Kerala

പൂന്തുറയിൽ കൊവിഡ് വ്യാപിക്കുന്നു: പ്രദേശത്ത് കമാൻ്റോകളെ വിന്യസിച്ചു; അതിര്‍ത്തി കടക്കുന്നതിന് നിരോധനം

പൂന്തുറയില്‍ വളരെ കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. കൊവിഡ് ബാധ തടയുന്നതിന്‍റെ ഭാഗമായി പൂന്തുറ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയും.

പൂന്തുറയിൽ കൊവിഡ് വ്യാപിക്കുന്നു: പ്രദേശത്ത് കമാൻ്റോകളെ വിന്യസിച്ചു; അതിര്‍ത്തി കടക്കുന്നതിന് നിരോധനം
X

തിരുവനന്തപുരം: സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വർധിച്ചതോടെ തീരപ്രദേശമായ പൂന്തുറയിലെ ജനങ്ങൾ ആശങ്കയിൽ. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി പൂന്തുറയിൽനിന്ന് ശേഖരിച്ച 600 സാമ്പിളുകളിൽ 119 പേർക്കും കൊറോണ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ പ്രദേശത്തെ കൂടുതൽ ആളുകൾക്ക് പരിശോധന നടത്താനാണ് തീരുമാനം. ഇന്നു രാവിലെ തന്നെ ഇവിടെ റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചു.

കൊവിഡ് ബാധ തടയുന്നതിന്‍റെ ഭാഗമായി പൂന്തുറ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

പൂന്തുറയില്‍ വളരെ കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇവിടെ സ്പെഷ്യല്‍ ഡ്യൂട്ടിക്കായി എസ്എപി കമാണ്ടന്‍റ് ഇന്‍ ചാര്‍ജ്ജ് എല്‍.സോളമന്‍റെ നേതൃത്വത്തില്‍ 25 കമാണ്ടോകളെ നിയോഗിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ.വി ഗോപിനാഥ്, അസിസ്റ്റന്‍റ് കമ്മീഷണര്‍ ഐശ്വര്യ ദോംഗ്രേ എന്നിവര്‍ പൂന്തുറയിലെ പോലിസ് നടപടികള്‍ക്ക് നേതൃത്വം നല്‍കും. ക്രമസമാധാന വിഭാഗം എഡിജിപി ഡോ.ഷെയ്ക്ക് ദെര്‍വേഷ് സാഹിബ് മേല്‍നോട്ടം വഹിക്കും.

പൂന്തുറ മേഖലയില്‍ സാമൂഹികഅകലം പാലിക്കുന്നതുള്‍പ്പെടെയുള്ള ബോധവല്‍കരണം നടത്തുന്നതിന് സാമുദായിക നേതാക്കന്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടും. ആരോഗ്യസുരക്ഷ പാലിക്കേണ്ടതിന്‍റെ ആവശ്യകത പോലീസ് വാഹനങ്ങളില്‍ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കും.

തിരുവനന്തപുരം ഭാഗത്തുനിന്ന് കന്യാകുമാരിയിലേയ്ക്കും തിരിച്ചും അതിര്‍ത്തി കടന്ന് ആരും പോകുന്നില്ലെന്ന് ഇരുസംസ്ഥാനങ്ങളിലേയും പോലിസ് ഉറപ്പാക്കും. സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ ഇക്കാര്യം തമിഴ്നാട് ഡിജിപി ജെ കെ ത്രിപാഠിയുമായി ഫോണില്‍ സംസാരിച്ചു.

പൂന്തുറയിൽ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും പോലീസ് മേധാവിയും പൂന്തുറയിലെ സ്ഥിതിഗതികൾ വിലയിരുത്തി. ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സമ്പർക്കത്തിലും 150ഓളം പേർ ദ്വിതീയ സമ്പർക്കത്തിലും വന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. നിയന്ത്രണങ്ങളുടെ ഭാഗമായി പുറത്തുനിന്ന് ആളുകൾ പൂന്തുറയിലേക്ക് എത്തുന്നത് കർശനമായി തടയുകയും അതിർത്തികൾ അടച്ചിടുകയും ചെയ്യും.

പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും പൂന്തുറയിലെ മൂന്ന് വാർഡുകളിൽ നാളെ മുതൽ ഓരോ കുടുംബത്തിനും അഞ്ച് കിലോ വീതം സൗജന്യ റേഷൻ നൽകുമെന്നും ഇതിന് കളക്ടർക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചു. പൂന്തുറയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനായി പ്രദേശത്ത് കൂടുതൽ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. പൂന്തുറയിലും പരിസര പ്രദേശങ്ങളിലുമുള്ള ആളുകൾ പുറത്തിറങ്ങരുതെന്നാണ് നിർദേശം. തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി തീരപ്രദേശത്ത് പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.

10 അംഗ ദ്രുതകർമ സേനയെയാണ് പൂന്തുറയിൽ വിന്യസിച്ചിട്ടുള്ളത്. പ്രദേശത്ത് ആന്റിജൻ പരിശോധനയും ഊർജിതമായി നടത്തുന്നുണ്ട്. വിഴിഞ്ഞം ഭാഗത്ത് മത്സ്യവിപണനവുമായി ബന്ധപ്പെട്ട യാത്രചെയ്യുന്നവരുടെ ലിസ്റ്റ് തയാറാക്കി അവരെ പരിശോധിക്കും. പൂന്തുറ, വള്ളക്കടവ് ഭാഗങ്ങളിലായി ഇന്നലെ 37 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നും അൻപതോളം പരിശോധനാ ഫലം പോസിറ്റീവായതായാണ് സൂചന. അതേസമയം, പൂന്തുറയിൽ ഉൾപ്പടെ സ്വീകരിക്കേണ്ട ജാഗ്രതാ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യാൻ നഗരസഭയിൽ നടക്കുന്ന കക്ഷിനേതാക്കളുടെ യോഗം പുരോഗമിക്കുകയാണ്.

Next Story

RELATED STORIES

Share it