുപ്രിംകോടതിയെ അറിയിച്ചു. വിചാരണ വൈകിപ്പിക്കുവാന്‍ തങ്ങളുടെ ഭാഗത്തു നിന്ന് ബോധപൂര്‍വമായ പിഴവുകള്‍ ഉണ്ടായിട്ടില്ലെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി. എന്നാല്‍ മുന്നൂറു പേരെ വിചാരണ നടത്തുമ്പോള്‍ നടപടികള്‍ അനന്തമായി വൈകുമെന്നും അതുവരെ നജീബ് ജയിലില്‍ കഴിയണമെന്നാണോ എന്‍ഐഎയുടെ ആവശ്യമെന്ന് കോടതി ആരാഞ്ഞു. എത്ര സാക്ഷികളെയാണ് ഇനി വിസ്തരിക്കേണ്ടതെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

2010 ജൂലൈ നാലാം തീയതി ആണ് തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസ്സര്‍ ടിജെ ജോസെഫിന് നേരെ ആക്രമണമുണ്ടാകുന്നത്. കേസിലെ അഞ്ചാം പ്രതി ആയിരുന്ന നജീബിനെ 2015-ല്‍ ആണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. 2019 ജൂലൈയില്‍ നജീബിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ എന്‍ഐഎ നല്‍കിയ അപ്പീലില്‍ അതേ വര്‍ഷം സുപ്രിംകോടതി ജാമ്യ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നജീബിനെ എന്‍ഐഎ 2019-ല്‍ വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. നജീബിന്റെ ജാമ്യത്തിന് എതിരായ എന്‍ഐഎ ഹരജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി കോടതി മാറ്റി.

Next Story

RELATED STORIES

Share it