Kerala

ശ്രീലങ്കന്‍ യുവതി സന്നിധാനത്തെത്തി; ദൃശ്യങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

ദര്‍ശനം നടത്താന്‍ പോലിസ് അനുവദിച്ചില്ലെന്ന യുവതിയുടെ പ്രതികരണത്തോടെ സംഭവത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.

X




പത്തനംതിട്ട: ശ്രീലങ്കന്‍ യുവതിയായ ശശികല ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍. യുവതി എത്തുന്ന ദൃശ്യം സര്‍ക്കാര്‍ തന്നെ പുറത്തുവിട്ടു. സോപാനത്തിന്റെ ഇടതുഭാഗത്തു കൂടെ ഗുരുസ്വാമിക്കൊപ്പം യുവതി നടന്നുപോവുന്ന 37 സെക്കന്റുള്ള സിസിടിവി ദൃശ്യമാണ് രാവിലെ പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍, ദര്‍ശനം നടത്താന്‍ പോലിസ് അനുവദിച്ചില്ലെന്ന യുവതിയുടെ പ്രതികരണത്തോടെ സംഭവത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.

യുവതി എത്തിയതിനു സ്ഥിരീകരണം ലഭിച്ചിട്ടില്ലാത്തതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് തന്ത്രിയും പ്രതികരിച്ചു. സ്ഥിരീകരണം ലഭിച്ചാല്‍ നടപടികളിലേക്ക് നീങ്ങുമെന്നും എപ്പോഴുമിങ്ങനെ നട അടയ്ക്കാനാവില്ലെന്നും തന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം രാത്രി പമ്പയിലെ പോലിസ് കണ്‍ട്രോള്‍ റൂമിലെത്തിയ യുവതി തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പോലിസിനു നല്‍കിയിരുന്നു. 47 വയസ്സുള്ള തന്റെ ഗര്‍ഭപാത്രം നീക്കിയതിനാല്‍ ആചാരലംഘനം ആവില്ലെന്നും ഗര്‍ഭപാത്രം നീക്കിയവര്‍ക്ക് മുന്‍കാലങ്ങളില്‍ അവസരം നല്‍കിയിട്ടുണ്ടെന്നും യുവതി അറിയിച്ചു. ഇതേത്തുടര്‍ന്ന് രണ്ടുപോലിസുകാര്‍ക്കൊപ്പം നീലിമല വഴിയാണ് യുവതി സന്നിധാനത്തെത്തിയത്. 18ാം പടി കയറി രാത്രി 10.42ന് ദര്‍ശനം നടത്തിയ ശേഷം സോപാനം വഴി ഹരിവരാസനവും കേട്ട് രാത്രി 11ഓടെ ശശികല മടങ്ങിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. 47 വയസ്സുള്ള യുവതിയാണെങ്കിലും ഗര്‍ഭപാത്രം നീക്കിയതിനാല്‍ ആചാരലംഘനം ഉണ്ടോയെന്ന് തീരുമാനിക്കേണ്ടത് തന്ത്രിയാണ്.

അതേസമയം, ശശികല ദര്‍ശനം നടത്തിയില്ലെന്നും പ്രതിഷേധത്തെ തുടര്‍ന്ന് പോലിസ് മടക്കി അയച്ചെന്നും നേരത്തെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഇവര്‍ സന്നിധാനത്ത് എത്തിയത് സ്ഥിരികരിച്ച് സര്‍ക്കാര്‍ തന്നെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.



Next Story

RELATED STORIES

Share it